'മാംസം കണ്ടാല്‍ മതവികാരം വ്രണപ്പെടും'; പ്രദര്‍ശിപ്പിക്കരുതെന്ന നിര്‍ദേശവുമായി ഗുജറാത്തിലെ മുന്‍സിപ്പല്‍ കോര്‍പറേഷന്‍

നവരാത്രി ആഘോഷങ്ങള്‍ക്കിടെ ഡല്‍ഹി, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഹരിയാന എന്നിവയുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ ഇറച്ചിക്കടകള്‍ അടച്ചുപൂട്ടണമെന്ന് ഹിന്ദുത്വ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.

Update: 2021-11-12 10:40 GMT

അഹമ്മദാബാദ്: ബീഫിന് മാത്രമല്ല എല്ലാ മാംസ ഭക്ഷ്യ വിഭവങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി ഗുജറാത്തിലെ വഡോദര മുന്‍സിപ്പല്‍ കോര്‍പറേഷന്‍. ഫുഡ് സ്റ്റാളുകളിലെ 'പൊതു പ്രദര്‍ശനത്തില്‍' നിന്നും മുട്ട ഉള്‍പ്പടെ എല്ലാ സസ്യേതര ഭക്ഷണങ്ങളും നീക്കം ചെയ്യണമെന്നാണ് കോര്‍പറേഷന്‍ അധികൃതര്‍ വാക്കാല്‍ നിര്‍ദേശം നല്‍കിയിട്ടുള്ളതെന്ന് ദി ക്വിന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. നവംബര്‍ 11നാണ് കടയുടമകള്‍ക്ക് നിര്‍ദേശം നല്‍കിയത്. 'മത വികാരങ്ങളെ മാനിക്കുന്നതിനും ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനുമാണ് ഇത്തരം നിര്‍ദേശം നല്‍കിയതെന്ന് വിഎംസി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഹിതേന്ദ്ര പട്ടേല്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

'എല്ലാ ഫുഡ് സ്റ്റാളുകളും, പ്രത്യേകിച്ച് മത്സ്യം, മാംസം, മുട്ട തുടങ്ങിയ നോണ്‍വെജിറ്റേറിയന്‍ ഭക്ഷ്യ വിഭവങ്ങള്‍ നന്നായി മൂടിയിട്ടുണ്ടെന്ന് ഉറപ്പാക്കണം... ഗതാഗതക്കുരുക്കിന് കാരണമാകുന്ന പ്രധാന റോഡുകളില്‍ നിന്ന് അവ നീക്കം ചെയ്യണം...'

മതവികാരം വ്രണപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കാനാണ് ഈ നീക്കമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നോണ്‍വെജിറ്റേറിയന്‍ ഫുഡ് സ്റ്റാളുകള്‍ പ്രധാന റോഡില്‍ നിന്ന് മാറി സ്ഥാപിക്കണമെന്ന് രാജ്‌കോട്ട് സിറ്റി മേയര്‍ വിഎംസിയോട് ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് പട്ടേലിന്റെ ഉത്തരവ്.

'ഭൂരിഭാഗം ആളുകള്‍ക്കും വണ്ടികളിലൂടെ കടന്നുപോകുമ്പോള്‍ അതിന്റെ മണം കാരണം വെറുപ്പ് തോന്നുന്നു, പലരും കോഴിയെ പുറത്ത് തൂക്കിയിടും,' രാജ്‌കോട്ട് മേയര്‍ പ്രദീപ് ദവ് തന്റെ തീരുമാനത്തെക്കുറിച്ച് സംസാരിക്കവെ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

15 ദിവസത്തിനുള്ളില്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ കച്ചവടക്കാരോടെ ആവശ്യപ്പെട്ടിട്ടുണ്ട്. നിര്‍ദേശം പാലിച്ചില്ലെങ്കില്‍ പിഴയീടാക്കുമെന്ന് മേയര്‍ പറഞ്ഞു.

 നവരാത്രി ആഘോഷങ്ങള്‍ക്കിടെ ഡല്‍ഹി, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഹരിയാന എന്നിവയുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ ഇറച്ചിക്കടകള്‍ അടച്ചുപൂട്ടണമെന്ന് ഹിന്ദുത്വ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.

Tags:    

Similar News