ഇസ്‌ലാമിക മതപ്രബോധകര്‍ക്കെതിരേ ഒരാള്‍ പോലും പരാതിപ്പെട്ടിട്ടില്ല; 1000 പേരെ നിര്‍ബന്ധിച്ച് 'മതംമാറ്റി'യെന്ന യുപി പോലിസിന്റെ കെട്ടുകഥ പൊളിയുന്നു

ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പുതുതായി കൊണ്ടുവന്ന മതപരിവര്‍ത്തന വിരുദ്ധ നിയമം 'ലൗ ജിഹാദ് നിയമം' അനുസരിച്ച് ഈ വിഷയത്തില്‍ ആരെയെങ്കിലും അറസ്റ്റുചെയ്യാന്‍ ഇരയുടെ പരാതി പോലിസിന് ആവശ്യമില്ലെന്ന് സുപ്രിംകോടതി അഭിഭാഷകന്‍ ഖാലിദ് അക്തര്‍ വ്യക്തമാക്കി.

Update: 2021-06-28 06:18 GMT

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ കള്ളക്കേസ് ചുമത്തി അറസ്റ്റുചെയ്ത ഇസ്‌ലാമിക മതപ്രബോധകര്‍ ആയിരം പേരെ നിര്‍ബന്ധിച്ച് ഇസ്‌ലാമിലേയ്ക്ക് 'മതംമാറ്റി'യെന്ന പോലിസിന്റെ കെട്ടുകഥ പൊളിയുന്നു. ദിവസങ്ങള്‍ക്ക് മുമ്പാണ് ഇസ്‌ലാമിക പ്രബോധകരായ ഉമര്‍ ഗൗതമിനെയും സഹായി മുഫ്തി ജഹാംഗീര്‍ ഖാസിമിയെയും നിയമവിരുദ്ധമായി മതപരിവര്‍ത്തനം നടത്തിയെന്നാരോപിച്ച് ഉത്തര്‍പ്രദേശ് ഭീകര വിരുദ്ധസേന അറസ്റ്റുചെയ്ത് ജയിലിലടച്ചത്. എന്നാല്‍, 'നിര്‍ബന്ധിച്ച് മതംമാറ്റ' ത്തിന് ഇരയായെന്ന് പോലിസ് പറയുന്ന ആയിരം പേരില്‍ ഒരാള്‍പോലും അറസ്റ്റിലായ ഇസ്‌ലാമിക പ്രബോധകര്‍ക്കെതിരേ ഇതുവരെയായും ഒരു പരാതി പോലും പോലിസിനോടോ മാധ്യമങ്ങളോടോ പറഞ്ഞിട്ടില്ല.

ഹിന്ദു മതത്തില്‍നിന്ന് ഇസ്‌ലാമിലേക്ക് വന്നവരാവട്ടെ തങ്ങളെ ആരും നിര്‍ബന്ധിച്ച് മതംമാറ്റിയതല്ലെന്നും സ്വമേധയാ മതംമാറിയതാണെന്നും പരസ്യമായി മാധ്യമങ്ങളിലൂടെ വ്യക്തമാക്കുകയും ചെയ്തിരിക്കുകയാണ്. ഇതോടെ മതപ്രബോധകര്‍ക്കെതിരായ കേസ് പോലിസ് കെട്ടിച്ചമച്ചതാണെന്ന് വ്യക്തമാവുകയാണ്. 35 വര്‍ഷത്തിനിടെ ഉമര്‍ ഗൗതമിനെതിരേ ഇതുസംബന്ധിച്ച് ഒരു പരാതി പോലുമുണ്ടായിട്ടില്ലെന്ന് തെളിവുകള്‍ നിരത്തി മുസ്‌ലിം മിറര്‍ റിപോര്‍ട്ട് ചെയ്യുന്നു. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പുതുതായി കൊണ്ടുവന്ന മതപരിവര്‍ത്തന വിരുദ്ധ നിയമം 'ലൗ ജിഹാദ് നിയമം' അനുസരിച്ച് ഈ വിഷയത്തില്‍ ആരെയെങ്കിലും അറസ്റ്റുചെയ്യാന്‍ ഇരയുടെ പരാതി പോലിസിന് ആവശ്യമില്ലെന്ന് സുപ്രിംകോടതി അഭിഭാഷകന്‍ ഖാലിദ് അക്തര്‍ വ്യക്തമാക്കി.

