പാഞ്ഞുവന്ന കാര്‍ ഇടിച്ചുതെറിപ്പിച്ചു, ബോണറ്റില്‍ വീണ യുവാവുമായി ഓടിയത് 200 മീറ്റര്‍; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

Update: 2022-02-11 14:02 GMT

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് അമിതവേഗതയിലെത്തിയ കാര്‍ യുവാവിനെ ഇടിച്ചുതെറിപ്പിച്ചു. ബോണറ്റിലേക്ക് വീണ യുവാവിനെയുമായി 200 മീറ്ററോളമാണ് കാര്‍ സഞ്ചരിച്ചത്. തുടര്‍ന്ന് യുവാവ് റോഡിലേക്ക് വീണതിനെത്തുടര്‍ന്ന് കാര്‍ നിര്‍ത്താതെ ഓടിച്ചുപോയി. ഡല്‍ഹിയിലെ ഗ്രേറ്റര്‍ കൈലാഷിലാണ് മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന അപകടമുണ്ടായത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ വൈറലായി മാറിയിരിക്കുകയാണ്. 37 കാരനായ ആനന്ദ് വിജയ് മണ്ടേലിയയാണ് അപകടത്തില്‍പ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. റേഡില്‍ വീണ് ഗുരുതരമായി പരിക്കേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.

സൗത്ത് ഡല്‍ഹിയിലെ സിസിടിവി കാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ ബോണറ്റില്‍ തൂങ്ങിക്കിടന്ന ആളുമായി എസ്‌യുവി അതിവേഗം പായുന്നത് കാണിക്കുന്നു. 200 മീറ്ററോളമാണ് യുവാവിനെയുമായി കാര്‍ ഓടിയത്. മറ്റൊരു കാമറയില്‍നിന്നുള്ള ദൃശ്യങ്ങള്‍ എസ്‌യുവി അതിവേഗം കുതിക്കുമ്പോള്‍ യുവാവ് റോഡിലേക്ക് പറന്നുയരുന്ന് വീഴുന്നതും കാണാം. എന്നാല്‍, യുവാവിനെ ഇടിച്ച കാര്‍ നിര്‍ത്താതെ പാഞ്ഞുപോയി. വേദനകൊണ്ട് പുളയുന്ന ഇയാള്‍ക്ക് വഴിയാത്രക്കാരാണ് സഹായത്തിനെത്തിയത്.

സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലിസ് സ്ഥലത്തെത്തി മണ്ടേലിയയെ ആശുപത്രിയിലെത്തിച്ചക്കുകയായിരുന്നു. ഇയാള്‍ അപകടനില തരണം ചെയ്തതായാണ് റിപോര്‍ട്ട്. താന്‍ നടന്നുപോവുമ്പോള്‍ പിന്നില്‍നിന്ന് ഒരു കാര്‍ ഇടിച്ചശേഷം മുന്നോട്ടുപോവുകയായിരുന്നെന്ന് ഇയാള്‍ പോലിസിനോട് പറഞ്ഞിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ് പോലിസ് ഡ്രൈവറെ തിരിച്ചറിഞ്ഞത്. ഗുഡ്ഗാവിലെ ലേ മെറിഡിയന്‍ ഹോട്ടലിന് പുറത്തുനിന്നാണ് കാ ഓടിച്ച ഡ്രൈവര്‍ രാജ് സുന്ദര (27)ത്തെ പോലിസ് അറസ്റ്റ് ചെയ്തത്.

ഫെബ്രുവരി 8ന് നടന്ന സംഭവത്തിന് രണ്ടുദിവസത്തിന് ശേഷമാണ് ഡ്രൈവറെ പോലിസ് പിടികൂടിയത്. കൊലപാതകശ്രമം, മനപ്പൂര്‍വമായ നരഹത്യ തുടങ്ങി നിരവധി കുറ്റങ്ങളാണ് ഇയാള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. പ്രതിയെ ഒളിപ്പിച്ചതുമായി ബന്ധപ്പെട്ട് പിതാവിനെതിരെയും കേസെടുത്തിട്ടുണ്ട്. മണ്ടേലിയ പോലിസില്‍ മൊഴി രേഖപ്പെടുത്തുന്നതിന് മുമ്പുതന്നെ സ്ഥലത്തെ പരിശോധനയുടെയും മെഡിക്കോ ലീഗല്‍ കേസിന്റെയും അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പോലിസ് പറഞ്ഞു.

Tags:    

Similar News