ഇന്ത്യയിലെ ആരോ​ഗ്യ സംവിധാനത്തിന് ഒമിക്രോണ്‍ വ്യാപനം താങ്ങാനാകില്ല: ലോകാരോഗ്യ സംഘടന ചീഫ് സയന്‍റിസ്റ്റ്

രോഗവ്യാപനം അതിവേഗത്തിലാകുന്നതോടെ പരിചരണം വീടുകളിലേക്കു മാറ്റേണ്ട സ്ഥിതിയുണ്ടാകും. ആളുകൾ ആശങ്കാകുലരാകും.

Update: 2022-01-01 07:17 GMT

ന്യൂഡല്‍ഹി: ഒമിക്രോൺ വ്യാപനം ശക്തമാകുന്നതോടെ ഇന്ത്യ നേരിടാൻ പോകുന്ന വലിയ വെല്ലുവിളി ആരോഗ്യ പരിചരണത്തിന്‍റെ ലഭ്യതയാകുമെന്ന് ലോകാരോഗ്യ സംഘടന ചീഫ് സയന്‍റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥന്‍. ഒമിക്രോൺ വ്യാപനം അതിവേഗത്തിലായിരിക്കുമെന്നും കൂടുതലാളുകൾ രോഗികളാകാൻ സാധ്യതയുണ്ടെന്നും അവർ മുന്നറിയിപ്പ് നൽകി. ഒമിക്രോണിനെത്തുടർന്ന് ലോകമെമ്പാടും ഇതിനോടകം തന്നെ കേസുകൾ വർധിച്ച് തുടങ്ങിയെന്ന് സൗമ്യ സ്വാമിനാഥന്‍ പറഞ്ഞതായി എൻഡിടിവി റിപോർട്ട് ചെയ്തു.

രോഗവ്യാപനം അതിവേഗത്തിലാകുന്നതോടെ പരിചരണം വീടുകളിലേക്കു മാറ്റേണ്ട സ്ഥിതിയുണ്ടാകും. ആളുകൾ ആശങ്കാകുലരാകും. അവർ രോഗലക്ഷണങ്ങൾ ഇല്ലെങ്കിലും ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും ഉപദേശത്തിനായി ശ്രമിക്കും. അതിനുള്ള സൗകര്യം ഒരുക്കുകയാണ് വേണ്ടതെന്നും ഡോ. സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു.

ടെലിഹെല്‍ത്ത്, ടെലിമെഡിസിന്‍ സൗകര്യം വ്യാപിപ്പിക്കേണ്ട സമയമിമതാണെന്നും ഡോ. സൗമ്യ പറയുന്നു. ഒപി വിഭാഗത്തില്‍ ആവശ്യത്തിനുള്ള ഡോക്ടര്‍മാരും നഴ്‌സുമാരും ഉണ്ടെന്ന് ഉറപ്പാക്കണം. വീടുകളിലും പ്രൈമറി ഐസൊലേഷന്‍ സെന്‍ററുകളിലും പരമാവധി ആളുകള്‍ക്കു ചികിൽസ നല്‍കാന്‍ ശ്രമിക്കണമെന്നും ചീഫ് സയന്‍റിസ്റ്റ് കൂട്ടിച്ചേർത്തു.

ആഫ്രിക്കയിൽ ഒമിക്രോൺ വ്യാപനം, ഡെൽറ്റയേയും കൊവിഡിന്‍റെ മറ്റുവകഭേദങ്ങളെയും അപേക്ഷിച്ച് നാല് മടങ്ങോളം വേഗത്തിലായിരുന്നു. അത്രയധികം വ്യാപനശേഷിയാണ് ഇതിനുള്ളത്. ഒമിക്രോണ്‍ വകഭേദം മാരകമല്ലെന്ന് ഈ ഘട്ടത്തില്‍ ഉറപ്പിക്കാനാവില്ലെന്നും അവർ കൂട്ടിച്ചേർത്തു. മുമ്പ് 40,000 കേസുകളായിരുന്നത് ഇപ്പോള്‍ 1,40,000 ആയി വര്‍ധിച്ചു. എന്നാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവരുന്നവരുടെ എണ്ണം നാലിലൊന്നായിരുന്നു. ഇത് ആശ്വാസകരമാണെന്നും സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു.

അതേസമയം രാജ്യത്ത് ഒമിക്രോൺ കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ പരിശോധനയുടെ കാര്യത്തിൽ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ആർടിപിസിആർ പരിശോധനകൾ ഫലം ലഭിക്കാൻ വൈകുന്നതിനാൽ ആന്‍റിജൻ ടെസ്റ്റുകൾ, സെൽഫ് ടെസ്റ്റിങ് കിറ്റുകൾ എന്നിവ ഉപയോഗിച്ചുള്ള പരിശോധനകൾ സംസ്ഥാനങ്ങൾ പ്രോൽസാഹിപ്പിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കത്ത് നൽകിയിട്ടുണ്ട്.

Similar News