അരുണാചല്‍ പ്രദേശില്‍ ഹോട്ടലുകളില്‍ ബീഫ് എന്ന വാക്ക് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട് ഉത്തരവ്

ഉത്തരവ് പാലിക്കാത്ത പക്ഷം, 2000 രൂപ പിഴയും ഹോട്ടല്‍, റസ്‌റ്റോറന്റ് ലൈസന്‍സ് റദ്ദാക്കലും ആരംഭിക്കുമെന്ന് ഔദ്യോഗിക ഉത്തരവില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്

Update: 2022-07-14 18:40 GMT

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശിലെ നഹര്‍ലഗൂണില്‍ വിവാദ ഉത്തരവുമായി അധികൃതര്‍. ഹോട്ടലുകളില്‍ ബീഫ് എന്ന വാക്ക് പ്രദര്‍ശിപ്പിക്കരുതെന്ന് നഹഗര്‍ലൂണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ഉത്തരവിറക്കി.

നഹര്‍ലഗൂണ്‍ സബ് ഡിവിഷന്റെ ഭരണപരിധിക്കുള്ളില്‍ 'ബീഫ്' എന്ന് എഴുതിയ നിരവധി ഹോട്ടലുകളും റെസ്‌റ്റോറന്റുകളും കൂണുപോലെ വളരുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ജില്ലാ ഭരണകൂടം നമ്മുടെ ഇന്ത്യന്‍ ഭരണഘടനയുടെ 'മതേതര' മനോഭാവത്തില്‍ വിശ്വസിക്കുന്നു, എന്നാല്‍ അത്തരം ഹോട്ടലുകളുടെയും റെസ്‌റ്റോറന്റുകളുടെയും സൈന്‍ ബോര്‍ഡുകളില്‍ ബീഫ് എന്ന വാക്ക് തുറന്ന് കാണിക്കുന്നത് സമൂഹത്തിലെ ചില വിഭാഗങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുകയും വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത സൃഷ്ടിക്കുകയും ചെയ്യുമെന്ന് ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.

അതിനാല്‍, സമൂഹത്തില്‍ സമാധാനം നിലനിര്‍ത്തുന്നതിനും സമുദായത്തിനുള്ളില്‍ മതേതരത്വത്തിന്റെയും സാഹോദര്യത്തിന്റെയും ചൈതന്യം നിലനിര്‍ത്തുന്നതിനും, നഹര്‍ലഗൂണ്‍ സബ് ഡിവിഷനിലെ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് ശ്രീ തമോ ദാദ, ബീഫ് എന്ന വാക്ക് എഴുതിയ അത്തരം എല്ലാ ഹോട്ടലുകള്‍ക്കും റസ്‌റ്റോറന്റുകള്‍ക്കും ഇതിനാല്‍ ആ വാക്ക് നീക്കംചെയ്യാന്‍ നിര്‍ദേശം നല്‍കുന്നുവെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.

ഉത്തരവ് പാലിക്കാത്ത പക്ഷം, 2000 രൂപ പിഴയും ഹോട്ടല്‍, റസ്‌റ്റോറന്റ് ലൈസന്‍സ് റദ്ദാക്കലും ആരംഭിക്കുമെന്ന് ഔദ്യോഗിക ഉത്തരവില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.