പ്രതിഷേധം ശക്തം; കര്‍ഷകര്‍ക്കു മുന്നില്‍ പെപ്‌സികോ കീഴടങ്ങുന്നു

തങ്ങളുടെ ഉല്‍പ്പന്നമായ ലെയ്‌സില്‍ ഉപയോഗിക്കുന്ന ഉരുളക്കിഴങ്ങ് കൃഷി ചെയ്തുവെന്നാരോപിച്ചാണ് പെപ്‌സിക്കോ കമ്പനി 4.2 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഏതാനും ചെറുകിട കര്‍ഷകര്‍ക്കെതിരേ കേസ് ഫയല്‍ ചെയ്തത്.

Update: 2019-04-26 13:09 GMT

അഹ്മദാബാദ്: പ്രതിഷേധം ശക്തമായതോടെ ഗുജറാത്തിലെ കര്‍ഷകര്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ തയ്യാറായി ഫുഡ് ആന്റ് ബിവറേജസ് കമ്പനി പെപ്‌സികോ. തങ്ങളുടെ ഉല്‍പ്പന്നമായ ലെയ്‌സില്‍ ഉപയോഗിക്കുന്ന ഉരുളക്കിഴങ്ങ് കൃഷി ചെയ്തുവെന്നാരോപിച്ചാണ് പെപ്‌സിക്കോ കമ്പനി 4.2 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഏതാനും ചെറുകിട കര്‍ഷകര്‍ക്കെതിരേ കേസ് ഫയല്‍ ചെയ്തത്. ലെയ്‌സ് ചിപ്‌സില്‍ ഉപയോഗിക്കുന്ന പ്രത്യേക ഇനം ഉരുളക്കിഴങ്ങ് കൃഷി ചെയ്യുന്നത് അവസാനിപ്പിക്കാന്‍ കര്‍ഷകര്‍ തയ്യാറാണെങ്കില്‍ കേസ് പിന്‍വലിക്കാമെന്നാണ് പെപ്‌സികോ അറിയിച്ചിരിക്കുന്നത്.

അഹ്മദാബാദിലെ സിവില്‍ കോടതിയിലാണ് പെപ്‌സികോ കമ്പനി അഭിഭാഷകന്‍ സെറ്റില്‍മെന്റിന് തയ്യാറാണെന്ന കാര്യം അറിയിച്ചത്. തങ്ങള്‍ക്ക് പേറ്റന്റുള്ള ഉരുളക്കിഴക്ക് കൃഷി ചെയ്യുന്നത് കര്‍ഷകര്‍ അവസാനിപ്പിക്കുകയും നിലവിലുള്ള സ്റ്റോക്ക് നശിപ്പിക്കുകയും ചെയ്യണം. അതല്ലെങ്കില്‍ തങ്ങളില്‍ നിന്ന് വിത്ത് വാങ്ങി കൃഷി ചെയ്ത് ഉല്‍പ്പന്നം പെപ്‌സികോയ്ക്ക് തിരിച്ചു നല്‍കുന്ന രീതിയില്‍ കരാറിലെത്തണം എന്ന ഉപാധിയാണ് മുന്നോട്ടുവച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ മറുപടി നല്‍കാന്‍ സമയം വേണമെന്ന് കര്‍ഷകരുടെ അഭിഭാഷകന്‍ പറഞ്ഞു. കേസില്‍ ജൂണ്‍ 12ന് വീണ്ടും വാദം കേള്‍ക്കും.

2001ലെ പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആന്റ് ഫാര്‍മേഴ്‌സ് റൈറ്റ്‌സ് ആക്ടിലുള്ള 64ാം വകുപ്പ് പ്രകാരമാണ് പെപ്‌സികോ കോടതിയെ സമീപിച്ചത്. അതേ സമയം, ഇതേ നിയമത്തിലെ 39ാം വകുപ്പാണ് കര്‍ഷകര്‍ മുന്നോട്ട് വയക്കുന്നത്. ഇത് പ്രകാരം തങ്ങളുടെ കൈയിലുള്ള വിത്ത് ഉപയോഗിക്കാനും കൃഷിചെയ്യാനും വീണ്ടും ഉല്‍പ്പന്നം വില്‍ക്കാനും അനുമതി നല്‍കുന്നു. ബ്രാന്‍ഡ് ചെയ്യപ്പെട്ട വിത്ത് വില്‍ക്കാന്‍ പാടില്ലെന്നേയുള്ളു.

ലോകവ്യാപാര സംഘടന നിലവില്‍ വന്ന ശേഷം ഇന്ത്യയിലെ കര്‍ഷകര്‍ക്കെതിരേ കോര്‍പറേറ്റ് കമ്പനികള്‍ നല്‍കുന്ന ഇത്തരത്തിലുള്ള ആദ്യത്തെ കേസാണിതെന്ന് ഗുജറാത്ത് കേദുത്ത് സമാജിലെ ബാദ്രിഭായി ജോഷി പറഞ്ഞു. കര്‍ഷകരുടെ ജീവിതത്തെ ദോഷകരമായി ബാധിക്കുന്ന കീഴ്‌വഴക്കം ഇതിലൂടെ സൃഷ്ടിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. ലോകവ്യാപാര സംഘടനയ്ക്ക് കീഴില്‍ കര്‍ഷകരെ കോര്‍പറേറ്റുകള്‍ ചൂഷണം ചെയ്യുന്നതിന്റെ ഉദാഹരണമാണ് ഈ കേസെന്ന് ആള്‍ ഇന്ത്യാ കിസാന്‍ സഭയുടെ ജനറല്‍ സെക്രട്ടറി ഹനാന്‍ മൊല്ല പറഞ്ഞു.  

Tags:    

Similar News