എന്‍പിആര്‍ എന്‍ആര്‍സിയിലേക്കുള്ള പ്രാഥമിക ചുവട് വയ്പ്; തള്ളിക്കളയണമെന്ന് പോപുലര്‍ ഫ്രണ്ട്

എന്‍പിആര്‍ നടപ്പാക്കാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട എം മുഹമ്മദലി ജിന്ന ഈ പ്രക്രിയയുമായി നിസ്സഹരിക്കാന്‍ രാജ്യത്തെ പൗരന്മാരോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു

Update: 2019-12-25 16:02 GMT

ന്യൂഡല്‍ഹി: മന്ത്രി സഭ അംഗീകാരം നല്‍കിയ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍), ദേശീയ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കുന്നതിനുള്ള പ്രാഥമിക ചുവട് വയ്പല്ലാതെ മറ്റൊന്നുമല്ലെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ജനറല്‍ സെക്രട്ടറി എം മുഹമ്മദ് അലി ജിന്ന. രാജ്യത്തെ ഓരോ സാധാരണ താമസക്കാരന്റെയും സമഗ്രമായ ഐഡന്റിറ്റി ഡാറ്റാബേസാണ് എന്‍പിആര്‍ എന്ന് വ്യക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവുന്നില്ല.

ഈ ഡാറ്റാബേസ് വ്യക്തികളുടെ ജനസംഖ്യാ വിതരണവും ബയോമെട്രിക് വിശദാംശങ്ങളും ശേഖരിക്കാന്‍ ശ്രമിക്കുന്നതിനാല്‍ സാധാരണ സെന്‍സസ് സര്‍വേയില്‍ നിന്ന് വിഭിന്നമായി എല്ലാം ഉള്‍ക്കൊള്ളുന്ന ഒരു ഡാറ്റ ശേഖരണമായിരിക്കുമിത്. 2014 നവംബറില്‍ കേന്ദ്ര മന്ത്രി കിരണ്‍ റിജിജു രാജ്യസഭയില്‍ നല്‍കിയ മറുപടിയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ 2017-18, 2018-19 വാര്‍ഷിക റിപ്പോര്‍ട്ടും എന്‍പിആര്‍, എന്‍ആര്‍സിയുടെ ആദ്യപടിയാണെന്ന് വെളിപ്പെടുത്തുന്നതാണ്. 1948ലെ സെന്‍സസ് ആക്റ്റ് അനുസരിച്ചുള്ള സാധാരണ സെന്‍സസിനെ പിന്തുടരുന്നതല്ല എന്‍പിആറിന് വേണ്ടിയുള്ള ഭഗീരഥ പ്രയത്‌നം.സെന്‍സസ് രജിസ്ട്രാറുടെ ഔദ്യോഗിക വെബ്‌സൈറ്റിന്റെ ഹോം പേജും ഒരു എന്‍ആര്‍സി വിന്‍ഡോ പ്രദര്‍ശിപ്പിക്കുന്നുണ്ട്. എന്‍പിആര്‍ തയ്യാറാക്കുന്നതിനു പിന്നിലെ കുടില അജണ്ട വിരല്‍ചൂണ്ടുന്നത് വിവാദമായ എന്‍ആര്‍സി നടപ്പാക്കുന്നതിനുള്ള സംശയാസ്പദമായ മാര്‍ഗത്തിലേക്കാണ്. പൗരത്വ ഭേദഗതി നിയമത്തിനും എന്‍ആര്‍സിക്കുമെതിരായ രാജ്യവ്യാപക പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ എന്‍പിആറിനായി ത്വരിതഗതിയിലുള്ള നീക്കത്തിന് പിന്നില്‍ സംശയാസ്പദമായ എന്തോ ഉണ്ട്.

എന്‍പിആര്‍ നടപ്പാക്കാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട എം മുഹമ്മദലി ജിന്ന ഈ പ്രക്രിയയുമായി നിസ്സഹരിക്കാന്‍ രാജ്യത്തെ പൗരന്മാരോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

Tags:    

Similar News