കര്‍ണാടകയില്‍ ഹലാല്‍ മാംസ നിരോധനം ആവശ്യപ്പെട്ട് ഹിന്ദുത്വസംഘടനകള്‍

Update: 2022-03-31 04:53 GMT

ബംഗളൂരു: കര്‍ണാടകയില്‍ ഹലാല്‍ മാംസം നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വസംഘടനകള്‍ രംഗത്ത്. കര്‍ണാടകയിലെ തീരപ്രദേശങ്ങളിലെ ഹിന്ദുമത മേളകളിലും ക്ഷേത്ര പരിസരങ്ങളിലും മുസ്‌ലിം കടകള്‍ക്കും സ്റ്റാളുകള്‍ക്കും ഹിന്ദുത്വ ഗ്രൂപ്പുകള്‍ വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെയാണ് ഹലാല്‍ വിവാദവും ഉടലെടുത്തിരിക്കുന്നത്. മുസ്‌ലിം മതപരമായ ആചാരപ്രകാരമാണ് ഹലാല്‍ മാംസം തയ്യാറാക്കുന്നത്. എല്ലാ മുസ്‌ലിംകളും ഹലാല്‍ മാംസം മാത്രമാണ് കഴിക്കുന്നത്. മുസ്‌ലിം കടകളില്‍ വില്‍ക്കുന്ന ഇറച്ചിയും കോഴിയിറച്ചിയും ഹലാല്‍ ആചാരപ്രകാരം തയ്യാറാക്കിയതിനാല്‍ അത്തരം കടകള്‍ ബഹിഷ്‌കരിക്കണമെന്നാണ് ഹിന്ദുക്കളോടുള്ള ഹിന്ദുത്വ സംഘടനകളുടെ ആഹ്വാനം.

ഹിന്ദുക്കള്‍ക്ക് ഹലാല്‍ മാംസം വില്‍ക്കുന്നത് സാമ്പത്തിക ജിഹാദിന്റെ ഒരു രൂപമായാണ് ഹിന്ദുത്വസംഘടനകള്‍ വിശേഷിപ്പിക്കുന്നത്. കര്‍ണാടകയിലെ പുതുവര്‍ഷപ്പിറവിയായ ഉഗാദി ആഘോഷത്തിന് ഹലാല്‍ മാംസം ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി ഹിന്ദുസംഘടനകള്‍ രംഗത്തെത്തിയിരുന്നു. കര്‍ണാടകയിലെ പുതുവര്‍ഷാഘോഷമായ ഉഗാദിക്ക് ചില ഹിന്ദു സമുദായങ്ങള്‍ മാംസം അര്‍പ്പിച്ച് പൂജ നടത്താറുണ്ട്. ഇതിന് ഹലാല്‍ മാംസം ഉപയോഗിക്കരുതെന്നാണ് ഹിന്ദുത്വ സംഘടനയായ ഹിന്ദു ജനജാഗ്രതി സമിതി ആഹ്വാനം ചെയ്തിരിക്കുന്നത്. 'ഉഗാദി സമയത്ത്, ഹിന്ദുക്കള്‍ ധാരാളം മാംസം വാങ്ങാറുണ്ട്. അതിനാല്‍, ഞങ്ങള്‍ ഹലാല്‍ മാംസത്തിനെതിരെ ഒരു കാമ്പയിന്‍ ആരംഭിക്കുന്നു.

ഇസ്‌ലാം അനുസരിച്ച്, ഹലാല്‍ മാംസം ആദ്യം അല്ലാഹുവിനാണ് അര്‍പ്പിക്കുന്നത്, അത് ഹിന്ദു ദൈവങ്ങള്‍ക്ക് സമര്‍പ്പിക്കാന്‍ കഴിയില്ല'- സമിതി വക്താവ് മോഹന്‍ ഗൗഡയെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപോര്‍ട്ട് ചെയ്യുന്നു. നേരത്തെ, ഹലാല്‍ സാമ്പത്തിക ജിഹാദാണെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സി ടി രവിയും ആരോപിച്ചിരുന്നു. ഹിജാബ് വിലക്ക് ശരിവച്ച ഹൈക്കോടതി വിധിക്കെതിരേ മുസ്‌ലിം സംഘടനകള്‍ രംഗത്തുവന്നതിനു മറുപടിയായാണ് ഹിന്ദുസംഘടനകളുടെ നീക്കമെന്ന് ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പ്രതികരിച്ചു. ഹലാല്‍ ബഹിഷ്‌കരണത്തില്‍ സര്‍ക്കാര്‍ ഇടപെടുമോ എന്ന ചോദ്യത്തിന് ക്രമസമാധാന പ്രശ്‌നമുണ്ടായാല്‍ ഇടപെടുമെന്നായിരുന്നു മറുപടി.

ഹിന്ദു ജനജാഗ്രതി സമിതിക്ക് പിന്നാലെ സംസ്ഥാനത്തെ ഹിന്ദുത്വ സംഘടനകളും ബിജെപി നേതാക്കളും ഹിന്ദുക്കള്‍ക്ക് ഹലാല്‍ മാംസം വില്‍ക്കുന്നതിനെതിരേ എതിര്‍പ്പുയര്‍ത്താന്‍ തുടങ്ങിയിട്ടുണ്ട്. അതേസമയം, ഹലാല്‍ ഉല്‍പ്പന്നങ്ങള്‍ നിരോധിക്കണമെന്ന മുറവിളി ഉയര്‍ന്നതിനെത്തുടര്‍ന്ന് വിഷയം പഠിച്ച ശേഷം സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പ്രതികരിച്ചു.

വിഷയം സമഗ്രമായി പഠിക്കേണ്ടതുണ്ട്. വിഷയത്തില്‍ ചില കേന്ദ്രങ്ങളില്‍ ഉയര്‍ന്നുവന്ന ഗുരുതരമായ എതിര്‍പ്പുകള്‍ സംസ്ഥാന സര്‍ക്കാര്‍ പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹലാല്‍ സംബന്ധിച്ച് അത്തരത്തിലുള്ള നിയമങ്ങളൊന്നുമില്ല. ഇപ്പോള്‍ ഗുരുതരമായ എതിര്‍പ്പുകള്‍ ഉയര്‍ന്നുവരുന്നു. ഞങ്ങള്‍ അത് പരിശോധിക്കും- അദ്ദേഹം പറഞ്ഞു. ഹിന്ദു വലതുപക്ഷ ഗ്രൂപ്പുകള്‍ ഉയര്‍ത്തുന്ന ഹലാല്‍ മാംസം ബഹിഷ്‌കരിക്കാനുള്ള വിവാദ ആഹ്വാനങ്ങളോട് അദ്ദേഹം പ്രതികരിക്കാന്‍ കൂട്ടാക്കിയില്ല. പ്രതികരണം ആവശ്യമുള്ളപ്പോള്‍ പ്രതികരിക്കും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News