ശബരിമല സ്ത്രീ പ്രവേശം: മലക്കം മറിഞ്ഞ് സര്‍ക്കാര്‍; ദര്‍ശനം നടത്തിയത് രണ്ട് സ്ത്രീകള്‍ മാത്രം

51 യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയെന്നായിരുന്നു സര്‍ക്കാര്‍ ആദ്യം സുപ്രീം കോടതിയെ അറിയിച്ചത്. എന്നാല്‍ രണ്ട് യുവതികള്‍ മാത്രമേ ദര്‍ശനം നടത്തിയുള്ളൂ എന്നാണ് ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസറുടെ റിപ്പോര്‍ട്ടെന്നാണ് ദേവസ്വം മന്ത്രി പറയുന്നത്.

Update: 2019-02-04 11:16 GMT

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ കണക്കുകള്‍ തിരുത്തി സര്‍ക്കാര്‍. സുപ്രീംകോടതി വിധിയെ തുടര്‍ന്ന് പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള രണ്ട് സ്ത്രീകള്‍ മാത്രമാണ് ശബരിമലയില്‍ ദര്‍ശനം നടത്തിയതെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയില്‍ പറഞ്ഞു. ശ്രീലങ്കന്‍ യുവതി ദര്‍ശനം നടത്തിയതിന് സ്ഥിരീകരണമില്ലെന്നും സഭയെ മന്ത്രി രേഖാമൂലം അറിയിച്ചു.

51 യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയെന്നായിരുന്നു സര്‍ക്കാര്‍ ആദ്യം സുപ്രീം കോടതിയെ അറിയിച്ചത്. ഈ ലിസ്റ്റില്‍ പുരുഷന്മാരും ഉള്‍പ്പെട്ടെന്ന് തെളിഞ്ഞതോടെ പട്ടിക പുനപരിശോധിച്ചു. 34 പേരെ ഒഴിവാക്കി 17 പേരുടെ പട്ടിക നല്‍കി. എന്നാല്‍ രണ്ട് യുവതികള്‍ മാത്രമേ ദര്‍ശനം നടത്തിയുള്ളൂ എന്നാണ് ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസറുടെ റിപ്പോര്‍ട്ടെന്നാണ് ദേവസ്വം മന്ത്രി പറയുന്നത്.

ആചാരാനുഷ്ഠാനങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ നടയടച്ച് പരിഹാരക്രിയ നടത്താന്‍ ദേവസ്വം മാന്വല്‍ വ്യവസ്ഥ ചെയ്യുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. അത്തരം സാഹചര്യമുണ്ടായാല്‍ ദേവസ്വം അധികാരികളുമായി കൂടിയാലോചിച്ച് തന്ത്രിക്ക് പരിഹാരക്രിയ നടത്താം. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അധികാരം തന്ത്രിയില്‍ മാത്രം നിക്ഷിപ്തമല്ലെന്നും മന്ത്രി വ്യക്തമാക്കി.

Tags: