ഒരു ഡോസ് വാക്‌സിന്‍ 82 ശതമാനവും രണ്ട് ഡോസ് 95 ശതമാനവും കൊവിഡ് മരണത്തെ പ്രതിരോധിക്കുമെന്ന് ഐസിഎംആര്‍ പഠനം
തമിഴ്‌നാട്ടിലെ ഉയര്‍ന്ന അപകടസാധ്യതയുള്ള ഗ്രൂപ്പുകള്‍ക്കിടയില്‍ മരണം തടയുന്നതിനുള്ള കൊവിഡ് 19 വാക്‌സിന്‍ ഫലപ്രാപ്തിയെക്കുറിച്ച് നടത്തിയ പഠനം ജൂണ്‍ 21ന് ഇന്ത്യന്‍ ജേണല്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലാണ് പ്രസിദ്ധീകരിച്ചത്. തമിഴ്‌നാട്ടിലെ പോലിസ് വകുപ്പിനെ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്.
ന്യൂഡല്‍ഹി: പ്രതിരോധ വാക്‌സിന്‍ കൊവിഡ് മൂലമുള്ള മരണത്തെ ഫലപ്രദമായി പ്രതിരോധിക്കുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എപിഡമിയോളജി (ഐസിഎംആര്‍-എന്‍ഐഇ) പഠനത്തില്‍ കണ്ടെത്തി. ആദ്യ ഡോസ് വാക്‌സിനെടുത്താല്‍തന്നെ കൊവിഡ് മൂലമുള്ള മരണത്തെ പ്രതിരോധിക്കാനുള്ള ശേഷി 82 ശതമാനം കൈവരിക്കും. രണ്ട് ഡോസ് വ്കാസിനും സ്വീകരിച്ചവര്‍ക്ക് 95 ശതമനവും വൈറസ് മൂലമുള്ള മരണത്തെ തടയാനാവുമെന്ന് റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. തമിഴ്‌നാട്ടിലെ ഉയര്‍ന്ന അപകടസാധ്യതയുള്ള ഗ്രൂപ്പുകള്‍ക്കിടയില്‍ മരണം തടയുന്നതിനുള്ള കൊവിഡ് 19 വാക്‌സിന്‍ ഫലപ്രാപ്തിയെക്കുറിച്ച് നടത്തിയ പഠനം ജൂണ്‍ 21ന് ഇന്ത്യന്‍ ജേണല്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലാണ് പ്രസിദ്ധീകരിച്ചത്.
തമിഴ്‌നാട്ടിലെ പോലിസ് വകുപ്പിനെ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്. ഒരു ഡോസ് വാക്‌സിനെടുത്തവര്‍, രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍, വാക്‌സിനെടുക്കാത്തവര്‍ എന്നിങ്ങനെ വേര്‍തിരിച്ചാണ് പഠനം നടത്തിയത്. രണ്ടാമത്തെ തരംഗത്തിനിടെയുണ്ടായ കൊവിഡ് മരണങ്ങള്‍, ആശുപത്രിയില്‍ പ്രവേശിപ്പിച്ച തിയ്യതി, വാക്‌സിനേഷന്‍ തിയ്യതി തുടങ്ങിയ വിശദാംശങ്ങള്‍ പരിശോധിച്ചാണ് പഠനം നടത്തിയത്. കുത്തിവയ്പ്പ് എടുക്കാത്തതും പരിശോധന നടത്താത്തവരുമായ പോലിസ് ഉദ്യോഗസ്ഥരില്‍ കൊവിഡ് 19 മൂലമുണ്ടായ മരണങ്ങള്‍ കണക്കാക്കാന്‍ ഈ വിവരങ്ങള്‍ ഉപയോഗിച്ചതായി ഐസിഎംആര്‍-എന്‍ഐഇ ഡയറക്ടര്‍ ഡോ. മനോജ് മുര്‍ഹേക്കര്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
പോലിസ് വകുപ്പില്‍ 1,17,524 ഉദ്യോഗസ്ഥരാണ് തമിഴ്‌നാട്ടില്‍ പ്രവര്‍ത്തിക്കുന്നത്. 2021 ഫെബ്രുവരി മുതല്‍ മെയ് 14 വരെയുള്ള കാലയളവില്‍ 32,792 പോലിസുകാര്‍ക്കാണ് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയത്. 67,673 പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും ലഭിച്ചു. 17,059 പേര്‍ വാക്‌സിനെടുത്തിരുന്നില്ല. 2021 ഏപ്രില്‍ 13 നും 2021 മെയ് 14 നും ഇടയില്‍ 31 പോലിസുകാരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതില്‍ നാലുപേര്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവരായിരുന്നു. ഏഴുപേര്‍ ഒരു ഡോസ് വാക്‌സിന്‍ മാത്രമാണ് എടുത്തിരുന്നത്. മറ്റുള്ള 20 പേര്‍ വാക്‌സിനെടുക്കാത്തവരായിരുന്നു. മരിച്ചവരില്‍ വാക്‌സിനെടുത്തവരും എടുക്കാത്തവരും തമ്മിലുള്ള അനുപാതം കണക്കാക്കിയാണ് റിപോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. വാക്‌സിനേഷന്‍ നല്‍കിയവരില്‍ കൊവിഡ് ബാധിച്ച് മരിച്ചത് യഥാക്രമം ആയിരം പോലിസ് ഉദ്യോഗസ്ഥര്‍ക്ക് 1.17, 0.21, 0.06 എന്നിങ്ങനെയായിരുന്നു. അവരുടെ വിശകലന ഫലങ്ങള്‍ വൈറസിനെതിരായ ഫലപ്രാപ്തി കാണിക്കുന്ന പഠനങ്ങളുമായി പൊരുത്തപ്പെടുന്നതാണെന്ന് ഡോ.മുര്‍ഹേക്കര്‍ പറഞ്ഞു.

