അജിത് ഡോവല്‍ ഇസ്രായേല്‍ സന്ദര്‍ശിച്ചു; നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തി

Update: 2024-03-13 04:39 GMT

ന്യൂഡല്‍ഹി: ഗസ യുദ്ധം ആരംഭിച്ചശേഷമുള്ള ആദ്യ ഉന്നതതല ഇസ്രായേല്‍ സന്ദര്‍ശനത്തില്‍ ഇന്ത്യന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തിങ്കളാഴ്ച ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ച രാത്രി വൈകി ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്ന് കൂടിക്കാഴ്ചയുടെ വാര്‍ത്ത പുറത്തുവന്നത്. സന്ദര്‍ശനം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല. 'പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്ന് ഇന്ത്യന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തുകയും ഗസ മുനമ്പിലെ പോരാട്ടത്തിലെ സമീപകാല സംഭവവികാസങ്ങളെക്കുറിച്ച് അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു. ബന്ദികളെ മോചിപ്പിക്കാനുള്ള ശ്രമത്തെക്കുറിച്ചും മാനുഷിക സഹായം നല്‍കുന്നതിനെക്കുറിച്ചും കക്ഷികള്‍ ചര്‍ച്ച ചെയ്തതായി എക്‌സിലൂടെ അറിയിച്ചു. നേരത്തേ യുദ്ധം തുടങ്ങിയ ശേഷം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായും ഫലസ്തീന്‍ പ്രസിഡന്റുമായും നിരവധി തവണ ഫോണ്‍ കോളുകള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ അഞ്ച് മാസത്തിനിടെ ഒരു മുതിര്‍ന്ന ഇന്ത്യന്‍ ഉദ്യോഗസ്ഥന്റെ ആദ്യ സന്ദര്‍ശനമാണിത്. നെതന്യാഹുവിന്റെ ഉന്നത സഹായികള്‍, ദേശീയ സുരക്ഷാ കൗണ്‍സില്‍ ഡയറക്ടര്‍, വിദേശ നയ ഉപദേഷ്ടാവ്, ഇസ്രായേലിലെ ഇന്ത്യന്‍ അംബാസഡര്‍ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.




Tags:    

Similar News