പ്രവാചക നിന്ദക്കെതിരേ പ്രതിഷേധിച്ച വെല്‍ഫെയര്‍ പാര്‍ട്ടി നേതാവിന്റെ വീട് പൊളിക്കാന്‍ നോട്ടിസ്; മുസ് ലിം കുടുംബങ്ങളെ ഒഴിപ്പിച്ചു
അലഹാബാദ്: പ്രവാചക നിന്ദക്കെതിരേ പ്രതിഷേധിച്ചതിന് അറസ്റ്റിലായ വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് മുഹമ്മദ് ജാവേദിന്റെ വീട് പൊളിക്കുമെന്ന് നോട്ടിസ് നല്‍കി പ്രാദേശിക ഭരണകൂടം. വീട് പൊളിച്ചു കളയാന്‍ പോവുകയാണെന്നും വീട്ടുകാര്‍ ഒഴിഞ്ഞുപോകണമെന്നും ആവശ്യപ്പെട്ടാണ് നോട്ടിസ് നല്‍കിയത്.
സ്ത്രീകളടക്കമുള്ള കുടുംബാംഗങ്ങള്‍ നിലവില്‍ വീട്ടിനുള്ളില്‍ ഉണ്ട്. നിരവധി പോലിസ് ഉദ്യോഗസ്ഥര്‍ ജാവേദിന്റെ വീടിനു മുന്നില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. പ്രദേശത്തെ മുഴുവന്‍ മുസ്‌ലിം കുടുംബങ്ങളെയും പ്രാദേശിക ഭരണകൂടം നിര്‍ബന്ധപൂര്‍വം ഒഴിപ്പിക്കുന്നുണ്ട്.
പ്രയാഗ് രാജിലെ ആക്രമണത്തില്‍ പങ്കുണ്ടെന്നാരോപിച്ചാണ് ജാവേദിനെ കഴിഞ്ഞ ദിവസം പോലിസ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിന്റെ സൂത്രധാരനാണ് മുഹമ്മദ് ജാവേദ് എന്നാണ് പോലിസ് ആരോപിച്ചത്. കഴിഞ്ഞ ദിവസം അര്‍ധരാത്രിയിലായിരുന്നു ഇദ്ദേഹത്തെയും ഭാര്യയെയും മകളെയും അടക്കം 60 ഓളം പേരെ പോലിസ് കസ്റ്റഡിയിലെടുത്തത്.
വാറന്റില്ലാതെയാണ് ജാവേദിനെ കസ്റ്റഡിയിലെടുത്തതെന്നും പാതിരാത്രിയാണ് സ്ത്രീകളടക്കമുള്ളവരെ പോലിസ് കൊണ്ടുപോയതെന്നും കുടുംബം ആരോപിച്ചിരുന്നു. നിയമവിരുദ്ധമായ കസ്റ്റഡിയെന്നു കാണിച്ച് മകള്‍ അഫ്രീന്‍ ഫാത്തിമ ദേശീയ വനിത കമീഷന് പരാതി നല്‍കിയിട്ടുണ്ട്. അറിയിപ്പോ വാറന്റോ ഒന്നുമില്ലാതെ എത്തിയ അലഹബാദ് പോലിസ് കുടുംബത്തെ അറസ്റ്റ് ചെയ്തു കൊണ്ടു പോകുകയായിരുന്നു എന്ന് അഫ്രീന്‍ ദേശീയ വനിതാ കമീഷന് നല്‍കിയ പരാതിയില്‍ പറയുന്നു.
'അലഹബാദ് പോലിസ് ഇന്നലെ രാത്രി അന്യായമായി പിടിച്ചു കൊണ്ടുപോയ എന്റെ പിതാവ് ജാവേദ് മുഹമ്മദ്, അമ്മ പര്‍വീണ്‍ ഫാത്തിമ, സഹോദരി സുമയ്യ ഫാത്തിമ എന്നിവരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കയോടെയാണ് ഇതെഴുതുന്നത്, യാതൊരുവിധ അറിയിപ്പോ, വാറന്റോ കൂടാതെയാണ് പോലിസ് എന്റെ കുടുബത്തെ പിടിച്ചു കൊണ്ടുപോയത്, അവരെവിടെയാണെന്ന് കണ്ടെത്താന്‍ ഇതുവരെ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല''. അഫ്രീന്‍ പരാതിയില്‍ വിവരിക്കുന്നു.
ജാവേദും മകള്‍ അഫ്രീനും തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് യുപി പോലിസ് ആരോപിച്ചു. ജെഎന്‍യുവില്‍ പഠിക്കുന്ന അഫ്രീന്‍ കുപ്രസിദ്ധയാണെന്ന് പ്രയാഗ്രാജ് എസ്എസ്പി പരിഹസിച്ചു. അലിഗഢ് യൂനിവേഴ്‌സിറ്റി യൂനിയന്‍ മുന്‍ പ്രസിഡന്റും നിലവിലെ ജെഎന്‍യു യൂനിയന്‍ കൗണ്‍സിലറുമാണ് അഫ്രീന്‍ ഫാത്തിമ. നിലവില്‍ ഫ്രറ്റേണിറ്റി മൂവ്‌മെന്റിന്റെ ദേശീയ സെക്രട്ടറി കൂടിയാണ് അഫ്രീന്‍.

