വേദനാജനകമായ 10 ദിനങ്ങള്‍; അന്തര്‍ സംസ്ഥാന തൊഴിലാളി നടന്നത് 1,250 കിലോമീറ്റര്‍

Update: 2020-05-31 13:02 GMT
ബെംഗളൂരു: കൊവിഡ് 19 എന്ന മഹാമാരിയെ നേരിടാന്‍ രാജ്യം സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയപ്പോള്‍ ഏറ്റവും കൂടുതല്‍ ബലിയാടാക്കപ്പെട്ടത് നിസ്സഹായരായ കൂറേ അന്തര്‍ സംസ്ഥാന തൊഴിലാളികളാണ്. ഓരോ ദിവസങ്ങള്‍ കൂടുന്തോറും അങ്ങേയറ്റം മോശമായ പരിതസ്ഥിതികളാല്‍ ശ്വാസംമുട്ടുകയാണ് അന്തര്‍ സംസ്ഥാന തൊഴിലാളികള്‍. റോഡിലൂടെ 10 ദിവസങ്ങളായി 1,250 കിലോമീറ്ററോളം സഞ്ചരിക്കുകയാണ് 26 കാരനായ രാജേഷ് ചൗഹാന്‍ എന്ന അന്തര്‍ സംസ്ഥാന തൊഴിലാളി. 'എന്റെ ജീവിതത്തിലൂടെയുള്ള ഈ യാത്ര എനിക്ക് മറക്കാനാവില്ല. ഇത് എല്ലായ്‌പോഴും സങ്കടവും ഉത്കണ്ഠയുടെയും ഓര്‍മകള്‍ വഹിക്കുന്നതാണ്'-ചൗഹാന്‍ പറയുന്നു. നിര്‍മാണ മേഖലയില്‍ കല്‍പണിക്കാരനായി ജോലി ചെയ്യാന്‍ ചൗഹാന്‍ കഴിഞ്ഞ ഡിസംബറിലാണ് ബെംഗളൂരുവിലേക്ക് പോയത്. ഇതൊരു ചൗഹാന്റെ മാത്രം അനുഭവമല്ല. സമാന സ്ഥിതിയിലുള്ള ആയിരക്കണക്കിനാളുകളെയാണ് രാജ്യത്തെങ്ങും കാണാന്‍ കഴിയുന്നത്.

    കഴിഞ്ഞ ദിവസങ്ങളില്‍ അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്കായി റെയില്‍വേ നടത്തുന്ന ശ്രമിക്ക് ട്രെയിനുകളില്‍ 80 പേരാണ് മരിച്ചത്. മെയ് ഒമ്പതുമുതല്‍ 27 വരെയുള്ള കണക്കുകള്‍ അനുസരിച്ച് 3840 ട്രെയിനുകളാണ്, രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ സര്‍വീസ് നടത്തിയത്. ഇതിനിടയിലാണ് ഇത്രയും മരണം സംഭവിച്ചത്. മിക്ക ട്രെയിനുകളിലും വെള്ളവും ഭക്ഷണവുമില്ലാത്തതാണ് യാത്രക്കാരെ വലയ്ക്കുന്നത്. ട്രെയിനില്‍ നടക്കുന്ന മരണങ്ങള്‍ മാത്രമല്ല, റോഡ് അപകട മരണങ്ങളുടെ വലിയൊരു നിര തന്നെ കഴിഞ്ഞ ദിവസങ്ങളില്‍ നടന്നു. മെയ് 18ന് കുടിയേറ്റ തൊഴിലാളികളായ മൂന്ന് സ്ത്രീകള്‍ റോഡപകടത്തല്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ മഹോബയില്‍ ട്രക്കിന്റെ ടയര്‍ പൊട്ടി നിയന്ത്രണംവിട്ട് മറിഞ്ഞ് 12 പേര്‍ക്ക് പരിക്കേറ്റിരുന്നു.

