ആന്ധ്രയിലും ഹിജാബ് വിലക്ക്; ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥിനികളെ കോളജ് അധികാരികള്‍ തടഞ്ഞു

Update: 2022-02-17 16:45 GMT

വിജയവാഡ: കര്‍ണാടകയിലെ വിവിധ കോളജുകളില്‍ നടപ്പാക്കിയ ഹിജാബ് നിരോധനം ആന്ധ്രാപ്രദേശിലേക്കും വ്യാപിക്കുന്നു. വിജയവാഡയിലെ സ്വകാര്യ കോളജില്‍ ഹിജാബ് ധരിച്ചെത്തിയ മുസ്‌ലിം വിദ്യാര്‍ഥിനികളെ മാനേജ്‌മെന്റ് അധികൃതര്‍ തടഞ്ഞു. വിജയവാഡ ലയോള കോളജിലാണ് ബുര്‍ഖ ധരിച്ചെത്തിയ ബിഎസ്‌സി അവസാന വര്‍ഷ ബിരുദത്തിന് പഠിക്കുന്ന രണ്ട് വിദ്യാര്‍ഥിനികളെ അധികാരികള്‍ കോളജില്‍ പ്രവേശിക്കുന്നത് വിലക്കിയത്. ഒടുവില്‍ ജില്ലാ കലക്ടര്‍ ഇടപെട്ടാണ് വിദ്യാര്‍ഥിനികള്‍ക്ക് കോളജില്‍ പ്രവേശിക്കാന്‍ കഴിഞ്ഞത്. ആന്ധ്രാപ്രദേശില്‍ ആദ്യമായാണ് ഹിജാബിനെതിരായ നിലപാട് കോളജ് മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നുണ്ടാവുന്നത്.

വ്യാഴാഴ്ചയാണ് ബുര്‍ഖ ധരിച്ചെത്തിയ രണ്ട് വിദ്യാര്‍ഥിനികളെ കോളജ് ജീവനക്കാരും അധികാരികളും ചേര്‍ന്ന് തടഞ്ഞുനിര്‍ത്തുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായത്. ഇതുവരെ ബുര്‍ഖ ധരിച്ചാണ് കോളജില്‍ വന്നിരുന്നതെന്നും പ്രശ്‌നങ്ങളൊന്നുമുണ്ടായിട്ടില്ലെന്നും വിദ്യാര്‍ഥിനികള്‍ പറയുന്നു. കോളജില്‍ പ്രവേശിക്കാന്‍ അനുവദിക്കണമെന്നും അവര്‍ അഭ്യര്‍ഥിച്ചു. എന്നാല്‍, മാനേജ്‌മെന്റ് ഇക്കാര്യം മുഖവിലയ്‌ക്കെടുത്തില്ല. വിദ്യാര്‍ഥിനികളെ ക്ലാസില്‍ കയറ്റാത്തത് വിവാദമായതിനെത്തുടര്‍ന്ന് രക്ഷിതാക്കളും സമൂഹത്തിലെ ഉന്നതരായ പലരും കോളജിലെത്തി. വിവരമറിഞ്ഞ് പോലിസും സ്ഥലത്തെത്തി.

കോളജ് പ്രിന്‍സിപ്പാള്‍, രക്ഷിതാക്കള്‍, സമൂഹത്തിലെ ഉന്നതരായ വ്യക്തികള്‍ എന്നിവരുമായി ചര്‍ച്ചയും നടത്തി. ബുര്‍ഖ ധരിച്ച തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചിട്ടും ഇപ്പോള്‍ എന്തിനാണ് പ്രശ്‌നം സൃഷ്ടിക്കുന്നതെന്ന് വിദ്യാര്‍ഥിനികള്‍ ചോദിക്കുന്നു. കോളജ് അധികാരികള്‍ നിലപാടില്‍ ഉറച്ചുനിന്നതിനെത്തുടര്‍ന്ന് വിഷയം ജില്ലാ കലക്ടറുടെ മുമ്പാകെയെത്തി. കൃഷ്ണ ജില്ലയിലെ കലക്ടര്‍ വിദ്യാര്‍ഥികളെ ക്ലാസില്‍ കയറ്റാന്‍ കോളജ് മാനേജ്‌മെന്റിനോട് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് കലക്ടറുടെ നിര്‍ദേശപ്രകാരം വിദ്യാര്‍ഥികളെ ക്ലാസില്‍ കയറ്റാന്‍ അനുവദിച്ചതെന്ന് പ്രിന്‍സിപ്പല്‍ കിഷോര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഡ്രസ് കോഡ് സംബന്ധിച്ച സ്‌കൂള്‍ ചട്ടങ്ങള്‍ അഡ്മിഷന്‍ സമയത്ത് വിദ്യാര്‍ഥികള്‍ അംഗീകരിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

എന്നാല്‍, തങ്ങള്‍ നിശ്ചിത യൂനിഫോമിലാണ് കോളജില്‍ വരുന്നതെന്നാണ് വിദ്യാര്‍ഥിനികള്‍ പറയുന്നത്. യൂനിഫോമിന് മുകളിലാണ് ബുര്‍ഖ ധരിക്കുന്നത്. ആരും ഇതുവരെ ഒരു എതിര്‍പ്പ് ഉന്നയിച്ചിട്ടില്ലെന്ന് വിദ്യാര്‍ഥികള്‍ വിശദീകരിച്ചു. ഓരോരുത്തര്‍ക്കും അവരവരുടെ സംസ്‌കാരമുണ്ടായിരിക്കും. അത് ബഹുമാനിക്കപ്പെടണം. ഞങ്ങള്‍ ധരിക്കുന്ന വസ്ത്രത്തില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു- വിദ്യാര്‍ഥി വീഡിയോയില്‍ പറയുന്നു. വെള്ളിയാഴ്ച മുതല്‍ ഹിജാബ് ധരിച്ച വിദ്യാര്‍ഥികളെ കോളജില്‍ കയറ്റണമോ എന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നാണ് പ്രിന്‍സിപ്പാളിന്റെ വാദം.

Tags: