ഇറാന്‍ ആക്രമണത്തില്‍ തെല്‍ അവീവില്‍ വ്യാപക നാശം; ഒരാള്‍ കൊല്ലപ്പെട്ടു, 121 പേര്‍ക്ക് പരിക്ക്
തെല്‍ അവീവ്: ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടത് സ്ഥിരീകരിച്ചതിന് പിന്നാലെ ഇസ്രായേലിന് നേരെയുള്ള ആക്രമണം ശക്തമാക്കി ഇറാന്‍. ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ തെല്‍ അവീവില്‍ വ്യാപക നാശനഷ്ടങ്ങള്‍ ഉണ്ടായതായി ഇസ്രായേല്‍ മാധ്യമങ്ങളും അല്‍ ജസീറയും റിപ്പോര്‍ട്ട് ചെയ്തു. ഒരു സ്ത്രീ കൊല്ലപ്പെട്ടതായും 121 പേര്‍ക്ക് പരിക്കേറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റെസിഡന്‍ഷ്യല്‍ ബ്ലോക്കിലാണ് ഇറാന്റെ മിസൈല്‍ പതിച്ചത്. ഈ ആക്രമണത്തില്‍ 27 പേര്‍ക്ക് പരിക്കേറ്റു. ഇറാനെ ആക്രമിച്ചതിന് ശേഷം ഇസ്രായേലിനെ പിടിച്ചുകുലുക്കിയ ആദ്യ ആക്രമണമായിരുന്നു അത്.
തീരദേശ നഗരത്തിലെ അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തില്‍ ബാലിസ്റ്റിക് മിസൈല്‍ പതിച്ചതിനെ തുടര്‍ന്ന് 40 വയസ്സുള്ള സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റു. പ്രദേശത്ത് വ്യാപക നാശനഷ്ടമുണ്ടായി. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം.
കെട്ടിടത്തില്‍ നിന്ന് രക്ഷപ്പെടുത്തിയവരില്‍ രണ്ട് മാസം പ്രായമുള്ള ഒരു കുഞ്ഞും സഹോദരിയും ഉള്‍പ്പെടുന്നു. അവരുടെ മാതാപിതാക്കളെ ഉടന്‍ തന്നെ സമുച്ചയത്തില്‍ നിന്ന് ഒഴിപ്പിച്ചു. പരിക്കേറ്റവരില്‍ ഏഴ് പേര്‍ കുട്ടികളാണ്. ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്തു.
ടെല്‍ അവീവ് ജില്ലാ കമാന്‍ഡര്‍ ഹൈം സര്‍ഗറോഫിനൊപ്പം പോലീസ് മേധാവി ഡാനിയേല്‍ ലെവി സംഭവസ്ഥലത്തെത്തി. സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരുമായി ഇരുവരും സ്ഥിതിഗതികള്‍ വിലയിരുത്തി.
മിസൈല്‍ ആക്രമണത്തില്‍ തീപിടിച്ചത് തെല്‍ അവീവില്‍ വ്യാപക നാശം വിതച്ചു. കാറുകള്‍ക്കും കെട്ടിടങ്ങള്‍ക്കും ഇടയില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താന്‍ അഗ്നിശമന സേനയും സൈന്യവും പോലിസും സംയുക്തമായി ശ്രമം ആരംഭിച്ചു.
