ഖുര്‍ആന്‍ അഗ്നിക്കിരയാക്കി, തടയാന്‍ ശ്രമിച്ച് മുസ്‌ലിം യുവാവ്; നോര്‍വെയില്‍ ഇസ്‌ലാം വിരുദ്ധ റാലി അക്രമാസക്തമായി

സംഭവത്തില്‍ നോര്‍വേയിലെ 'ഇസ്ലാമികവല്‍ക്കരണ'ത്തിനെതിരായ സംഘത്തിന്റെ നേതാവിന് മര്‍ദ്ദനമേറ്റു. പോലിസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.

Update: 2019-11-24 15:25 GMT

ഓസ്ലോ: നോര്‍വീജിയന്‍ നഗരമായ ക്രിസ്റ്റിയന്‍സാന്‍ഡില്‍ ഖുര്‍ആന്‍ പതിപ്പ് അഗ്നിക്കിരയാക്കിയതിനെത്തുടര്‍ന്ന് ഇസ്‌ലാം വിരുദ്ധ റാലി അക്രമാസക്തമായി. സംഭവത്തില്‍ നോര്‍വേയിലെ 'ഇസ്ലാമികവല്‍ക്കരണ'ത്തിനെതിരായ സംഘത്തിന്റെ നേതാവിന് മര്‍ദ്ദനമേറ്റു. പോലിസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.

നോര്‍വയിലെ ഇസ്ലാമിക വല്‍ക്കരണം അവസാനിപ്പിക്കുക (സിയാന്‍) എന്ന പേരിലുള്ള തീവ്ര വലതുപക്ഷ സംഘടന നടത്തിയ ഇസ്‌ലാം വിരുദ്ധ റാലിയാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പോലിസ് ഉത്തരവ് ലംഘിച്ച് സിയാന്‍ നേതാവ് തോര്‍സെന്‍ ഖുര്‍ആന്‍ പ്രതി അഗ്നിക്കിരയാക്കിയതോടെഏതാനും മുസ്‌ലിം യുവാക്കള്‍ ബാരിക്കേഡുകള്‍ മറികടന്നെത്തി തടയുകയായിരുന്നു. പ്രാദേശിക സര്‍ക്കാര്‍ റാലിക്ക് അനുമതി നല്‍കിയിരുന്നുവെങ്കിലും ഖുര്‍ആനെ അപകീര്‍ത്തിപ്പെടുത്തുന്ന യാതൊന്നും റാലിയില്‍ ഉണ്ടായവരുതെന്ന് പോലിസ് സിയാന് കര്‍ശന മുന്നറിയിപ്പ് നല്‍കിയിരുന്നു.

എന്നാല്‍, പോലിസ് മുന്നറിയിപ്പ് ലംഘിച്ച് റാലിക്കിടെ ഖുര്‍ആന്റെ രണ്ടു പ്രതികള്‍ ചവറ്റുകൊട്ടയില്‍ എറിയുകയും മറ്റൊന്നിന് തോര്‍സെന്‍ തീ കൊളുത്തുകയുമായിരുന്നു. ഇതോടെ, പരിപാടി വീക്ഷിച്ച് കൊണ്ടിരുന്ന മുസ്‌ലിം യുവാവ് ബാരിക്കേഡ് ചാടിക്കടന്ന് എത്തി തോര്‍സെനെ ആക്രമിക്കുകയായിരുന്നു.

കത്തിക്കൊണ്ടിരിക്കുന്ന ഖുര്‍ആന്‍ വലിച്ചെറിയുന്നതും അജ്ഞാതനായ യുവാവ് തോര്‍സനെ ചവിട്ടാന്‍ ആയുന്നതും ജാക്കറ്റ് പിടിച്ചു മര്‍ദ്ദിക്കാന്‍ ശ്രമിക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇതിനിടെ മറ്റൊരു യുവാവും തോര്‍സനെ മര്‍ദ്ദിക്കാന്‍ ശ്രമിക്കുന്നതും ഒടുവില്‍ പോലിസ് ഇരച്ചെത്തി എല്ലാവരെയും കീഴ്‌പ്പെടുത്തുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

തോര്‍സണെയും ഇയാളെ ആക്രമിച്ചവരെയും പോലിസ് കസ്റ്റഡിയിലെടുത്തു. ഖുര്‍ആന്‍ അഗ്നിക്കിരയാക്കുകയും വിദ്വേഷ പ്രസംഗം നടത്തുകയും ചെയ്ത സിയാനെതിരേ ഗൗരവമാര്‍ന്ന വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്ന് നോര്‍വെയിലെ മുസ്‌ലിം നേതാക്കള്‍ ആവശ്യപ്പെട്ടു.

നേരത്തേയും തോര്‍സണ്‍ രാഷ്ട്രീയ വിവാദങ്ങളില്‍ പെട്ടിട്ടുണ്ട്. മുസ്‌ലിംകള്‍ക്കെതിരേ വംശീയ വിദ്വേഷം നിഴലിക്കുന്ന ലഘുലേഖ വിതരണം ചെയ്തതിന് നേരത്തേ 30 ദിവസത്തെ സസ്‌പെന്‍ഡഡ് ജയില്‍ ശിക്ഷയും പിഴയും ഇയാള്‍ക്ക് ലഭിച്ചിരുന്നു.

Tags:    

Similar News