വഖ്ഫ് നിയമ ഭേദഗതി ബില്ല്: ജെപിസിയുടെ രണ്ടാമത്തെ യോഗവും അലസി

യോഗത്തില്‍ എഎപിയുടെ രാജ്യസഭാ എംപി സഞ്ജയ് സിങ് സര്‍ക്കാര്‍ ഭരണഘടനയെ അവഗണിക്കുകയാണെന്ന് ശക്തമായി വാദിച്ചു. വഖ്ഫ് സ്വത്തുക്കളുമായി ബന്ധപ്പെട്ട നിരവധി തെറ്റായ വിവരങ്ങള്‍ ഒഴിവാക്കണമെന്ന് ജെപിസി അംഗമായ കോണ്‍ഗ്രസ് എംപി നസീര്‍ ഹുസയ്ന്‍ പറഞ്ഞു.

Update: 2024-08-30 15:48 GMT

ന്യൂഡല്‍ഹി: വഖ്ഫ് ബോര്‍ഡ് നിയമ ഭേദഗതി ചെയ്തുകൊണ്ടുള്ള ബില്ലിന്‍മേലുള്ള സംയുക്ത പാര്‍ലമെന്ററി സമിതിയുടെ രണ്ടാമത്തെ യോഗവും അലസിപ്പിരിഞ്ഞു. വെള്ളിയാഴ്ച ചേര്‍ന്ന യോഗത്തില്‍ ഭരണകക്ഷി എംപിമാരുമായുള്ള വാക്കുതര്‍ക്കത്തെ തുടര്‍ന്ന് പ്രതിപക്ഷ അംഗങ്ങള്‍ വാക്കൗട്ട് നടത്തുകയായിരുന്നു.

    യോഗത്തില്‍ എഎപിയുടെ രാജ്യസഭാ എംപി സഞ്ജയ് സിങ് സര്‍ക്കാര്‍ ഭരണഘടനയെ അവഗണിക്കുകയാണെന്ന് ശക്തമായി വാദിച്ചു. വഖ്ഫ് സ്വത്തുക്കളുമായി ബന്ധപ്പെട്ട നിരവധി തെറ്റായ വിവരങ്ങള്‍ ഒഴിവാക്കണമെന്ന് ജെപിസി അംഗമായ കോണ്‍ഗ്രസ് എംപി നസീര്‍ ഹുസയ്ന്‍ പറഞ്ഞു. മുസ് ലിം സമുദായത്തിന്റെ പ്രതിച്ഛായ മോശമാക്കാന്‍ വഖ്ഫ് ബോര്‍ഡിനെക്കുറിച്ച് നിരവധി തെറ്റിദ്ധാരണകള്‍ പ്രചരിപ്പിച്ചിട്ടുണ്ട്. ഈ ബില്ല് മുഴുവന്‍ തെറ്റായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. വഖ്ഫ് ബോര്‍ഡുകള്‍ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വസ്തുവകകളാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ വഖ്ഫ് ബോര്‍ഡിന് സ്വത്ത് കൈവശം വയ്ക്കാനാവില്ല. അവര്‍ക്ക് സംരക്ഷകരാവാന്‍ മാത്രമേ കഴിയൂവെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മുസ് ലിംകളുടെ വഖ്ഫ് സ്വത്തുക്കള്‍ കൈയടക്കുകയെന്ന ലക്ഷ്യത്തോടെയുള്ള വഖ്ഫ് (ഭേദഗതി) ബില്‍ 2024 പാര്‍ലിമെന്റില്‍ അവതരിപ്പിച്ച ശേഷം പ്രതിഷേധത്തെ തുടര്‍ന്നാണ് സംയുക്ത പാര്‍ലിമെന്ററി കമ്മിറ്റിക്ക് വിട്ടത്. ഈ മാസം ആദ്യമാണ് 31 അംഗ കമ്മിറ്റി രൂപീകരിച്ചത്.

    വെള്ളിയാഴ്ച ഓള്‍ ഇന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ(മുംബൈ), ഇന്ത്യന്‍ മുസ്‌ലിംസ് ഫോര്‍ സിവില്‍ റൈറ്റ്‌സ്(ഡല്‍ഹി), ഉത്തര്‍പ്രദേശ് സുന്നി സെന്‍ട്രല്‍ വഖ്ഫ് ബോര്‍ഡ്, രാജസ്ഥാന്‍ ബോര്‍ഡ് ഓഫ് മുസ്‌ലിം വഖ്ഫ് എന്നിവയുടെ പ്രതിനിധികള്‍ ബില്ലിന്മേല്‍ തങ്ങളുടെ പ്രാതിനിധ്യം സമര്‍പ്പിക്കാന്‍ കമ്മിറ്റിക്ക് മുമ്പാകെ ഹാജരായി. സമിതി രൂപീകരിക്കുമ്പോള്‍ വഖ്ഫ് ബോര്‍ഡുകളില്‍ നിന്നുള്ള പ്രതിനിധികളെ ക്ഷണിക്കാന്‍ ഉദ്ദേശിച്ചിരുന്നതായി യോഗത്തിന് മുമ്പ് സമിതി അധ്യക്ഷനായ ബിജെപി എംപി ജഗദാംബിക പാല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 'രാജ്യത്തെ കഴിയുന്നത്ര വഖ്ഫ് ബോര്‍ഡുകള്‍ വിളിക്കാന്‍ ഞങ്ങള്‍ സമ്മതിച്ചിരുന്നു. ഞങ്ങളുടെ ന്യൂനപക്ഷ സംഘടനകളുടെ ഭാഗമായവരെയും ഞങ്ങള്‍ വിളിക്കും. മികച്ച നിയമനിര്‍മാണം നടത്തണമെന്നാണ് സര്‍ക്കാരിന്റെ കാഴ്ചപ്പാടെന്നും അദ്ദേഹം പറഞ്ഞു.

Tags: