തൃശൂര്‍: പ്രമുഖ ഓട്ടന്‍തുള്ളല്‍ കലാകാരി കലാമണ്ഡലം ദേവകി അന്തരിച്ചു. 75 വയസ്സായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം. തൃശൂര്‍ എരുമപ്പെട്ടി നെല്ലുവായ് സ്വദേശിനിയാണ്. കലാമണ്ഡലത്തിലെ ആദ്യത്തെ ഓട്ടന്‍തുള്ളല്‍ വിദ്യാര്‍ഥിനിയാണ്. നെല്ലുവായ് വടുതല വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. വിദേശ വേദികളില്‍ ഓട്ടന്‍തുള്ളലിന്റെ കച്ചമണിയണിഞ്ഞ ആദ്യ വനിതയാണ്. 1997 ല്‍ കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം, 1999 ല്‍ കുഞ്ചന്‍ സ്മാരക പുരസ്‌കാരം, കലാമണ്ഡലം പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പുരസ്‌കാരം ലഭിച്ചു. തുള്ളലിനൊപ്പം ക്ലാസിക്കല്‍ നൃത്തവും കുച്ചിപ്പുടിയും കഥകളിയും അവതരിപ്പിച്ചിരുന്നു. മദ്ദളം കലാകാരനും കലാമണ്ഡലത്തിലെ മദ്ദളവിഭാഗം മുന്‍ പ്രഥമാധ്യാപകനുമായ കലാമണ്ഡലം നാരായണന്‍ നായരാണ് ഭര്‍ത്താവ്. കോട്ടയ്ക്കല്‍ പിഎസ്‌വി നാട്യസംഘത്തിലെ കഥകളി നടനും ഭാഗവതരുമായിരുന്ന കടമ്പൂര്‍ ദാമോദരന്‍ നായരുടെയും വടുതല നാരായണിയമ്മയുടെയും മകളായി 1948ല്‍ തൃശൂര്‍ നെല്ലുവായ് ഗ്രാമത്തിലാണ് ജനനം. നെല്ലുവായില്‍ ധന്വന്തരി കലാക്ഷേത്രം എന്ന സ്വന്തം നൃത്തസ്ഥാപനം സ്ഥാപിച്ചു. കുന്നംകുളത്ത് ബഥനി സെന്റ് ജോണ്‍സ് സ്‌കൂളിലെ നൃത്താധ്യാപികയായും പ്രവര്‍ത്തിച്ചു.