ഒമിക്രോണിന്റെ ഉപ വകഭേദം ഡല്‍ഹിയില്‍ കണ്ടെത്തി

Update: 2022-08-10 10:27 GMT

ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും കൊവിഡ് ആശങ്ക ഉയര്‍ത്തുന്നു. ഒരിടവേളയ്ക്കുശേഷം രാജ്യത്ത് കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തി. ഒമിക്രോണ്‍ വകഭേദത്തിന്റെ പുതിയ ഉപ വകഭേദമാണ് ന്യൂഡല്‍ഹിയില്‍ കണ്ടെത്തിയത്. ജീനോം സീക്വന്‍സിങ്ങിനായി അയച്ച 90 സാംപിളുകളുടെ പഠനറിപോര്‍ട്ടില്‍ കണ്ടെത്തിയ പുതിയ ഉപ വകഭേദം BA-2.75 ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പുതിയ വകഭേദത്തിന് ആന്റിബോഡികളുള്ളവരെപ്പോലും ബാധിക്കുന്ന കൂടുതല്‍ വ്യാപനശേഷിയുണ്ടെന്ന് എല്‍എന്‍ജെപി ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. സുരേഷ് കുമാര്‍ പറഞ്ഞു.

ഒമിക്രോണ്‍ ഉപ വകഭേദമായ BA-2.75 ആന്റിബോഡികള്‍ ഉള്ളവരെയും ഇല്ലാത്തവരെയും ആക്രമിക്കുന്നു. കൊവിഡ് വാക്‌സിനെടുത്തെങ്കിലും പുതിയ വകഭേദത്തെ പ്രതിരോധിക്കാനാവില്ലെന്നും ഡോ. സുരേഷ് കുമാര്‍ പറഞ്ഞു. ഇതുസംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ. രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയര്‍ന്നുകൊണ്ടിരിക്കവെ പുതിയ വകഭേദത്തിന്റെ സാന്നിധ്യം ആശങ്ക വര്‍ധിപ്പിച്ചിരിക്കുകയാണ്. ഡല്‍ഹി, കേരളം അടക്കം ഏഴോളം സംസ്ഥാനങ്ങളില്‍ കൊവിഡ് കേസുകളില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ഓരോ ദിവസം കഴിയുന്തോറും രോഗികളുടെ എണ്ണത്തില്‍ വന്‍ കുതിച്ചുചാട്ടമാണ് രേഖപ്പെടുത്തുന്നത്. കൊവിഡ് വ്യാപനമുള്ള സംസ്ഥാനങ്ങളില്‍ പ്രൊട്ടോക്കോള്‍ കര്‍ശനമാക്കാനും മാസ്‌ക് നിര്‍ബന്ധമാക്കാനും കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.

Tags: