നൂറനാട്ടെ സിപിഐകോണ്‍ഗ്രസ് സംഘര്‍ഷം; ജില്ലാ പബ്‌ളിക് പ്രോസിക്യൂട്ടറും 5 കോണ്‍ഗ്രസ് പ്രവര്‍ത്തകരും പിടിയില്‍

Update: 2022-05-08 04:54 GMT

ആലപ്പുഴ: ആലപ്പുഴ നൂറനാട്ടെ സിപിഐ-കോണ്‍ഗ്രസ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് ജില്ലാ പബ്‌ളിക് പ്രോസിക്യൂട്ടര്‍ അറസ്റ്റില്‍. മാവേലിക്കര ജില്ലാ കോടതിയിലെ പബ്‌ളിക് പ്രോസിക്യൂട്ടറായ അഡ്വ. സോളമനെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. കോണ്‍ഗ്രസുകാരെ ആക്രമിച്ച കേസിലാണ് അറസ്റ്റ്. സിപിഐ ആലപ്പുഴ ജില്ലാ കൗണ്‍സില്‍ അംഗം കൂടിയാണ് സോളമന്‍. കോണ്‍ഗ്രസ് ഓഫീസിന് മുന്നില്‍ വെച്ച് ഇയാള്‍ ആക്രമണത്തിന് നിര്‍ദ്ദേശിക്കുന്ന വിഡിയോ നേരത്തെ പുറത്ത് വന്നിരുന്നു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് സോളമനെ കേസില്‍ പ്രതി ചേര്‍ത്തത്. അതേസമയം, സംഘര്‍ഷവുമായി ബന്ധപ്പെട്ട് അഞ്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരും അറസ്റ്റിലായിട്ടുണ്ട്. സിപിഐ പ്രവര്‍ത്തകരെയും പോലിസിനെയും ആക്രമിച്ച കേസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായ കോണ്‍ഗ്രസുകാരുടെ എണ്ണം ഏഴായി.

കോണ്‍ഗ്രസ് ഓഫീസിന് മുന്നില്‍ സിപിഐ കൊടിമരം നാട്ടിയതാണ് നൂറനാട്ടെ സിപിഐ-കോണ്‍ഗ്രസ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കമിട്ടത്. കൊടി പിഴുതി മാറ്റിയതില്‍ പ്രതിഷേധിച്ച് സിപിഐ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് ബ്ലോക്ക് ഓഫിസ് തകര്‍ത്തതോടെ പ്രശ്‌നം രൂക്ഷമാകുകയായിരുന്നു. സംഭവങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ നാല് പേരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. കോണ്‍ഗ്രസ് ഓഫിസ് തകര്‍ത്ത കേസില്‍ രണ്ട് സിപിഐ പ്രവര്‍ത്തകരെയും പോലിസിനെ ആക്രമിച്ചതിന് രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയുമാണ് അറസ്റ്റ് ചെയ്തത്. കോണ്‍ഗ്രസ് ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ട് ചാരുംമൂട് സ്വദേശി റഫീഖ്, നൂറനാട് സ്വദേശി ശ്രീനാഥ് എന്നീ സിപിഐ പ്രവര്‍ത്തകരെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ പ്രകടനത്തിനിട പൊലീസിനെ കയ്യേറ്റം ചെയ്‌തെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായ കേസ്. ഈ കേസില്‍ നൂറനാട് കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ഷാ പാറയില്‍, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷമീം എന്നിവരാണ് അറസ്റ്റിലായത്.