കേരളത്തിലെ ഒരു വിശ്വാസി പോലും മുഖ്യമന്ത്രിയുടെ വാക്കുകള്‍ വിശ്വസിക്കില്ല: ഉമ്മന്‍ചാണ്ടി

Update: 2021-04-06 06:41 GMT

കോട്ടയം: കേരളത്തിലെ ഒരു വിശ്വാസി പോലും അയ്യപ്പനെ കുറിച്ചുള്ള മുഖ്യമന്ത്രിയുടെ വാക്കുകള്‍ വിശ്വസിക്കില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജനത്തിന് ഉപകാരം ചെയ്യുന്ന എല്‍ഡിഎഫ് സര്‍ക്കാരിന് അയ്യപ്പനും സര്‍വ ദേവഗണങ്ങളും പിന്തുണക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പോളിംഗ് ദിന പ്രസ്താവനക്കെതിരേയാണ് ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം.

മുഖ്യമന്ത്രി ശബരിമലയെ കുറിച്ച് പറഞ്ഞത് ആര് വിശ്വസിക്കാനാണെന്ന് ഉമ്മന്‍ചാണ്ടി ചോദിച്ചു. കേരളത്തിലെ ഒരു വിശ്വാസി പോലും മുഖ്യമന്ത്രിയുടെ വാക്കുകള്‍ വിശ്വസിക്കില്ല. സത്യവാങ്മൂലം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ നിഷേധാത്മക മറുപടിയാണ് നല്‍കിയതെന്ന് ആരും മറക്കില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

തിരഞ്ഞെടുപ്പ് സമയത്ത് ഇത്തരമൊരു നിലപാട് സ്വീകരിച്ചത് അത്ഭുതപ്പെടുത്തി. എന്‍എസ്എസ് എല്ലാ കാലത്തും ശബരിമലയില്‍ ഒരേ നിലപാടാണ് എടുത്തിരുന്നത്. അതിനെ പോലും മുഖ്യമന്ത്രി വിമര്‍ശിക്കുകയാണ് ചെയ്തിരുന്നത്. എല്ലാകാലത്തും എതിര്‍ നിലപാട് എടുത്ത് വോട്ടെടുപ്പ് ദിവസം നിലപാട് മാറ്റിപ്പറയുന്ന മുഖ്യമന്ത്രിക്ക് പരാജയഭീതിയാണെന്നും ഉമ്മന്‍ചാണ്ടി ആഞ്ഞടിച്ചു.

കടകംപള്ളി ഖേദം പ്രകടിപ്പിച്ചപ്പോള്‍ പോലും തിരുത്തിച്ച മുഖ്യമന്ത്രി എന്തിനാണ് ഇപ്പോള്‍ നിലപാട് മാറ്റുന്നത്. ഇതുകൊണ്ടൊന്നും ജനങ്ങള്‍ക്കിടയില്‍ വന്ന അഭിപ്രായം മാറില്ല. ശബരിമലയില്‍ സാധ്യമായ നിയമനടപടികളെല്ലാം യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ സ്വീകരിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. മോദിയുടെ കോണ്‍ഗ്രസ് മുക്ത ഭാരതവും പിണറായിയുടെ ശബരിമല നിലപാടും തെരഞ്ഞെടുപ്പില്‍ തള്ളിക്കളയുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

പതിവ് പോലെ കുടുംബ സമേതം എത്തിയാണ് പുതുപ്പള്ളിയിലെ സ്‌കൂളില്‍ ഉമ്മന്‍ചാണ്ടി വോട്ട് രേഖപ്പെടുത്തിയത്. ഭാര്യ മറിയാമ്മ ഉമ്മന്‍, മക്കളായ മറിയാ, അച്ചു ഉമ്മന്‍ ചാണ്ടി ഉമ്മന്‍ എന്നിവരും ഉമ്മന്‍ചാണ്ടിയോട് ഒപ്പം ഉണ്ടായിരുന്നു.

Tags: