യുകെയില്‍നിന്ന് കോഴിക്കോട്ട് എത്തിയ ഡോക്ടറുടെ സ്രവം ജനിതകപരിശോധനയ്ക്ക് അയച്ചു
ഡോക്ടറുമായി സമ്പര്‍ക്കമുള്ളവരുടെ സമ്പര്‍ക്ക പട്ടിക തയാറാക്കിവരികയാണ്. കോഴിക്കോട് ഡിഎംഒ ഉമര്‍ ഫറൂഖാണു സമ്പര്‍ക്ക പട്ടിക തയാറാക്കുന്നത്.
കോഴിക്കോട്: യുകെയില്‍ നിന്ന് എത്തിയതിനെത്തുടര്‍ന്ന് കൊവിഡ് സ്ഥിരീകരിച്ച ഡോക്ടറുടെ സ്രവ സാംപിള്‍ ജനിതക ശ്രേണീകരണ പരിശോധനയ്ക്ക് അയച്ചു. നവംബര്‍ 21ന് നാട്ടിലെത്തിയ ഡോക്ടര്‍ക്ക് 26നാണു കൊവിഡ് സ്ഥിരീകരിച്ചത്.
ഡോക്ടറുടെ മാതാവിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ സാംപിളും ജനിതക ശ്രേണീകരണ പരിശോധനയ്ക്ക് അയച്ചു. ഒമിക്രോണ്‍ വകഭേദം സംബന്ധിച്ച സംശയദുരീകരണത്തിനുവേണ്ടിയാണിത്. ഇരുവയുടെയും സാംപിളുകള്‍ ഇന്നാണ് ശേഖരിച്ച് അയച്ചത്. ഫലം ഉടന്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷ.
ബീച്ച് ആശുപത്രിയിലെ പ്രത്യേക വാര്‍ഡില്‍ ചികിൽസയിലുള്ള ഡോക്ടര്‍ക്കും മാതാവിനും കാര്യമായ രോഗലക്ഷണങ്ങളൊന്നുമില്ല. എന്നാല്‍ കോവിഡ് സ്ഥിരീകരിച്ച് എട്ടു ദിവസമായിട്ടും മാറിയിട്ടില്ല. ഇതിനാലാണു ഇരുവരുടെയും സാംപിള്‍ ജനിതക ശ്രേണീകരണത്തിനു വിധേയമാക്കുന്നത്.
അമ്മ ഉള്‍പ്പെടെ രണ്ടു പേരാണു ഡോക്ടറുമായി പ്രാഥമിക സമ്പര്‍ക്കത്തിലുണ്ടായിരുന്നത്. ഇവരെല്ലാം നിരീക്ഷണത്തിലാണ്. ഡോക്ടറുടെ വീട്ടിലെ ജോലിക്കാരുടെയും സ്രവം പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്.
ഡോക്ടറുമായി സമ്പര്‍ക്കമുള്ളവരുടെ സമ്പര്‍ക്ക പട്ടിക തയാറാക്കിവരികയാണ്. കോഴിക്കോട് ഡിഎംഒ ഉമര്‍ ഫറൂഖാണു സമ്പര്‍ക്ക പട്ടിക തയാറാക്കുന്നത്. ഇപ്പോള്‍ തയാറാക്കിയ സമ്പര്‍ക്ക പട്ടിക മറ്റ് ജില്ലകളിലേക്ക് അയച്ചിട്ടുണ്ട്. ഡോക്ടര്‍ നാല് ജില്ലകളില്‍ യാത്ര നടത്തിയെന്ന വിവരമുണ്ട്. യാത്രാപഥം സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.
രാജ്യത്ത് ആദ്യമായി ഇന്നലെ കർണാടകയിൽ രണ്ടു പേരിൽ ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന, യാത്രാ പശ്ചാത്തലമില്ലാത്ത 46 വയസുകാരനായ ഡോക്ടർക്കും കഴിഞ്ഞയാഴ്ച നാട്ടിലേക്കു മടങ്ങിയ 66 വയസുകാരനായ ദക്ഷിണാഫ്രിക്കൻ പൗരനുമാണ് രോഗം തിരിച്ചറിഞ്ഞത്. ജനിതക ശ്രേണീകരണത്തിലൂടെയാണ് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചത്. ഇരുവർക്കും ഗുരുതരമായ ലക്ഷണങ്ങളുണ്ടായിരുന്നില്ല.
കര്‍ണാടകയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തിൽ അതി ജാഗ്രതയിലാണ് കേരളം. റിസ്‌ക് രാജ്യങ്ങളില്‍ നിന്നുവരുന്നവര്‍ക്ക് പരിശോധനകള്‍ നിര്‍ബന്ധമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. റിസ്‌ക് രാജ്യങ്ങളില്‍നിന്നു വരുന്നവര്‍ക്ക് വിമാനത്താവളത്തിൽ ആർടി-പിസിആർ പരിശോധന ആവശ്യമാണ്.
