സിഎഎ വിരുദ്ധ സമരക്കാര്‍ക്കെതിരേ പകര്‍ച്ചവ്യാധി നിയമം ചുമത്തി യുപി സര്‍ക്കാര്‍

മാര്‍ച്ച് 23ന് ഉത്തര്‍പ്രദേശ് പോലിസ് അറസ്റ്റ് ചെയ്ത ഡോ. ആശിഷ് മിത്തലിനെതിരേ യുപി സര്‍ക്കാര്‍ പകര്‍ച്ചവ്യാധി നിയമം ചുമത്തി

Update: 2020-03-28 13:38 GMT

ന്യൂഡല്‍ഹി: സിഎഎ വിരുദ്ധ സമരക്കാരെ അറസ്റ്റ് ചെയ്യാന്‍ യുപിയിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പകര്‍ച്ചവ്യാധി നിയമം ദുരുപയോഗം ചെയ്യുന്നു. കൊറോണ പകര്‍ച്ചവ്യാധി തടയാന്‍ സര്‍ക്കാര്‍ നിദേശങ്ങളെ മുഖവിലയ്‌ക്കെടുക്കാനും സര്‍ക്കാറില്‍ പൂര്‍ണ വിശ്വാസം അര്‍പ്പിക്കാനും നിര്‍ബന്ധിതമാവുന്ന സമയത്താണ് ഉത്തര്‍പ്രദേശില്‍ നിന്ന് അധികാര ദുര്‍വിനിയോഗം റിപോര്‍ട്ട് ചെയ്യപ്പെട്ടത്. മാര്‍ച്ച് 23ന് ഉത്തര്‍പ്രദേശ് പോലിസ് അറസ്റ്റ് ചെയ്ത ഡോ. ആശിഷ് മിത്തലിനെതിരേ യുപി സര്‍ക്കാര്‍ പകര്‍ച്ചവ്യാധി നിയമം ചുമത്തി.

    വനിതകളുടെ നേതൃത്വത്തിലുള്ള പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തെ അനുകൂലിക്കുന്ന നിരവധി പേരില്‍ ഒരാളായിരുന്നു ഡോ. ആശിഷ് മിത്തല്‍. പ്രയാഗ് രാജിലെ മന്‍സൂര്‍ പാര്‍ക്ക് പ്രദേശത്ത് ധര്‍ണ നടത്തുന്നവരെ ഇദ്ദേഹം അനുകൂലിച്ചിരുന്നു. സമരം നിര്‍ത്താന്‍ സംസ്ഥാന പോലിസില്‍ നിന്ന് മുന്നറിയിപ്പ് ലഭിച്ചിരുന്നു. എന്നാല്‍, നിയമപരമായ മുന്ഡകരുതലുകള്‍ സ്വീകരിച്ചു നടത്തിയ സമരം ലോക്ക് ഡൗണിന്റെ പേരുപറഞ്ഞ് ആദിത്യനാഥ് സര്‍ക്കാര്‍ ഒഴിപ്പിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

    രണ്ട് ദിവസത്തിനു ശേഷം അലഹബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡോ. ആശിഷ് മിത്തലിനും മറ്റൊരു പ്രവര്‍ത്തകനായ ഉമര്‍ ഖാലിദിനുമെതിരേ ഉത്തര്‍പ്രദേശ് പോലിസ് 1897ലെ പകര്‍ച്ചവ്യാധി നിയമം ചുമത്തിയിരിക്കുകയാണ്. ഇരുവരും ഇപ്പോഴും പോലിസ് കസ്റ്റഡിയിലാണ്. ന്യൂഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍(എയിംസ്) നിന്ന് ബിരുദം നേടിയ ആശിഷ് മിത്തല്‍ അഖിലേന്ത്യാ കിസാന്‍ മസ്ദൂര്‍ സഭയുടെ(എ.ഐ.കെ.എം.എസ്) ജനറല്‍ സെക്രട്ടറിയാണ്.

    സിഎഎ വിരുദ്ധ സമരത്തിനെതിരേ മാര്‍ച്ച് 23ന് 'സ്ത്രീകളുടെ ധര്‍ണ ഉടന്‍ നിര്‍ത്തണമെന്നും സര്‍ക്കാരുമായി പൂര്‍ണമായും സഹകരിക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാ ഭരണകൂടം അദ്ദേഹത്തിന് നോട്ടീസ് നല്‍കിയിരുന്നു. ബ്രിട്ടീഷ് കോളോണിയല്‍ ഭരണകാലത്തെ നിയമമാണ് അദ്ദേഹത്തിനും അനുയായികള്‍ക്കും മേല്‍ അടിച്ചേല്‍പിച്ചിരിക്കുന്നത്. ഡോ. ആശിഷ് മിത്തലിന്റെ ഭാര്യ ഡോ. മാധവിയുടെ ക്ലിനിക്കില്‍ പോലിസ് നേരത്തെ റെയ്ഡ് നടത്തിയിരുന്നു. ഡല്‍ഹി ശാഹീന്‍ ബാഗ് സമരത്തെയും ജാമിഅ മില്ലിയ്യയിലെ സമരങ്ങളെയും കൊറോണ ജാഗ്രതയുടെ മറപിടിച്ച് ഇല്ലാതാക്കാനാണ് സര്‍ക്കാരുകള്‍ ശ്രമിച്ചത്.


Tags: