നഴ്‌സസ് ദിനത്തില്‍ സുരക്ഷാ ഉപകരണങ്ങള്‍ ആവശ്യപ്പെട്ട് നഴ്‌സുമാരുടെ സമരം(വീഡിയോ)

നിര്‍ബന്ധിതാവധിയെടുക്കാന്‍ ആവശ്യപ്പെടുന്നുവെന്നും രോഗികള്‍ കുറവാണെന്ന കള്ളംപറഞ്ഞ് പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തുന്നതായും നഴ്‌സുമാര്‍ ആരോപിച്ചു.

Update: 2020-05-12 05:45 GMT

കണ്ണൂര്‍: ലോക നഴ്‌സസ് ദിനത്തില്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ സുരക്ഷാ ഉപകരണങ്ങള്‍ ആവശ്യപ്പെട്ട് നഴ്‌സുമാരുടെ സമരം. കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ മാസ്‌ക്, ഗ്ലൗസ് തുടങ്ങിയ സുരക്ഷാ ഉപകരണങ്ങള്‍ നല്‍കാതെയും സ്വന്തം ചെലവില്‍ വാങ്ങാന്‍ നിര്‍ബന്ധിക്കുന്നതിലും പ്രതിഷേധിച്ചാണ് കണ്ണൂര്‍ കൊയിലി ആശുപത്രിയിലെ നഴ്‌സുമാര്‍ ഒന്നടങ്കം ആശുപത്രിക്കു മുന്നില്‍ സമരവുമായി രംഗത്തിറങ്ങിയത്. കഴിഞ്ഞ രണ്ടുമാസമായി ആശുപത്രിയിലെ നഴ്‌സുമാര്‍ സ്വന്തം ചെലവില്‍ മാസ്‌കും ഗ്ലൗസും മറ്റും വാങ്ങിയാണ് സേവനമനുഷ്ഠിക്കുന്നത്. ഇതുവരെ നഴ്‌സുമാരില്‍ നിന്ന് 25 രൂപ ഈടാക്കിയാണ് മാസ്‌ക് നല്‍കിയിരുന്നതെന്ന് നഴ്‌സുമാര്‍ ആരോപിച്ചു. ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത വിധത്തില്‍, രാത്രി ഡ്യൂട്ടിയിലുള്ളവര്‍ ജോലി തുടര്‍ന്നാണ്, രാവിലെ ജോലിക്കെത്തേണ്ടവര്‍ സമരം നടത്തുന്നത്. സാമൂഹിക അകലം പാലിച്ചാണ് നഴ്‌സുമാര്‍ പ്രത്യക്ഷ സമരത്തിനിറങ്ങിയത്.

    


Full View

    സമരത്തിനു പിന്തുണയുമായി ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍(ഐഎന്‍എ) രംഗത്തെത്തി. കൊറോണ വൈറസ് വ്യാപനത്തിന്റെ സമയത്ത് സ്വന്തം ജീവന്‍ പണയംവച്ച് ജോലി ചെയ്യുന്ന നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് ആവശ്യമായ സുരക്ഷാ ഉപകരണങ്ങള്‍ നല്‍കണമെന്ന് ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നല്‍കിയില്ല. മാത്രമല്ല, നിര്‍ബന്ധിതാവധിയെടുക്കാന്‍ ആവശ്യപ്പെടുന്നുവെന്നും രോഗികള്‍ കുറവാണെന്ന കള്ളംപറഞ്ഞ് പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തുന്നതായും നഴ്‌സുമാര്‍ ആരോപിച്ചു. ഇതിനുപുറമെ, വാഹനങ്ങള്‍ ഉണ്ടായിട്ടും നഴ്‌സുമാര്‍ക്കും ജീവനക്കാര്‍ക്കും വാഹന സൗകര്യം നല്‍കുന്നില്ലെന്നും നഴ്‌സുമാര്‍ പറഞ്ഞു. ലോക്ക് ഡൗണ്‍ കാലത്ത് സ്വകാര്യ വാഹനങ്ങളില്‍ എത്തിപ്പെടാന്‍ വന്‍ സാമ്പത്തികയാണുണ്ടാവുന്നത്. ആദ്യഘട്ടത്തില്‍ ഡോക്ടര്‍മാര്‍ കുറവായതിനാല്‍ രോഗികളുടെ എണ്ണം കുറവായിരുന്നു. എന്നാല്‍, ഇപ്പോള്‍ ആശുപത്രിയിലെത്തുന്നവരുടെ എണ്ണം നോക്കിയാല്‍ സാമ്പത്തിക ബാധ്യതയില്ലെന്ന് വ്യക്തമാവും. എന്നിട്ടും നഴ്‌സുമാരോട് വിവേചനം കാണിക്കുകയാണെന്നും ആശുപത്രിയിലെ നഴ്‌സുമാരുടെ പ്രതിനിധിയായ ധന്യ പറഞ്ഞു. അതേസമയം, പോലിസ് ഉദ്യോഗസ്ഥരെത്തി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്ന് നഴ്‌സുമാര്‍ക്ക് ആവശ്യമായ സുരക്ഷാ ഉപകരണങ്ങള്‍ നല്‍കാമെന്ന ഉറപ്പിന്‍മേല്‍ താല്‍ക്കാലികമായി സമരം നിര്‍ത്തിവച്ചിരിക്കുകയാണ്.


Tags:    

Similar News