പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം;ഇരു സഭകളും ഇന്നത്തേക്ക് പിരിഞ്ഞു

വിലക്ക് മറികടന്ന് പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയതിനെതിരെ ലോക്‌സഭാ സ്പീക്കര്‍ പ്രതിപക്ഷത്തോട് ക്ഷോഭിച്ചു

Update: 2022-07-19 10:10 GMT

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു.വിലക്കയറ്റം അടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ചാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. പ്ലക്കാര്‍ഡുകളുമായി എംപിമാര്‍ സഭയുടെ നടുത്തളത്തിലിറങ്ങിയതോടെ രാജ്യസഭയും ലോക്‌സഭയും ഇന്നത്തേക്ക് പിരിയുകയായിരുന്നു.

അവശ്യ സാധനങ്ങളുടെ വില വര്‍ധന, പാചകവാതക വില അടക്കമുള്ള വിഷയങ്ങളില്‍ അടിയന്തര പ്രമേയത്തിന് പ്രതിപക്ഷ എംപിമാര്‍ നോട്ടിസ് നല്‍കിയിരുന്നു. എന്നാല്‍ സഭ നിര്‍ത്തിവച്ച് വിഷയം ചര്‍ച്ച ചെയ്യാനാകില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കിയതോടെയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.വിലക്ക് മറികടന്ന് പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയതിനെതിരെ ലോക്‌സഭാ സ്പീക്കര്‍ പ്രതിപക്ഷത്തോട് ക്ഷോഭിച്ചു.

രാജ്യസഭയിലും നടപടിക്രമങ്ങള്‍ തുടങ്ങിയപ്പോള്‍ തന്നെ പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തി. വിലക്കയറ്റം, രൂപയുടെ ഇടിവ് അടക്കമുള്ള വിഷയങ്ങളില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചുള്ള പ്ലക്കാര്‍ഡുകളാണ് എംപിമാര്‍ ഉയര്‍ത്തിയത്.ബഹളത്തെ തുടര്‍ന്ന് ലോക്‌സഭയും രാജ്യസഭയും രണ്ട് മണി വരെയാണ് ആദ്യം നിര്‍ത്തിവച്ചത്. സഭ വീണ്ടും ചേര്‍ന്നപ്പോഴും പ്രതിഷേധം തുടര്‍ന്നതോടെ ഇന്നത്തേക്ക് പിരിയുകയായിരുന്നു. രാവിലെ പാര്‍ലമെന്റിന് പുറത്തും പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

Tags:    

Similar News