24 മണിക്കൂറിനിടെ 1377 പേരെ എത്തിച്ചു; കീവില്‍ ഇനി ഇന്ത്യാക്കാരില്ല

Update: 2022-03-02 07:51 GMT

ന്യൂഡല്‍ഹി: യുക്രെയ്‌നില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാനുള്ള രക്ഷാദൗത്യമായ ഓപ്പറേഷന്‍ ഗംഗ അതിവേഗം പുരോഗമിക്കുന്നു. 24 മണിക്കൂറില്‍ 1377 ഇന്ത്യക്കാരെ യുക്രെയ്‌നില്‍ നിന്നും പുറത്ത് എത്തിച്ചതായി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു. അടുത്ത മൂന്ന് ദിവസത്തില്‍ 26 വിമാനങ്ങള്‍കൂടി ഹംഗറി, പോളണ്ട്, റൊമാനിയ , സ്ലൊവാക്യ എന്നീ രാജ്യങ്ങളിലേക്ക് ഇന്ത്യക്കാരെ തിരികെ കൊണ്ടു വരാനായി പോകുന്നുണ്ട്. ഇന്ത്യന്‍ വ്യോമസേനയുടെ സി17 വിമാനം ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി റൊമാനിയയില്‍ എത്തിയിട്ടുണ്ട്.

ഓപ്പറേഷന്‍ ഗംഗ പ്രതീക്ഷിച്ച രീതിയില്‍ പുരോഗിക്കുന്നുണ്ടെന്നും യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ നിന്നും എല്ലാ ഇന്ത്യക്കാരേയും മാറ്റാന്‍ സാധിച്ചതായും വിദേശകാര്യ സെക്രട്ടറി ഹര്‍ഷ വര്‍ധന്‍ ശ്രിഗ്‌ള പറഞ്ഞു. 65 കിലോ മീറ്റര്‍ നീളം വരുന്ന വമ്പന്‍ റഷ്യന്‍ സൈനിക വ്യൂഹം കീവ് ലക്ഷ്യമാക്കി യാത്ര ആരംഭിച്ചതോടെയാണ് കീവില്‍ നിന്നും എല്ലാ പൌരന്‍മാരോടും അടിയന്തരമായി ഒഴിയാന്‍ ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടത്.

അതേസമയം, പോളണ്ടില്‍ നിന്നുള്ള ആദ്യവിമാനം ഇന്ന് രാവിലെ തിരിച്ചെത്തി. പോളണ്ടില്‍ നിന്ന് മൂന്ന് വിമാനങ്ങളിലായി 600 നടുത്ത് ഇന്ത്യക്കാര്‍ ഇന്ന് തിരിക്കും. ഹംഗറിയിലേക്കും റോമാനിയയിലേക്കും ഓരോ വ്യോമസേന വിമാനങ്ങള്‍ പുറപ്പെട്ടു.

Tags:    

Similar News