ഡോക്ടര്‍മാരുടെ ചെരുപ്പ് വൃത്തിയാക്കിച്ചു, ലൈംഗിക അധിക്ഷേപം, ക്രിസ്ത്യാനികളല്ലാത്തവരെ പള്ളിയില്‍ പോവാന്‍ നിര്‍ബന്ധിക്കുന്നു; എസ് എച്ച് നഴ്‌സിങ് കോളജ് വൈസ് പ്രിന്‍സിപ്പലിനെതിരേ വിദ്യാര്‍ഥികള്‍
കോളജ് വൈസ് പ്രിന്‍സിപ്പല്‍ ലൈംഗികമായി അധിക്ഷേപിച്ചു എന്നതുള്‍പ്പെടെ ഗുരുതര ആരോപണങ്ങളാണ് വിദ്യാര്‍ഥികള്‍ ഉയര്‍ത്തിയിരിക്കുന്നത്. നഴ്‌സിങ് വിദ്യാര്‍ഥികളെ കൊണ്ട് നിര്‍ബന്ധിപ്പിച്ച് ഡോക്ടര്‍മാരുടെ ചെരുപ്പ് വൃത്തിയാക്കിച്ചതായും പരാതിയില്‍ പറയുന്നു. ആരോഗ്യസര്‍വകലാശാലയ്ക്ക് കൈമാറിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പുറത്തുവന്നു.
തിരുവനന്തപുരം: വൈസ് പ്രിന്‍സിപ്പല്‍ ലൈംഗിക അധിക്ഷേപം നടത്തിയതുള്‍പ്പടെ ഗുരുതര കുറ്റങ്ങളുമായി ആലപ്പുഴ ചേര്‍ത്തല എസ്എച്ച് നഴ്‌സിങ് കോളേജിനെതിരേ ആരോഗ്യ സര്‍വ്വകലാശാലയ്ക്ക് നഴ്‌സിങ് കൗണ്‍സിലിന്റെ റിപോര്‍ട്ട്. കോളജ് വൈസ് പ്രിന്‍സിപ്പല്‍ ലൈംഗികമായി അധിക്ഷേപിച്ചു എന്നതുള്‍പ്പെടെ ഗുരുതര ആരോപണങ്ങളാണ് വിദ്യാര്‍ഥികള്‍ ഉയര്‍ത്തിയിരിക്കുന്നത്. നഴ്‌സിങ് വിദ്യാര്‍ഥികളെ കൊണ്ട് നിര്‍ബന്ധിപ്പിച്ച് ഡോക്ടര്‍മാരുടെ ചെരുപ്പ് വൃത്തിയാക്കിച്ചതായും പരാതിയില്‍ പറയുന്നു. ആരോഗ്യസര്‍വകലാശാലയ്ക്ക് കൈമാറിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പുറത്തുവന്നു.
ഒരുമിച്ച് നടക്കുകയോ പഠിക്കുകയോ ചെയ്താല്‍ കുട്ടികള്‍ തമ്മില്‍ സ്വവര്‍ഗ ലൈംഗിക ബന്ധമാണെന്ന് വൈസ് പ്രിന്‍സിപ്പല്‍ ചിത്രീകരിക്കുന്നു, അധ്യാപകരുടെ ചെരിപ്പും ഓപ്പറേഷന്‍ തിയേറ്ററിലെ കക്കൂസും വരെ വിദ്യാര്‍ത്ഥികളെക്കൊണ്ട് വൃത്തിയാക്കിക്കുന്നു, വീട്ടില്‍പ്പോകാന്‍ പോലും അനുവദിക്കാറില്ല തുടങ്ങിയ ആരോപണങ്ങളും വിദ്യാര്‍ഥികള്‍ ഉന്നയിക്കുന്നു.
വെള്ളിയാഴ്ച നഴ്‌സിങ് കൗണ്‍സില്‍ അംഗങ്ങള്‍ എസ്ച്ച് കോളജ് നഴ്‌സിങിലെ വിദ്യാര്‍ഥിനികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നിരന്തരം വൈസ് പ്രിന്‍സിപ്പല്‍ മാനസികമായും വൈകാരികമായും പീഡിപ്പിച്ചതായി വിദ്യാര്‍ഥിനികള്‍ മൊഴി നല്‍കി. യൂനിഫോമിലെ ചുളിവിനെ പോലും ലൈംഗികമായി വ്യാഖ്യാനിക്കുന്നുവെന്നും വിദ്യാര്‍ഥിനികള്‍ പറയുന്നു.
കുട്ടികളെ കൊണ്ട് നിരന്തരം ആശുപത്രിഭാഗങ്ങള്‍ ക്ലീന്‍ ചെയ്യിക്കുന്നതായും, വാഷ്‌ബേസിന്‍ കഴുകിക്കുക്കുന്നതായും തറ തുടപ്പിക്കുന്നതായും പരാതിയില്‍ പറയുന്നു. കൂടാതെ ഡോക്ടര്‍മാരുടെ ചെരുപ്പ് നിര്‍ബന്ധിച്ച് വൃത്തിയാക്കിക്കുന്നതായു വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.
ഹോസ്റ്റല്‍ ജയിലിന് സമാനമാണെന്ന് വിദ്യാര്‍ഥിനികള്‍ പറയുന്നു. ഒഴിവുദിവസങ്ങളില്‍ പോലും പുറത്തുപോകാന്‍ അനുവാദമില്ല. മാതാപിതാക്കളുമായി ഫോണ്‍വിളിക്കാന്‍ പോലും അനുമതിയില്ല. ക്രിസ്ത്യാനികളല്ലാത്ത വിദ്യാര്‍ഥികളും പള്ളിയില്‍ പോകണം. ഇല്ലെങ്കില്‍ അധികൃതര്‍ ശിക്ഷിക്കുന്നതായും വിദ്യാര്‍ഥിനികള്‍ നഴ്‌സിങ് കൗണ്‍സില്‍ അംഗങ്ങള്‍ക്ക് മുന്‍പാകെ മൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ നഴ്‌സിങ്ങ് കോളജില്‍ അടിയന്തരമായി പിടിഎ യോഗം വിളിക്കാന്‍ നഴ്‌സിങ് കൗണ്‍സില്‍ നിര്‍ദ്ദേശം നല്‍കി. റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മറ്റന്നാള്‍ നഴ്‌സിങ് കൗണ്‍സിലും ആരോഗ്യസര്‍വ്വകലാശാലയും ഉള്‍പ്പടെ പങ്കെടുത്ത് യോഗം നടക്കും.

