പെഗാസസ്: ന്യൂയോർക്ക് ടൈംസ് വെളിപ്പെടുത്തൽ ആയുധമാക്കി പ്രതിപക്ഷ പാർട്ടികൾ

യുദ്ധമുന്നണിയിലെ ആയുധം ഇന്ത്യൻ പൗരന്മാർക്കെതിരേ ഉപയോഗിക്കുന്നു. നിയമവിരുദ്ധമായ ചോർത്തൽ രാജ്യദ്രോഹമാണെന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞു.

Update: 2022-01-30 04:30 GMT

ന്യൂഡൽഹി: പാർലമെന്റിന്റെ ബജറ്റ് സമ്മേളനം തിങ്കളാഴ്ച തുടങ്ങാനിരിക്കേ രാജ്യത്ത് വീണ്ടും പെഗാസസ് വിവാദം കത്തുന്നു. 2017-ൽ ഇസ്രായേലുമായുള്ള സഹസ്രകോടികളുടെ പ്രതിരോധക്കരാറിൽ ഉൾപ്പെടുത്തിയാണ് ഇന്ത്യ പെഗാസസ് വാങ്ങിയതെന്ന ന്യൂയോർക്ക് ടൈംസിന്റെ വെളിപ്പെടുത്തലാണ് വിവാദമായത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്രത്തിനെതിരേ രൂക്ഷവിമർശനവുമായി പ്രതിപക്ഷനേതാക്കൾ രംഗത്തെത്തി.

മോദി സർക്കാർ ചെയ്തത് രാജ്യദ്രോഹമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി എംപി തുറന്നടിച്ചു. ജനാധിപത്യ സ്ഥാപനങ്ങൾ, രാഷ്ട്രീയനേതാക്കൾ, പൊതുസ്ഥാപനങ്ങൾ, ജുഡീഷ്യറി, പ്രതിപക്ഷനേതാക്കൾ, സായുധസേന എന്നിവരുടെ വിവരങ്ങൾ ചോർത്താൻ വാങ്ങിയതാണ് പെഗാസസ് സോഫ്റ്റ്‍വെയറെന്നും അദ്ദേഹം വിമർശിച്ചു.

മോദി സർക്കാർ എന്തിനാണ് ഇന്ത്യയുടെ ശത്രുക്കളെപ്പോലെ പെരുമാറിയതെന്ന് കോൺഗ്രസ് രാജ്യസഭാ നേതാവ് മല്ലികാർജുൻ ഖാർഗെ ചോദിച്ചു. യുദ്ധമുന്നണിയിലെ ആയുധം ഇന്ത്യൻ പൗരന്മാർക്കെതിരേ ഉപയോഗിക്കുന്നു. നിയമവിരുദ്ധമായ ചോർത്തൽ രാജ്യദ്രോഹമാണെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ തകർക്കാൻ പൊതുഖജനാവിലെ പണം ഉപയോഗിച്ചാണ് മോദി സർക്കാർ പെഗാസസ് വാങ്ങിയതെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പു കമ്മിഷൻ, രാഷ്ട്രീയനേതാക്കൾ, സുപ്രിംകോടതി ഉദ്യോഗസ്ഥർ തുടങ്ങിയവരുടെയൊക്കെ രഹസ്യം ചോർത്തുന്നത് ഗുരുതരമായ ജനാധിപത്യ അട്ടിമറിയാണ്. ഇത് അംഗീകരിക്കാനാവില്ല. ഈ സർക്കാർ പുറത്തുപോവണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.

പ്രതിരോധ ആവശ്യത്തിനല്ല, പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും ചോർത്താനാണ് പെഗാസസ് ഉപയോഗിച്ചതെന്ന് ശിവസേനാ നേതാവ് പ്രിയങ്കാ ചതുർവേദി ആരോപിച്ചു. കോൺഗ്രസ് നേതാക്കളായ ശക്തിസിൻഹ് ഗോഹിൽ, ഗൗരവ് ഗൊഗോയ് തുടങ്ങിയവരും കേന്ദ്രസർക്കാരിനെതിരേ വിമർശനങ്ങളുമായി രംഗത്തെത്തി.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, അദ്ദേഹത്തിന്റെ ഓഫീസിലെ അഞ്ചു ജീവനക്കാർ, എച്ച്.ഡി. ദേവഗൗഡ, സിദ്ധരാമയ്യ, എച്ച് ഡി കുമാരസ്വാമി, വസുന്ധര രാജെ, പ്രവീൺ തൊഗാഡിയ തുടങ്ങിയവരുടെ ഫോണുകൾ ചോർത്തിയതായി വെളിപ്പെടുത്തലുണ്ടായിരുന്നു.