മരംമുറിയില്‍ പ്രതികാരം തുടരുന്നു; ഒ ജി ശാലിനിക്ക് സെക്രട്ടറിയേറ്റിന് പുറത്തേക്ക് സ്ഥലംമാറ്റം
മരം മുറിയുമായി ബന്ധപ്പെട്ട ഫയലുകള്‍ വിവരാവകാശ നിയമപ്രകാരം കൈമാറിയ അണ്ടര്‍ സെക്രട്ടറി ഒ.ജി ശാലിനിയെ ശാസിച്ച റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി രണ്ട് മാസത്തെ അവധിയില്‍ പ്രവേശിക്കാന്‍ അവരോട് നിര്‍ദേശിച്ചിരുന്നു.
തിരുവനന്തപുരം: മരംമുറി കേസില്‍ വിവരാവകാശ പ്രകാരം ഫയല്‍ നല്‍കിയ ഉദ്യോഗസ്ഥക്കെതിരേ സര്‍ക്കാരിന്റെ പ്രതികാര നടപടി തുടരുന്നു. റവന്യൂ അണ്ടര്‍ സെക്രട്ടറി ഒ ജി ശാലിനിയെ സെക്രട്ടറിയേറ്റിന് പുറത്തേക്ക് സ്ഥലംമാറ്റി. റവന്യൂ വകുപ്പില്‍ നിന്നും ഹയര്‍സെക്കൻഡറി വകുപ്പിലേക്കാണ് മാറ്റിയത്. ഉദ്യോഗസ്ഥയെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശാസിക്കുകയും അവരുടെ ഗുഡ് സര്‍വീസ് എന്‍ട്രി റദ്ദാക്കുകയും ചെയ്തതിന് പിന്നാലെയാണ് സ്ഥലംമാറ്റം.
ഒ ജി ശാലിനിയെ റവന്യൂ വകുപ്പ് അണ്ടര്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് പൊതുവിദ്യാഭാസ ഡയറക്ട്രേറ്റിലെ ഹയര്‍സെക്കൻഡറി വിഭാഗത്തിലെ അസിസ്റ്റന്റ് ഡയറക്ടറായാണ് മാറ്റിയിരിക്കുന്നത്. ഡെപ്യൂട്ടേഷനില്‍ ഒരു വര്‍ഷത്തേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. ഈ തസ്തികയില്‍ ജോലി ചെയ്തിരുന്ന ബിന്ദു ആര്‍ ആറിനെ റവന്യൂ വകുപ്പിലേക്ക് മാറ്റിയിട്ടുമുണ്ട്.
മരം മുറിയുമായി ബന്ധപ്പെട്ട ഫയലുകള്‍ വിവരാവകാശ നിയമപ്രകാരം കൈമാറിയ അണ്ടര്‍ സെക്രട്ടറി ഒ.ജി ശാലിനിയെ ശാസിച്ച റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി രണ്ട് മാസത്തെ അവധിയില്‍ പ്രവേശിക്കാന്‍ അവരോട് നിര്‍ദേശിച്ചിരുന്നു. അതിന് പിന്നാലെ ഇവര്‍ക്ക് നല്‍കിയ ഗുഡ് സര്‍വീസ് എന്‍ട്രി റദ്ദാക്കാനും തീരുമാനിച്ചു. ഒ ജി ശാലിനിയുടെ ഗുഡ് സര്‍വീസ് എന്‍ട്രി റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവില്‍ പിഴവ് ഉണ്ടായിതിനേത്തുടര്‍ന്ന് ഉത്തരവില്‍ തിരുത്തല്‍ വരുത്തി ഇന്നലെ ഉത്തരവിറക്കിയിരുന്നു.
എന്നാല്‍ പ്രതികാര നടപടിയുടെ ഭാഗമായി ഉത്തരവിറക്കിയ ജയാതിലകിനെ സ്ഥാനത്ത് നിന്നും മാറ്റുന്നത് വരെ പ്രതിഷേധം തുടരാണ് സെക്രട്ടറിയേറ്റിലെ പ്രതിപക്ഷ സംഘടനകളുടെ തീരുമാനം. വിവരാവകാശ നിയമപ്രകാരം മറുപടി നല്‍കിയ ഉദ്യോഗസ്ഥക്കെതിരേ നടപടി സ്വീകരിച്ചത് വിവരാവകാശ ലംഘനം ആണെന്നും ഇതിനെതിരേ നടപടി വേണമെന്നും ആവശ്യപ്പെട്ട് വിവരാവകാശ പ്രവര്‍ത്തകനായ പ്രാണകുമാര്‍ വിവരാവകാശ കമ്മീഷന് പരാതിയും നല്‍കിയിട്ടുണ്ട്.
