കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന് നോർവെ പ്രധാനമന്ത്രി പിഴയൊടുക്കിയിട്ട് ഒരു മാസം
സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ മുന്നിൽ നിന്ന് നയിക്കുന്ന ആളാണ് പ്രധാനമന്ത്രി. അതുകൊണ്ടാണ് പ്രധാനമന്ത്രിക്കെതിരേ മാതൃകാപരമായി നടപടി സ്വീകരിച്ചത്
ഓസ്ലോ: കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന് നോർവെ പ്രധാനമന്ത്രി പിഴയൊടുക്കിയിട്ട് ഒരു മാസം തികയുന്നു. പ്രധാനമന്ത്രി എർണ സോൾബെർഗിനാണ് കൊവിഡ് പ്രതിരോധ നടപടികളിൽ വീഴ്ചവരുത്തിയതിന് പിഴചുമത്തിയത്. ചട്ടം ലംഘിച്ച് പ്രധാനമന്ത്രിയുടെ പിറന്നാൾ ആഘോഷ പരിപാടി സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് പോലിസ് പിഴ ചുമത്തിയത്.
20,000 നോർവീജിയൻ ക്രൗൺ (1.76 ലക്ഷം രൂപ) ആണ് പ്രധാനമന്ത്രിക്ക് പിഴയടച്ചത്. സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ള പ്രോട്ടോക്കോളാണ് പ്രധാനമന്ത്രി ലംഘിച്ചത്. പ്രധാനമന്ത്രിയുടെ 60ാം പിറന്നാൾ ആഘോഷത്തിന് കുടുംബാംഗങ്ങളായ 13 പേരെ ക്ഷണിക്കുകയും ഒരു റിസോർട്ടിൽ വെച്ച് ആഘോഷം സംഘടിപ്പിക്കുകയും ചെയ്‌തെന്നായിരുന്നു പരാതി.
ഇത്തരം സംഭവങ്ങളിൽ കർശനമായി പിഴ ചുമത്താറില്ലെന്ന് പോലിസ് മേധാവി ഓലെ സീവേഡ് പത്രസമ്മേളനത്തിൽ പറഞ്ഞു. എന്നാൽ സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ മുന്നിൽ നിന്ന് നയിക്കുന്ന ആളാണ് പ്രധാനമന്ത്രി. അതുകൊണ്ടാണ് പ്രധാനമന്ത്രിക്കെതിരേ മാതൃകാപരമായി നടപടി സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
'നിയമം എല്ലാവർക്കും ഒരുപോലെയാണ്. എന്നാൽ നിയമത്തിനു മുന്നിൽ എല്ലാവരും ഒരുപോലെയല്ല', പ്രധാനമന്ത്രിക്കെതിരേ നടപടിയെടുക്കാൻ ഇടയായ സാഹചര്യം വിശദീകരിച്ചുകൊണ്ട് പോലിസ് പറഞ്ഞു. എന്നാൽ ആഘോഷ പരിപാടികൾക്ക് പരമാവധി 10 പേരെ മാത്രമേ പങ്കെടുപ്പിക്കാൻ പാടുള്ളൂ എന്നാണ് നോർവീജിയയിലെ ചട്ടം. സംഭവം വിവാദമായതിനെ തുടർന്ന് തനിക്കുണ്ടായ വീഴ്ചയിൽ പ്രധാനമന്ത്രി പരസ്യമായി ക്ഷമാപണം നടത്തിയിരുന്നു.
അതേസമയം കേരളത്തിൽ പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത് ട്രിപ്പിൾ ലോക്ക്ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിലാണ്. 500 പേർക്കാണ് പങ്കെടുക്കാനുള്ള അനുമതി. എന്നാൽ കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം കല്യാണവും മരണവുമടക്കമുള്ള പൊതുപരിപാടികളിൽ 20 പേർക്ക് മാത്രമാണ് അനുമതി. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്ന മുഖ്യമന്ത്രിയടക്കമുള്ളവർ അറുപത് കഴിഞ്ഞവരുമാണ്.
കൊവിഡ് പ്രോട്ടോക്കോൾ ലംഘനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പോലിസ് ശക്തമായ നിരീക്ഷണവും നടപടിയുമാണ് എടുക്കുന്നത്. ട്രിപ്പിൾ ലോക്ക്ഡൗൺ നിലനിൽക്കുന്ന തിരുവനന്തപുരത്തെ സത്യപ്രതിജ്ഞാ ചടങ്ങുകൾ ലഘൂകരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. സിപിഐ നേതാവ് ബിനോയ് വിശ്വം പരസ്യപ്രതികരണവുമായി രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തിൽ പോലിസ് നിലപാട് നിർണായകമാണ്. പോലിസിന്റെ നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.

