സഞ്ചാരികള്‍ക്ക് പുതിയ നിര്‍ദേശവുമായി ലക്‌നോ ജില്ലാ മജിസ്‌ട്രേറ്റ്; ഇമാംബറ സന്ദര്‍ശിക്കുന്നവര്‍ മാന്യമായ വസ്ത്രം ധരിക്കണം
ലക്‌നൗവിലെ ഷിയ സമുദായത്തിന്റെ ആവശ്യം പരിഗണിച്ചാണ് മജിസ്‌ട്രേറ്റായ കൗശല്‍ രാജ് ശര്‍മ്മ ഈ നിര്‍ദേശം പുറപ്പെടുവിച്ചത്.
ലക്‌നോ: ഉത്തര്‍ പ്രദേശ് തലസ്ഥാനമായ ലക്‌നോവിലെ ചരിത്ര സ്മാരകമായ ഇമാംബറ കാണാനെത്തുന്നവരുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് പുതിയ നിര്‍ദേശം പുറപ്പെടുവിച്ച് ജില്ലാ മജിസ്‌ട്രേറ്റ്. ഇമാംബറ സന്ദര്‍ശിക്കുന്നവര്‍ മാന്യമായ വസ്ത്രം ധരിക്കണമെന്നാണ് പുതിയ നിര്‍ദേശത്തിലുള്ളത്. പ്രധാനമായും സ്ത്രീകളെ ഉദ്ദേശിച്ചാണ് നിര്‍ദേശം. ലക്‌നൗവിലെ ഷിയ സമുദായത്തിന്റെ ആവശ്യം പരിഗണിച്ചാണ് മജിസ്‌ട്രേറ്റായ കൗശല്‍ രാജ് ശര്‍മ്മ ഈ നിര്‍ദേശം പുറപ്പെടുവിച്ചത്.
സന്ദര്‍ശകര്‍ ശരീരം മുഴുവനും മറയ്ക്കുന്ന വസ്ത്രങ്ങള്‍ ധരിക്കണം. ഇറക്കം കുറഞ്ഞ വസ്ത്രങ്ങളോ മേല്‍വസ്ത്രങ്ങളോ ധരിക്കുന്നവര്‍ക്ക് ലക്‌നൗവിലെ ചെറിയ ഇമാംബറിലും വലിയ ഇമാംബറിലും പ്രവേശനം അനുവദിക്കുകയില്ലെന്ന് കൗശല്‍ രാജ് ശര്‍മ്മ പറഞ്ഞു.
കൂടാതെ, സ്മാരകത്തില്‍ ഫോട്ടോഗ്രഫിക്കും നിരോധനമുണ്ട്. ഇറക്കം കുറഞ്ഞതും ശരീരം പുറത്ത് കാണുന്ന രീതിയിലുമുള്ള വസ്ത്രങ്ങള്‍ ധരിച്ചും ഇവിടേക്ക് സന്ദര്‍ശകരെത്തുന്നത് വര്‍ധിച്ചതോടെ സഞ്ചാരികളുടെ വസ്ത്ര ധാരണത്തില്‍ നിബന്ധന വേണമെന്ന് ആവശ്യപ്പെട്ട് ഷിയനേതാക്കളും ചരിത്രകാരന്മാരും ഉള്‍പ്പടെയുള്ളവര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും യുപി മുഖ്യമന്ത്രി ആദിത്യനാഥിനും ജില്ലാ ഭരണകൂടത്തിനും കത്തയച്ചിരുന്നു.