എണ്ണവില സര്‍വകാല റെക്കോര്‍ഡില്‍; ബാരലിന് 70 ഡോളര്‍വരെ ഉയര്‍ന്നു

ഇന്ത്യ വാങ്ങുന്ന ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില ഒറ്റയടിക്ക് 20 ശതമാനമാണ് വര്‍ധിച്ചത്. ബാരലിന് 70 ഡോളര്‍വരെ വില ഉയര്‍ന്നതായാണ് റിപോര്‍ട്ടുകള്‍. സൗദി അറേബ്യയിലെ എണ്ണ ഉല്‍പാദനകേന്ദ്രങ്ങള്‍ക്കുനേരേ യമനിലെ ഹൂത്തി വിമതര്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് വിലവര്‍ധനവുണ്ടായിരിക്കുന്നത്.

Update: 2019-09-16 04:32 GMT

ഹോങ്കോങ്: രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുത്തനെ കൂടി. ഇന്ത്യ വാങ്ങുന്ന ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില ഒറ്റയടിക്ക് 20 ശതമാനമാണ് വര്‍ധിച്ചത്. ബാരലിന് 70 ഡോളര്‍വരെ വില ഉയര്‍ന്നതായാണ് റിപോര്‍ട്ടുകള്‍. സൗദി അറേബ്യയിലെ എണ്ണ ഉല്‍പാദനകേന്ദ്രങ്ങള്‍ക്കുനേരേ യമനിലെ ഹൂത്തി വിമതര്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് വിലവര്‍ധനവുണ്ടായിരിക്കുന്നത്. ആക്രമണത്തിനുശേഷം സൗദിയിലെ എണ്ണ ഉല്‍പാദനം പകുതിയായി കുറച്ചിരുന്നു.

കഴിഞ്ഞ 28 വര്‍ഷത്തിനിടെ അസംസ്‌കൃത എണ്ണവിലയില്‍ ഒറ്റദിവസംകൊണ്ടുണ്ടാവുന്ന ഏറ്റവും വലിയ വിലവര്‍ധനയാണിത്. ഇതിന് മുമ്പ് ഇറാഖ്- കുവൈത്ത് യുദ്ധകാലയളവില്‍ മാത്രമാണ് എണ്ണവിലയില്‍ ഇത്രയധികം വര്‍ധന രേഖപ്പെടുത്തിയത്. വരുംദിവസങ്ങളില്‍ ക്രൂഡോയില്‍ വില ബാരലിന് 80 ഡോളര്‍ വരെ ഉയരാന്‍ സാധ്യതയുണ്ടെന്നും റിപോര്‍ട്ടുകളുണ്ട്.

ഡ്രോണ്‍ ആക്രമണത്തില്‍ തീപ്പിടിത്തമുണ്ടായതോടെ സൗദിയിലെ പ്രധാന എണ്ണക്കമ്പനിയായ അരാംകോ എണ്ണ ഉല്‍പാദനം നിര്‍ത്തിയതാണ് പ്രതിസന്ധിക്കുള്ള കാരണം. സൗദിയിലെ എണ്ണ ഉല്‍പാദനം പകുതിയായി കുറഞ്ഞതും വിലകൂടിയതും ഇന്ത്യയെയും ബാധിക്കും. ദിവസേന 50 ലക്ഷം ബാരല്‍ എണ്ണ പമ്പുചെയ്യാന്‍ ശേഷിയുള്ള 1200 കിലോമീറ്റര്‍ നീളമുള്ള പ്രധാന പൈപ്പ്‌ലൈനിനു നേരെയായിരുന്നു ആക്രമണം. ഇതിലൂടെയുള്ള എണ്ണ പമ്പിങ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.

ദിവസേന ഏഴുദശലക്ഷം ബാരല്‍ എണ്ണ ഉത്പാദിപ്പിക്കാനുള്ള ശേഷി പ്ലാന്റിനുണ്ട്. അപകടത്തോടെ ഇത് അഞ്ചുദശലക്ഷം ബാരലായി കുറയും. ഇതെത്തുടര്‍ന്നാണ് സൗദിയുടെ എണ്ണ ഉല്‍പാദനം പകുതിയോളം മുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചത്. ദേശീയ എണ്ണക്കമ്പനിയായ അരാംകോയുടെ അബ്‌ഖൈക്കിലെയും ഖുറൈസിലെയും കേന്ദ്രങ്ങള്‍ക്ക് നേരെയാണ് ഹൂതി വിമതരുടെ ഡ്രോണ്‍ ആക്രമണമുണ്ടായത്. എണ്ണ ഉല്‍പാദനം പൂര്‍വസ്ഥിതിയിലാകാന്‍ ആഴ്ചകളെടുത്തേക്കുമെന്നാണ് സൂചന. 

Tags:    

Similar News