    ട്രെയിനുകളില്‍ യാത്രക്കാര്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍ ചൂട്, ക്ഷീണം, വിശപ്പ് എന്നിവയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ ഇത്തരത്തില്‍ ഭക്ഷണവും വെള്ളവും ലഭിക്കാതെ നിരവധി പേര്‍ക്കാണ് ജീവന്‍ നഷ്ടമായതെന്ന് റെയില്‍വേ അധികൃതര്‍ പറയുന്നു. ഈയടുത്ത ദിവസങ്ങളില്‍ ഒമ്പതോളം പേരാണ് ട്രെയിനുകളില്‍ മരണപ്പെട്ടത്. എന്നാല്‍, ഇവരെ ഏറെനാളായി സുഖമില്ലാതിരുന്നവരെന്ന കണക്കിലാണ് റെയില്‍വേ മന്ത്രാലയം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവര്‍ ചികില്‍സാര്‍ഥം മറ്റു സംസ്ഥാനങ്ങളിലേക്ക് പോയതാണെന്നാണ് മന്ത്രാലയത്തിന്റെ വാദം. ലോക്ക്ഡൗണിനു ശേഷം സ്വന്തം നാട്ടിലേക്കുള്ള തൊഴിലാളികളുടെ കൂട്ടപ്പലായനത്തിന് എല്ലാവരും കാഴ്ചക്കാരായി. വാഹനങ്ങള്‍ ലഭിക്കാതെ നടക്കാന്‍ ശ്രമിച്ച പലരും വഴിയില്‍ കുഴഞ്ഞുവീണ് മരിച്ചു. മരിച്ചവരെ കുറിച്ചോ അവരുടെ എണ്ണത്തെക്കുറിച്ചോ ഇപ്പോഴും വ്യക്തതയില്ല.

    ചില പോലിസുകാര്‍ ട്രക്കുകള്‍ പരിശോധിക്കുന്നതിനിടയില്‍ ഫീസ് ആവശ്യപ്പെടുന്നതായും ചൗഹാന്‍ പറഞ്ഞു. റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിനിനായി കാത്തുനില്‍ക്കുമ്പോഴും കാണികളെ മായ്ച്ചുകളയാന്‍ പോലിസ് ബാറ്റണ്‍ ഉപയോഗിക്കുകയും പലതവണ മര്‍ദ്ദിച്ചതായും ചൗഹാന്‍ സിഎന്‍എന്നിനോട് പറഞ്ഞു. ഒരു പോലിസ് സ്‌റ്റേഷനു പുറത്ത് ടിക്കറ്റെടുക്കാന്‍ വേണ്ടി അഞ്ച് ദിവസം ചെലവഴിച്ച ചൗഹാന്‍ ടിക്കറ്റ് ലഭിക്കാതെയാണ് നടക്കാന്‍ തീരുമാനിച്ചത്. ''എന്റെ പിതാവ് കടുത്ത പ്രമേഹ രോഗിയാണ്, ഞങ്ങള്‍ പണമില്ലാതെ വീട്ടിലേക്ക് നടക്കുകയാണെന്ന് അറിഞ്ഞാല്‍ അത് ഞങ്ങളുടെ അമ്മയെയും ബാധിക്കും''-ചൗഹാന്‍ പറയുന്നു. ''ഞങ്ങള്‍ മടങ്ങിവരുന്നതുവരെ അവര്‍ കരയും. ഞങ്ങള്‍ എല്ലാവരും ട്രെയിനിനു വേണ്ടി കാത്തിരിക്കുകയാണെന്ന് കുടുംബത്തോട് കള്ളം പറയുകയായിരുന്നുവെന്നും ചൗഹാന്‍ പറഞ്ഞു. ചൗഹാനെ പോലെ ഓരോ കുടിയേറ്റ തൊഴിലാളികളള്‍ക്കും കാണും ഇതുപോലെ കൂട്ട പലായനത്തിനിടെ ദാരുണാനുഭവങ്ങള്‍.

Tags:    

Similar News