ആധാർ ലിങ്ക് ചെയ്യാൻ സാധിച്ചില്ല രണ്ടുമാസമായി 272 കുടുംബങ്ങൾക്ക് റേഷൻ നിഷേധിച്ചു

റൈറ്റ് ടു ഫുഡ് കാംപയിൻ നടത്തിയ സർവേയിലാണ് രണ്ടു മാസമായി റേഷൻ നിഷേധിക്കപ്പെട്ട കുടുംബങ്ങളുടെ വിവരം പുറത്തുവന്നത്.

Update: 2019-10-12 16:59 GMT

നബരംഗ്പൂർ: ആധാർ നമ്പറുകൾ പൊതുവിതരണ സംവിധാനവുമായി ബന്ധിപ്പിക്കാൻ കഴിയാത്തതിനെ തുടർന്ന് നിരവധി കുടുംബങ്ങൾക്ക് റേഷൻ നിഷേധിച്ചു. ഒഡീഷയിലെ നബരംഗ്പൂർ ജില്ലയിലെ 272 കുടുംബങ്ങൾക്കാണ് സെപ്തംബർ, ഒക്ടോബർ മാസങ്ങളിൽ ഭക്ഷ്യ ധാന്യങ്ങളുടെ ക്വാട്ട ലഭിക്കാത്തത്.

നബരംഗ്പൂർ ജില്ലയിൽ റൈറ്റ് ടു ഫുഡ് കാംപയിൻ 63 ഗ്രാമങ്ങളിൽ നടത്തിയ സർവേയിലാണ് നീതിനിഷേധം പുറത്തുവന്നിരിക്കുന്നത്. സെപ്തംബർ 16 വരെ 18.67 ലക്ഷത്തിലധികം ആളുകളെ ഒഡീഷയിലെ ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിൻറെ ഗുണഭോക്താക്കളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അവരുടെ ആധാർ റേഷൻ കാർഡുകളുമായി ബന്ധിപ്പിക്കാൻ കഴിയാത്തതിനെ തുടർന്നാണിത്.

2013ൽ പാസാക്കിയ ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം, രാജ്യത്തെ ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗത്തിനും പ്രതിമാസം അഞ്ച് കിലോ സബ്സിഡി ഭക്ഷ്യ ധാന്യങ്ങൾ സർക്കാർ നൽകണം. എന്നാൽ ഈ നിയമപ്രകാരം ഗുണഭോക്താക്കളെ തിരിച്ചറിയുന്നതിൽ പ്രശ്‌നങ്ങളുണ്ടെന്ന് റിപോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു. പൊതുവിതരണ സമ്പ്രദായത്തെ ആധാറുമായി ബന്ധിപ്പിക്കാനുള്ള സർക്കാർ തീരുമാനം കാരണം ഗുണഭോക്താക്കളായി പട്ടികപ്പെടുത്തിയവർക്ക് പോലും റേഷൻ നിഷേധിക്കുന്നതായി റിപോർട്ടുകളുണ്ട്. പന്ത്രണ്ടക്ക ബയോമെട്രിക്സ് അടിസ്ഥാനമാക്കിയുള്ള ഐഡന്റിഫിക്കേഷൻ നമ്പറുകൾ നൽകുന്നതിൽ പരാജയപ്പെട്ടതിനാൽ പല കുടുംബങ്ങളും പിഡിഎസ് പട്ടികയിൽ നിന്ന് പുറത്താക്കപ്പെട്ടു.

നബരംഗ്പൂരിൽ ഒരു ഗ്രാമത്തിൽ നടത്തിയ സർവേയിൽ 1,271 പേരിൽ 435 പേർ പി‌ഡി‌എസ് പട്ടികയിൽ‌ നിന്നും പുറത്താക്കി. അവർക്ക് ആധാർ‌ നമ്പർ‌ ഇല്ലാത്തതിനാലോ നമ്പർ‌ ലിങ്കുചെയ്യാൻ‌ കഴിയാത്തതിനാലോ ആണ് പട്ടികയ്ക്ക് പുറത്തായത്. പിഡിഎസുമായി ആധാർ നമ്പറുകൾ ബന്ധിപ്പിക്കാത്തതിനാൽ പട്ടികയിൽ നിന്ന് പുറത്താക്കിയ 435 പേരിൽ 35% പേർ 10 വയസ്സിന് താഴെയുള്ള കുട്ടികളാണെന്ന് സർവേ വ്യക്തമാക്കുന്നു.

Tags:    

Similar News