എട്ട് മാസത്തെ വീട്ടു തടങ്കലിന് ശേഷം ഉമര്‍ അബ്ദുല്ലയ്ക്ക് മോചനം

കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ 370ാം അനുച്ഛേദം റദ്ദാക്കിയതിന് പിന്നാലെയാണ് ഉമര്‍ അബ്ദുല്ലയെ വീട്ടുതടങ്കലിലാക്കിയത്.

Update: 2020-03-24 06:37 GMT

ശ്രീനഗര്‍: കരുതല്‍ തടങ്കലിലാക്കപ്പെട്ട ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഉമര്‍ അബ്ദുല്ലയ്ക്ക് മോചനം. എട്ട് മാസത്തെ വീട്ടു തടങ്കലിന് ശേഷമാണ് ഉമര്‍ അബ്ദുല്ലയ്ക്ക് മോചനം ലഭിക്കുന്നത്.

കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ 370ാം അനുച്ഛേദം റദ്ദാക്കുകയും കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റികയും ചെയ്തതിന് പിന്നാലെയാണ് ഉമര്‍ അബ്ദുല്ലയടക്കം നിരവധിപേരെ വീട്ടുതടങ്കലിലാക്കിയത്. പൊതുസുരക്ഷാ നിയമ പ്രകാരം ഉമര്‍ അബ്ദുല്ലയെ തടഞ്ഞുവെച്ച ഉത്തരവ് കശ്മീര്‍ ഭരണകൂടം ഇന്നാണ് എടുത്തുകളഞ്ഞത്.

നേരത്തെ ഉമറിനെ തടങ്കലിലാക്കിയതിനെതിരേ സഹോദരി സാറാ അബ്ദുല്ല ഹരജി നല്‍കിരുന്നു. തുടര്‍ന്ന് കേന്ദ്രം ഇക്കാര്യത്തില്‍ പ്രതികരണം അറിയിക്കണമെന്നും അല്ലാത്ത പക്ഷം കടുത്ത നിലപാട് സ്വീകരിക്കേണ്ടി വരുമെന്നും സുപ്രിംകോടതി താക്കീത് ചെയ്തിരുന്നു. സാറാ അബ്ദുല്ലയ്ക്കായി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് കോടതിയില്‍ വാദിച്ചിരുന്നത്.

ഫെബ്രുവരി 6 മുതല്‍ അബ്ദുല്ലയ്ക്കും മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിക്കും മറ്റ് ചില കശ്മീര്‍ രാഷ്ട്രീയക്കാര്‍ക്കുമെതിരേ പൊതുസുരക്ഷാ നിയമപ്രകാരം കുറ്റം ചുമത്തിയിരുന്നു. പിഎസ്എ പ്രകാരം ഒരു വ്യക്തിയെ മൂന്ന് മുതല്‍ ആറ് വര്‍ഷം വരെ വിചാരണ കൂടാതെ തടങ്കലില്‍ വയ്ക്കാം എന്നാണ് നിയമം

ഉമര്‍അബ്ദുല്ലയുടെ പിതാവും കശ്മീര്‍ മുന്‍ മുഖ്യന്ത്രിയുമായ ഫാറൂഖ് അബ്ദുല്ലയെ ഈ മാസം 13ന് മോചിപ്പിച്ചിരുന്നു. മറ്റൊരു മുന്‍ മുഖ്യന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തി ഇപ്പോഴും തടങ്കലിലാണ്.

Similar News