തെളിവില്ലെങ്കിലും ആരെയും അറസ്റ്റുചെയ്യാം. നിരപരാധിയാണെന്ന് തെളിയിക്കേണ്ടത് ആരോപണവിധേയരുടെ ഉത്തരവാദിത്തമാണ്. ഇതിന്റെ മറപിടിച്ചാണ് ഉത്തര്‍പ്രദേശ് പോലിസിന് ലൗ ജിഹാദ് നിയമത്തില്‍ കുടുക്കി നിരപരാധികളെ ജയിലില്‍ അടച്ചുകൊണ്ടിരിക്കുന്നത്. ഉമര്‍ ഗൗതം, ജഹാംഗീര്‍ എന്നിവര്‍ക്കെതിരായ പോലിസ് അന്വേഷണവുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‌നങ്ങളാണ് ഉയര്‍ന്നുവന്നത്. ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് അനുസരിച്ച്, യുപി പോലിസിന്റെ ഒരുസംഘം ജൂണ്‍ 23ന് യുപി സഹാറന്‍പൂര്‍ ജില്ലയിലെ ഷിത്‌ല ഖേഡ ഗ്രാമത്തില്‍ 'അബ്ദുല്‍ സമദ്' എന്നയാളെ കണ്ടെത്താനായി പോയി. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഇരയായ ആയിരം പേരുടെ പട്ടികയില്‍ പേരുണ്ടായിരുന്നയാളാണ് അബ്ദുല്‍ സമദ്.

എന്നാല്‍, അന്വേഷിച്ചെത്തിയപ്പോള്‍ ഇയാള്‍ പ്രധാനമന്ത്രി മോദിയെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും കുറിച്ച് പുസ്തകമെഴുതിയ ഹിന്ദുത്വവാദിയാണെന്നും ഇയാള്‍ ഇസ്‌ലാം സ്വീകരിച്ചിട്ടില്ലെന്നും കണ്ടെത്തി. ഇയാളുടെ യഥാര്‍ഥ പേര് പ്രവീണ്‍ കുമാര്‍ എന്നാണെന്ന് തിരിച്ചറിഞ്ഞു. മതപരിവര്‍ത്തനം നടത്തിയവരുടെ പട്ടികയില്‍ തന്റെ പേരുണ്ടെന്ന് ഇയാള്‍ക്ക് അറിയാമായിരുന്നു എന്നതാണ് ഞെട്ടിപ്പിക്കുന്നത്. ഗാസിയാബാദിലെ മസൂരി പോലിസ് സ്റ്റേഷനില്‍ ഫയല്‍ ചെയ്ത കേസ് അന്വേഷിക്കുന്നതിനിടെയാണ് 'മതപരിവര്‍ത്തന റാക്കറ്റിനെ' കണ്ടെത്തിയതെന്ന് യുപി പോലിസിന്റെ അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ പ്രശാന്ത് കുമാര്‍ പറഞ്ഞത്. തങ്ങളുടെ വ്യക്തിത്വം മറച്ചുവച്ച് ഗാസിയാബാദിലെ ദസ്‌ന ക്ഷേത്രത്തില്‍ കയറാന്‍ ശ്രമിച്ചെന്നാരോപിച്ച് മുഹമ്മദ് റംസാന്‍ എന്ന അപുല്‍ വിജയവാര്‍ഗിയയ്ക്കും സഹോദരന്‍ മുഹമ്മദ് കാശിഫിനുമെതിരേ ജൂണ്‍ 4നാണ് കേസ് ഫയല്‍ ചെയ്തത്.

ക്ഷേത്രപൂജാരിയായ യതി നര്‍സിങ്ങാനന്ദ് സരസ്വതിയെ വധിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇവര്‍ അകത്തുകടന്നതെന്നും പ്രശാന്ത് കുമാര്‍ ആരോപിച്ചു. ഇവരെക്കുറിച്ചുള്ള അന്വേഷണമാണ് എടിഎസിനെ ഉമര്‍ ഗൗതമിലേക്ക് നയിച്ചതെന്നും ആയിരത്തോളം ഹിന്ദുക്കളുടെ 'നിര്‍ബന്ധിത മതപരിവര്‍ത്തന' ത്തില്‍ പങ്കുണ്ടെന്നും വ്യക്തമായതെന്നും പോലിസ് പറയുന്നു. എന്നാല്‍, മതം മാറിയ മുസ്‌ലിംകളും ഹിന്ദുക്കളും പോലിസിന്റെ ആരോപണത്തെ തള്ളി രംഗത്തുവന്നു. ഉമര്‍ ഗൗതമിനെ ക്രിമിനല്‍വല്‍ക്കരിക്കുന്നതിനെതിരേ ഇന്ത്യന്‍ മാധ്യമങ്ങളും ശക്തമായ ആശങ്ക ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്. 2013 മുതല്‍ ഉമര്‍ ഗൗതവുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കിലും തന്നെ മതംമാറ്റാന്‍ ഒരിക്കലും സമ്മര്‍ദം ചെലുത്തിയിട്ടില്ലെന്ന് മുഹമ്മദ് സൂഫിയാന്‍ എന്ന സൗരഭ് ദത്ത് ശര്‍മ വെളിപ്പെടുത്തി.

