ആഗോള വിപണിയില്‍ എണ്ണ വില കുതിച്ചുയരുന്നു; ബാരലിന് 110 ഡോളര്‍ വരെ കൂടി

Update: 2022-03-02 09:11 GMT

ന്യൂഡല്‍ഹി: ആഗോള വിപണിയില്‍ എണ്ണ വില കുതിച്ചുയരുന്നു. അസംസ്‌കൃത എണ്ണ വില ബാരലിന് 110 ഡോളര്‍ വരെയാണ് കൂടി. ഇത് ഏകദേശം എട്ട് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വര്‍ധനവാണ്. കരുതല്‍ എണ്ണശേഖരം പുറത്തെടുക്കാനുള്ള അന്താരാഷ്ട്ര ഊര്‍ജ സമിതി തീരുമാനമൊന്നും പ്രതിസന്ധി പരിഹരിക്കാന്‍ പര്യാപ്തമായിട്ടില്ല. കരുതല്‍ ശേഖരത്തില്‍നിന്ന് 60 ദശലക്ഷം ബാരല്‍ എണ്ണയാണ് പുറത്തെടുത്തത്. എണ്ണ ഉല്‍പാദക രാജ്യങ്ങളുടെ സുപ്രധാന യോഗം ഇന്ന് ചേരും. യുക്രെയ്ന്‍ യുദ്ധം തുടരുന്ന സാഹചര്യത്തില്‍ റഷ്യയ്‌ക്കെതിരേ ഉപരോധ നടപടികള്‍ കടുപ്പിച്ചതാണ് പൊടുന്നനെ വില ഉയരാന്‍ കാരണം. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും റഷ്യയുടെ ഊര്‍ജ മേഖലയിലേക്ക് കൂടി ഉപരോധം ദീര്‍ഘിപ്പിക്കാനുളള നീക്കത്തിലാണ്. അങ്ങനെ വന്നാല്‍ എണ്ണവില ബാരലിന് 130 ഡോളര്‍ വരെ ഉയര്‍ന്നേക്കുമെന്ന ആശങ്കയാണുള്ളത്.

ലോകത്താകമാനം ക്രൂഡ് കയറ്റുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യമാണ് റഷ്യ. 2014 ജൂലൈയില്‍ റഷ്യയുടെ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍ യുക്രെയ്ന്‍ അതിര്‍ത്തിയില്‍ സൈനിക നടപടി ആരംഭിക്കാന്‍ തീരുമാനിച്ചതിന് ശേഷം ആദ്യമായി എണ്ണ വില ബാരലിന് 100 ഡോളറായി ഉയര്‍ന്നു. 2014ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലേക്കാണ് വില കുതിച്ചത്. എണ്ണ, പ്രകൃതിവാതക കയറ്റുമതിയില്‍ മുന്നിട്ടുനില്‍ക്കുന്ന റഷ്യക്കെതിരെ ലോകരാജ്യങ്ങള്‍ രംഗത്തുവന്നതോടെ യൂറോപ്പില്‍ ഊര്‍ജ സമിതിയും വര്‍ധിച്ചിരിക്കുകയാണ്. വിലവര്‍ധന ചെറുക്കാനും കമ്മി നികത്താനും കരുതല്‍ ശേഖരത്തില്‍നിന്ന് 60 ദശലക്ഷം ബാരല്‍ എണ്ണ വിപണിയിലിറക്കാന്‍ അന്താരാഷ്ട്ര ഊര്‍ജസമിതി തീരുമാനിച്ചിരുന്നു.

ഇന്ത്യ ഉള്‍പ്പെടെ പല ഇറക്കുമതി രാജ്യങ്ങളും ഇത്തരമൊരു നീക്കത്തിനൊപ്പമാണ്. എന്നാല്‍, അതുകൊണ്ടുമാത്രം വിപണിയില്‍ വലിയ മാറ്റം കൊണ്ടുവരാനാവില്ല. ഉല്‍പാദനം ഗണ്യമായി ഉയര്‍ത്താന്‍ സൗദി അറേബ്യ ഉള്‍പ്പെടെ പ്രധാന എണ്ണ ഉല്‍പാദക രാജ്യങ്ങള്‍ക്കുമേല്‍ സമ്മര്‍ദം ശക്തമാണ്. പ്രസിഡന്റ് പുടിന്റെ നടപടികളുടെ ഫലമായി ആഗോള ഊര്‍ജ വിതരണത്തിലെ തടസ്സം പരിമിതപ്പെടുത്താന്‍ ലഭ്യമായ എല്ലാ സംവിധാനങ്ങളും ഉപയോഗിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്- വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാക്കി ഐഇഎ യോഗത്തിന് ശേഷം പ്രസ്താവനയില്‍ പറഞ്ഞു. ഊര്‍ജ വിപണിയിലെ നിലവിലെ സാഹചര്യം വളരെ ഗുരുതരമാണ്. നമ്മുടെ മുഴുവന്‍ ശ്രദ്ധയും ആവശ്യമാണെന്നും ഐഇഎ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാത്തിഹ് ബിറോള്‍ പറഞ്ഞു. ആഗോള ഊര്‍ജസുരക്ഷ ഭീഷണിയിലാണ്. ലോകം കൊവിഡ് പ്രതിസന്ധിയില്‍നിന്ന് കരകയറുന്ന ഈ ഘട്ടത്തില്‍ ലോക സമ്പദ്‌വ്യവസ്ഥയെ അപകടത്തിലാക്കുന്നു- ബിറോള്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News