കൊവിഡ് വ്യാപനം: മഹാരാഷ്ട്രയില്‍ നാളെ രാത്രി മുതല്‍ 15 ദിവസം നിരോധനാജ്ഞ; അവശ്യസര്‍വീസുകള്‍ക്ക് മാത്രം അനുമതി
ബുധനാഴ്ച രാത്രി എട്ട് മുതല്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വരുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനം മുഴുവന്‍ 144 പ്രഖ്യാപിക്കും. ലോക്ക് ഡൗണ്‍ അല്ല പ്രഖ്യാപിച്ചതെന്നും നിയന്ത്രണങ്ങള്‍ ശക്തമാക്കുകയാണ് ചെയ്തതെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കി.
മുംബൈ: കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കി മഹാരാഷ്ട്ര സര്‍ക്കാര്‍. നാളെ രാത്രി മുതല്‍ 15 ദിവസത്തേയ്ക്ക് സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബുധനാഴ്ച രാത്രി എട്ട് മുതല്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വരുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനം മുഴുവന്‍ 144 പ്രഖ്യാപിക്കും. ലോക്ക് ഡൗണ്‍ അല്ല പ്രഖ്യാപിച്ചതെന്നും നിയന്ത്രണങ്ങള്‍ ശക്തമാക്കുകയാണ് ചെയ്തതെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കി.
ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുമെന്ന ആശങ്കയിലായിരുന്നു സംസ്ഥാനം. എന്നാല്‍, ലോക്ക് ഡൗണിനു സമാനമായ നിയന്ത്രണങ്ങളാണ് നിരോധനാജ്ഞയിലൂടെ നടപ്പാക്കുക. സംസ്ഥാനം അപകടകരമായ പൊട്ടിത്തെറിയുടെ വക്കിലാണ്. കൊവിഡിനെതിരായ യുദ്ധം വീണ്ടും ആരംഭിച്ചു. നിര്‍ഭാഗ്യവശാല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കേണ്ടിവന്നിരിക്കുകയാണ്. ഇപ്പോള്‍ പ്രവര്‍ത്തിക്കാനുള്ള സമയമാണ്. ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നില്ല. എന്നാല്‍, കടുത്ത നിയന്ത്രണങ്ങള്‍ ആവശ്യമാണ്. ആഹാരം പ്രധാനമാണെന്ന് അറിയാം, അതേസമയം ജീവന്‍ രക്ഷിക്കുക എന്നതും പ്രധാനപ്പെട്ടതാണ് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. രാവിലെ ഏഴ് മുതല്‍ രാത്രി എട്ടുവരെ അവശ്യസര്‍വീസുകള്‍ മാത്രമേ അനുവദിക്കൂ.
ഒഴിച്ചുകൂടാനാവാത്ത ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള യാത്രകള്‍ മാത്രമേ സംസ്ഥാനത്തുടനീളം അനുവദിക്കൂ. നാലുപേരില്‍ കൂടുതല്‍ കൂട്ടംകൂടാന്‍ അനുവദിക്കില്ല. മെഡിക്കല്‍ സേവനങ്ങള്‍, ബാങ്കുകള്‍, മാധ്യമങ്ങള്‍, ഇ- കോമേഴ്‌സ്, ഇന്ധനവിതരണം എന്നിവ മാത്രമേ അനുവദിക്കൂ. അനാവശ്യയാത്രകള്‍ തടയും. പൊതുഗതാഗതം നിര്‍ത്തിവയ്ക്കില്ല. അവശ്യയാത്രകള്‍ക്കുവേണ്ടി മാത്രമേ ബസ്സുകളിലും ട്രെയിനുകളിലും ജനങ്ങള്‍ സഞ്ചരിക്കാവൂ. ജീവനക്കാര്‍ വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിലേയ്ക്ക് മാറണം. ഷോപ്പിങ് സെന്ററുകള്‍, മാളുകള്‍, ഫിലിം ഷൂട്ടുകള്‍, ബീച്ചുകള്‍ എന്നിവ അടയ്ക്കും.
ഹോം ഡെലിവറിയും ടേക്ക്അവേയും അനുവദിക്കുമെങ്കിലും ഹോട്ടലുകള്‍ക്കും റെസ്‌റ്റോറന്റുകള്‍ക്കും നിയന്ത്രണങ്ങള്‍ നിലനില്‍ക്കും. വാക്‌സിനേഷന്‍ ഉള്‍പ്പെടെയുള്ള കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചില്ലെങ്കില്‍ കടയുടമകള്‍ക്കെതിരേ പിഴ ചുമത്തും. രാഷ്ട്രീയ സമ്മേളനങ്ങള്‍, വിവാഹങ്ങള്‍, സംസ്‌കാര ചടങ്ങുകള്‍ എന്നിവയില്‍ ആളുകളുടെ എണ്ണം പരിമിതപ്പെടുത്തും. നിയന്ത്രണങ്ങള്‍ മെയ് 1 വരെ പ്രാബല്യത്തിലുണ്ടാവും.
മഹാരാഷ്ട്രയില്‍ ഇന്ന് 60,212 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് കേസുകളുടെ എണ്ണം അപകടകരമായ രീതിയില്‍ വര്‍ധിക്കുകയാണ്. സംസ്ഥാനം മെഡിക്കല്‍ ഓക്‌സിജന്റെ ദൗര്‍ലഭ്യം നേരിടുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് ഓക്‌സിജനെത്തിക്കാന്‍ വ്യോമസേനയുടെ സഹായം ലഭ്യമാക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ആശുപത്രി കിടക്കകളുടെയും പകര്‍ച്ചവ്യാധി പ്രതിരോധ മരുന്നായ റെംഡിസിവിറിന്റെയും ദൗര്‍ലഭ്യവും സംസ്ഥാനത്തുണ്ടെന്നും താക്കറെ ചൂണ്ടിക്കാട്ടി.