മാധ്യമങ്ങള്‍ അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നത് ശരിയല്ല. അത് നമ്മുടെ രാജ്യത്തിന് ഗുണകരമല്ല. ഇത് രാജ്യത്തെ സാമൂഹിക ഐക്യത്തെ തകര്‍ക്കും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്‌ലാം യഥാര്‍ഥ മതമാണെന്ന് വ്യക്തമായശേഷമാണ് താന്‍ മൗലാന ഗൗതമിനെ കാണുന്നതെന്ന് മതം മാറി മുസ്‌ലിമായ മറ്റൊരു വ്യക്തി വിനേഷ് പറയുന്നു.

മതപരിവര്‍ത്തനം ചെയ്യാന്‍ അദ്ദേഹം എന്നോട് ആവശ്യപ്പെട്ടില്ല. പകരം അദ്ദേഹം കുറച്ച് പുസ്തകങ്ങള്‍ നല്‍കി കൂടുതല്‍ പഠിക്കാന്‍ ആവശ്യപ്പെട്ടു. ഇസ്‌ലാമിനെക്കുറിച്ച് പഠിച്ച് പൂര്‍ണമായും സംതൃപ്തനായെങ്കില്‍ മാത്രം തിരിച്ചുവരാനാണ് അദ്ദേഹം എന്നോട് ആവശ്യപ്പെട്ടത്- വിനേഷ് പറഞ്ഞു. ശര്‍മയെയും ദിനേശിനെയും പോലെ മറ്റ് നിരവധി അമുസ്‌ലിംകളും മതപരിവര്‍ത്തനം ചെയ്ത മുസ്‌ലിംകളും ഗൗതമുമായുള്ള തങ്ങളുടെ അനുഭവത്തെക്കുറിച്ച് സംസാരിച്ചു. അവരുടെ വീഡിയോ ബൈറ്റുകള്‍ മുസ്‌ലിം മിറര്‍, മില്ലത്ത് ടൈംസ്, മക്തൂബ് മീഡിയ തുടങ്ങിയവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇസ്‌ലാമിന്റെ യഥാര്‍ഥ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിലും മതത്തെക്കുറിച്ചുള്ള അവരുടെ തെറ്റിദ്ധാരണകള്‍ നീക്കാന്‍ ആളുകളെ സഹായിക്കുന്നതിലുമാണ് മൗലാന ഗൗതമും അദ്ദേഹത്തിന്റെ സംഘടനയായ ഇസ്‌ലാമിക് ദഅ്‌വാ സെന്ററും ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്ന് ശര്‍മ വിശദീകരിക്കുന്നു. മതം മാറിയവര്‍ക്ക് നിയമപരമായ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാനും ഐഡിസി സഹായിച്ചു. ഏത് മതംം തിരഞ്ഞെടുക്കാനോ ഉപേക്ഷിക്കാനും ആളുകളെ അനുവദിക്കുന്ന ഭരണഘടനയുടെ പ്രസക്തമായ വ്യവസ്ഥകള്‍ പ്രകാരമാണ് പരിവര്‍ത്തന സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആളുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന് മതപരിവര്‍ത്തനം നടത്താന്‍ തന്റെ സംഘടനയ്ക്ക് താല്‍പ്പര്യമില്ലെന്ന് ഗൗതം പറയുന്നത് അഞ്ചുവര്‍ഷം മുമ്പുള്ള ഒരു വീഡിയോയില്‍ കേള്‍ക്കാം. ആളുകളുടെ തെറ്റിദ്ധാരണ നീക്കം ചെയ്യുകയും ശരിയായ വിവരങ്ങള്‍ നല്‍കുകയും ചെയ്യുക എന്നതാണ് അവരുടെ ലക്ഷ്യം. തീരുമാനം അവരുടെ കൈയിലാണ്- അദ്ദേഹം പറയുന്നു.

Tags: