ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് നേരേ യുവാവിന്റെ ആക്രമണം (വീഡിയോ)

Update: 2022-03-27 15:42 GMT

പട്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ സുരക്ഷയില്‍ വന്‍ വീഴ്ച. സ്വന്തം നാടായ ഭഖ്തിയാര്‍പൂരില്‍ വച്ച് നിതീഷ് കുമാറിന് മര്‍ദ്ദനമേറ്റു. അക്രമിയെ പോലിസ് ഉടന്‍ കസ്റ്റഡിയിലെടുത്തു. ഒരു പ്രാദേശിക ആശുപത്രി സമുച്ചയത്തില്‍ സംസ്ഥാനത്തെ സ്വാതന്ത്ര്യസമര സേനാനി ശില്‍ഭദ്ര യാജിയുടെ പ്രതിമയില്‍ ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയപ്പോളാണ് മുഖ്യമന്ത്രിക്ക് നേരേ ആക്രമണമുണ്ടായത്. സുരക്ഷാ ജീവനക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഇടയിലൂടെ യാതൊരു തടസ്സവുമില്ലാതെ എത്തിയ യുവാവ് നിതീഷിനെ പിന്നില്‍ നിന്ന് അടിക്കുകയായിരുന്നു. ഉടന്‍തന്നെ സുരക്ഷാ ഉദ്യോഗസ്ഥരെത്തി യുവാവിനെ പിടികൂടി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

പിന്നിലൂടെയെത്തിയ അക്രമി ഡയസില്‍ കയറുകയും പ്രതിമയില്‍ പുഷ്പാഞ്ജലി അര്‍പ്പിക്കാന്‍ കുനിഞ്ഞ മുഖ്യമന്ത്രിയെ അടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടന്‍ അക്രമിയെ കീഴ്‌പ്പെടുത്തി. മര്‍ദ്ദിച്ചതിന്റെ കാരണം വ്യക്തമായിട്ടില്ല. സംഭവം നടന്നയുടന്‍തന്നെ, അദ്ദേഹത്തെ തല്ലരുത്. ആദ്യം അദ്ദേഹം എന്താണ് പറയുന്നതെന്ന് ചോദിക്കുകക,- മുഖ്യമന്ത്രി തന്റെ സുരക്ഷാ ഉദ്യോഗസ്ഥരോട് പറഞ്ഞതായി റിപോര്‍ട്ടുകള്‍ പറയുന്നു. ശങ്കര്‍ സാഹ് എന്നയാളാണ് അക്രമിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

പോലിസ് അകമ്പടിയോടെ ഇയാളെ കൊണ്ടുപോവുന്നത് വീഡിയോകളില്‍ കാണാം. മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്ന് റിപോര്‍ട്ടുകളുണ്ടെങ്കിലും പോലിസ് സ്ഥിരീകരിച്ചിട്ടില്ല. മുഖ്യമന്ത്രി തന്റെ പഴയ ലോക്‌സഭാ മണ്ഡലമായ ബര്‍ഹിന്റെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തിവരികയാണ്. നേരത്തെ ബിഹാര്‍ തിരഞ്ഞെടുപ്പിനിടെ ഒരു റാലിയില്‍ വച്ചും നിതീഷ് കുമാറിന് നേരേ ആക്രമണമുണ്ടായിരുന്നു. അതിനുശേഷം നിതീഷ് കുമാറിന്റെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. അതേസമയം, പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് ആക്രമണത്തെ അപലപിച്ചു, ജനാധിപത്യ മാര്‍ഗങ്ങളിലൂടെ പ്രതിഷേധിക്കണമെന്ന് ജനങ്ങളോട് അദ്ദേഹം ആഹ്വാനം ചെയ്തു.

Tags:    

Similar News