ഒടുവില്‍ ഉമര്‍ അബ്ദുല്ലയ്ക്കും മെഹ്ബൂബ മുഫ്തിക്കും ബന്ധുക്കളെ കാണാന്‍ അനുമതി

ഉമര്‍ അബ്ദുല്ലയുടെ പിതാവും മൂന്നുതവണ കശ്മീര്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുല്ലയെ ഫോണ്‍ പോലും അനുവദിക്കാതെ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ്

Update: 2019-08-31 19:10 GMT

ശ്രീനഗര്‍: ആഗസ്ത് അഞ്ചിനു കശ്മീരിന്റെ പ്രത്യേകാവകാശ പദവി റദ്ദാക്കിയ ശേഷം തടങ്കലില്‍ കഴിയുന്ന നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ലയ്ക്കും പിഡിപി അധ്യക്ഷ മെഹ്ബൂബ മുഫ്തിക്കും ഒടുവില്‍ ബന്ധുക്കളെ കാണാന്‍ അനുമതി. കശ്മീര്‍ വിഭജനത്തിനു ശേഷമാണ് മുന്‍ മുഖ്യമന്ത്രിമാരായ ഇരുവരെയും അറസ്റ്റ് ചെയ്തത്. ഈയാഴ്ച രണ്ടുതവണ ഉമര്‍ അബ്ദുല്ലയെ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ ശ്രീനഗറിലെ ഹാരി നിവാസില്‍ സന്ദര്‍ശിച്ചതായാണു റിപോര്‍ട്ട്. ഉമര്‍ അബ്ദുല്ലയുടെ സഹോദരി സഫിയയും കുട്ടിയും സന്ദര്‍ശിച്ചപ്പോള്‍ താടി വളര്‍ത്തിയ നിലയിലായിരുന്നു. സന്ദര്‍ശനം 20 മിനുട്ട് നീണ്ടുനിന്നതായാണു റിപോര്‍ട്ട്.

    മെഹ്ബൂബ മുഫ്തിയുടെ മാതാവും സഹോദരിയും വ്യാഴാഴ്ച സന്ദര്‍ശിച്ചതായാണു റിപോര്‍ട്ട്. പിഡിപി നേതാവ് മെഹ്ബൂബ മുഫ്തിയെ സബ് ജയിലായി പ്രഖ്യാപിച്ച ചെസ്മാഷാഹിയിലെ ടൂറിസം വകുപ്പിന്റെ കെട്ടിടത്തിലാണ് പാര്‍പ്പിച്ചിട്ടുള്ളത്. ഉമര്‍ അബ്ദുല്ലയുടെ സഹോദരി സഫിയയും ബന്ധുവും നിരവധി തവണ ഡെപ്യൂട്ടി കമ്മീഷറുടെ ഓഫിസിലെത്തി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഒടുവില്‍ തിങ്കളാഴ്ച സന്ദര്‍ശിക്കാനായതെന്നാണു റിപോര്‍ട്ട്. ഇതിനുമുമ്പ് ബലിപെരുന്നാള്‍ ദിനത്തിലാണ് ഫോണില്‍ ബന്ധപ്പെടാന്‍ അനുവദിച്ചിരുന്നത്.

    ഉമര്‍ അബ്ദുല്ലയുടെ പിതാവും മൂന്നുതവണ കശ്മീര്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുല്ലയെ ഫോണ്‍ പോലും അനുവദിക്കാതെ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ്. ജമ്മു കശ്മീര്‍ ഭരണകൂടത്തിലെ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ഏതാനും ആഴ്ചകളിലായി മൂന്നുതവണ ഇദ്ദേഹത്തെ സന്ദര്‍ശിച്ചതായി റിപോര്‍ട്ടുകളുണ്ടെങ്കിലും മകന്‍ ഇക്കാര്യം നിഷേധിക്കുകയാണ്. മെഹ്ബൂബ മുഫ്തിക്കും ഉമര്‍ അബ്ദുല്ലയ്ക്കും കശ്മീരിലും മറ്റും നടക്കുന്ന സംഭവ വികസങ്ങളെ കുറിച്ച് യാതൊരു വിവരവും ലഭ്യമാവുന്നില്ലെന്നും ചാനലുകളോ പത്രങ്ങളോ അനുവദിക്കുന്നില്ലെന്നുമാണ് റിപോര്‍ട്ടുകള്‍. ഉദ്യോഗസ്ഥര്‍ ഏതാനും സിനിമകളടങ്ങിയ ഡിവിഡി നല്‍കിയതായാണു വിവരം. അദ്ദേഹം പുസ്തക വായനയിലൂടെയും മറ്റുമാണു സമയം ചെലവഴിക്കുന്നത്. കശ്മീരി നേതാക്കളെ ഈയടുത്തൊന്നും പുറത്തുവിടില്ലെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന. നേതാക്കള്‍ കസ്റ്റഡിയില്‍ കഴിയുന്നതാണ് നല്ലതെന്നും കൂടുതല്‍ വോട്ട് ലഭിക്കാന്‍ കാരണമാവുമെന്നും കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മല്ലിക് ഈയിടെ പരിഹാസ്യരൂപത്തില്‍ പറഞ്ഞിരുന്നു.

Tags:    

Similar News