ഒരുതവണ ചാർജ് ചെയ്താൽ 300 കിലോമീറ്റർ ഓടിക്കാം; സൗരോർജ്ജ കാർ നിർമിച്ച് കർഷകൻ

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോൾ ഞാൻ എന്റെ വീട്ടിലായിരുന്നു. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ എടുത്തുകഴിഞ്ഞാൽ ഉടൻ തന്നെ ഇന്ധനവില ഉയരുമെന്ന് എനിക്കറിയാമായിരുന്നു.

Update: 2021-03-14 08:51 GMT

മയൂർഭഞ്ച്: ഒഡീഷയിലെ മയൂർഭഞ്ചിലെ ഒരു കർഷകൻ സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക് കാർ നിർമിച്ചു. 850 വാട്ട്സ് മോട്ടോറിൽ പ്രവർത്തിക്കുന്ന കാർ ഒറ്റത്തവണ ചാർജ് ചെയ്താൽ 300 കിലോമീറ്റർ ഓടിക്കാൻ കഴിയും. സുശീൽ അഗർവാൾ എന്ന കർഷകനാണ് സൗരോർജ്ജ കാർ നിർമിച്ച് ശ്രദ്ധേയനായത്.

എനിക്ക് വീട്ടിൽ ഒരു വർക്ക് ഷോപ്പ് ഉണ്ട്. കൊവിഡ് ലോക്ക്ഡൗൺ സമയത്ത്, ഇത് നിർമിക്കുന്നതിനായി ഞാൻ പണി തുടങ്ങിയത്. ഫുൾ ചാർജിൽ 300 കിലോമീറ്റർ ഓടിക്കാൻ കഴിയും. എട്ടര മണിക്കൂറിനുള്ളിൽ കാറിന്റെ ബാറ്ററി പൂർണമായും ചാർജ് ചെയ്യാം. ഇത് മന്ദഗതിയിലുള്ള ചാർജിങ് ബാറ്ററിയാണ്. അത്തരം ബാറ്ററികൾക്ക് ദീർഘായുസ്സുണ്ട്. ഇത് 10 വർഷം വരെ നീണ്ടുനിൽക്കുമെന്നും സുശീൽ അഗർവാൾ പറഞ്ഞു.

മോട്ടോർ വൈൻഡിങ്, ഇലക്ട്രിക്കൽ ഫിറ്റിങ്, ചേസിസ് വർക്ക് എന്നിവയുൾപ്പെടെ ഈ വാഹനത്തിന്റെ എല്ലാ ജോലികളും എന്റെ വർക്ക് ഷോപ്പിൽ രണ്ട് മെക്കാനിക്കുകളുടേയും ഇലക്ട്രിക് ജോലികളറിയുന്ന ഒരു സുഹൃത്തിന്റെയും സഹായത്തോടെയാണ് പൂർത്തീകരിച്ചത്. വാഹനത്തിന്റെ പ്രാരംഭഘട്ട ഫ്രെയിമിനുള്ള ജോലികൾ പൂർത്തിയാക്കാൻ 3 മാസം വേണ്ടിവന്നു.

സ്വന്തമായി ഒരു കാർ നിർമിക്കാനുള്ള ആശയം ലോക്ക്ഡൗൺ കാലത്താണ് ഉരുത്തിരിഞ്ഞത്. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോൾ ഞാൻ എന്റെ വീട്ടിലായിരുന്നു. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ എടുത്തുകഴിഞ്ഞാൽ ഉടൻ തന്നെ ഇന്ധനവില ഉയരുമെന്ന് എനിക്കറിയാമായിരുന്നു. അതിനാൽ ഞാൻ സ്വന്തമായി ഒരു കാർ നിർമിക്കാൻ തീരുമാനിക്കുയായിരുന്നുവെന്നും അഗർവാൾ കൂട്ടിച്ചേർത്തു. ചില പുസ്തകങ്ങൾ വായിച്ചും യൂട്യൂബിൽ വീഡിയോകൾ കണ്ടുകൊണ്ടും മാത്രമാണ് അദ്ദേഹം വാഹനം നിർമിച്ചത്.

Similar News