ഒമിക്രോണിനെതിരേ വാക്‌സിന്‍ ഫലപ്രാപ്തി കുറയും; മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന

Update: 2021-12-13 02:06 GMT

ജനീവ: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെതിരേ വാക്‌സിന്‍ ഫലപ്രാപ്തി കുറയുമെന്ന് ലോകാരോഗ്യസംഘടന (ഡബ്ല്യുഎച്ചഒ). നിലവിലെ കണക്കുകള്‍ പ്രകാരം ഡെല്‍റ്റ വകഭേദത്തേക്കാള്‍ വേഗത്തില്‍ ഒമിക്രോണ്‍ വ്യാപിക്കുന്നു. അതുകൊണ്ടുതന്നെ വാക്‌സിന്‍ ഫലപ്രാപ്തി കുറയ്ക്കുന്നുണ്ട്. എന്നാല്‍, പ്രാഥമിക വിവരങ്ങള്‍ അനുസരിച്ച് ഗുരുതരമായ ലക്ഷണങ്ങള്‍ കുറവാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഈ വര്‍ഷം ആദ്യം ഇന്ത്യയില്‍ തിരിച്ചറിഞ്ഞ ഡെല്‍റ്റ വേരിയന്റാണ് ലോകത്തിലെ മിക്ക കൊവിഡ് വൈറസ് അണുബാധകള്‍ക്കും കാരണമായത്.

ഒമിക്രോണ്‍ ദക്ഷിണാഫ്രിക്കയില്‍ സ്ഥിരീകരിച്ചതോടെ യാത്രാ നിരോധനം ഉള്‍പ്പെടെ വീണ്ടും നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ലോകരാജ്യങ്ങളെ പ്രേരിപ്പിച്ചു. ഇത് കൊവിഡ് വ്യാപനം മന്ദഗതിയിലാക്കാന്‍ സഹായിച്ചു. മിക്ക രാജ്യങ്ങളും ആഭ്യന്തര യാത്രാ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡിസംബര്‍ ഒമ്പത് വരെ 63 രാജ്യങ്ങളിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഡെല്‍റ്റയുടെ വ്യാപനം കുറവായ ദക്ഷിണാഫ്രിക്കയിലും ഡെല്‍റ്റ പ്രബലമായ ബ്രിട്ടനിലും ഒമിക്രോണിന്റെ അതിവേഗ വ്യാപനം ശ്രദ്ധയില്‍പ്പെട്ടു.

തുടക്കത്തിലായതിനാല്‍ ഒമിക്രോണിന്റെ വ്യാപനവും തീവ്രതയും രോഗപ്രതിരോധവും സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ഇപ്പോള്‍ ലഭ്യമായിട്ടില്ല. ആദ്യകാല തെളിവുകള്‍ സൂചിപ്പിക്കുന്നത് ഒമിക്രോണ്‍ രോഗവ്യാപനം തടയുന്നതിനുള്ള വാക്‌സിന്‍ ഫലപ്രാപ്തി കുറയ്ക്കുന്നുവെന്നാണ്. നിലവിലെ ലഭ്യമായ വിവരങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ കമ്മ്യൂണിറ്റി ട്രാന്‍സ്മിഷന്‍ സംഭവിക്കുന്ന ഡെല്‍റ്റ വേരിയന്റിനെ ഒമിക്രോണ്‍ മറികടക്കാന്‍ സാധ്യതയുണ്ട്. ഇതുവരെയുള്ള ഒമിക്രോണ്‍ കേസുകളില്‍ കൂടുതലും ലക്ഷണമില്ലാത്തതും തീവ്രത കുറഞ്ഞതുമാണ്.

ക്ലിനിക്കല്‍ തീവ്രത സ്ഥാപിക്കാനുള്ള പഠനവിവരങ്ങള്‍ ഇപ്പോള്‍ അപര്യാപ്തമാണെന്നും ലോകാരോഗ്യസംഘടന വിശദീകരിക്കുന്നു. നവംബര്‍ 24നാണ് ഒമിക്രോണിനെക്കുറിച്ച് ദക്ഷിണാഫ്രിക്ക ലോകാരോഗ്യ സംഘടനയ്ക്ക് റിപോര്‍ട്ട് ചെയ്യുന്നത്. ഒമിക്രോണിനെതിരേ തങ്ങളുടെ മൂന്ന് ഡോസുകള്‍ ഫലപ്രദമാണെന്നാണ് ഡോസ് ഫൈസര്‍/ബയോടെക് അറിയിച്ചിരിക്കുന്നത്.

Tags:    

Similar News