3,700 കിലോ സ്‌ഫോടക വസ്തു, നോയിഡ 'ട്വിന്‍ ടവര്‍' ഇന്ന് 2.30ന് പൊളിക്കും; പ്രദേശവാസികളെ ഒഴിപ്പിച്ചു

Update: 2022-08-28 06:38 GMT

ന്യൂഡല്‍ഹി: നോയിഡയില്‍ ചട്ടങ്ങള്‍ ലംഘിച്ച് നിര്‍മിച്ച സൂപ്പര്‍ ടെക് കമ്പനിയുടെ ഇരട്ട ടവര്‍ ഇന്ന് ഉച്ചയ്ക്ക് 2.30ന് നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിക്കും. സുപ്രിംകോടതി നിര്‍ദേശപ്രകാരം അനധികൃതമെന്ന് കണ്ടെത്തിയ ട്വിന്‍ ടവര്‍ തകര്‍ക്കാന്‍ ഉപയോഗിക്കുന്നത് 3,700 കിലോഗ്രാം സ്‌ഫോടക വസ്തുവാണ്. മുംബൈ ആസ്ഥാനമായുള്ള എഡിഫിസ് എന്‍ജിനീയറിങ് കമ്പനി വിദഗ്ധരാണ് കെട്ടിടം സ്‌ഫോടക വസ്തു ഉപയോഗിച്ച് തകര്‍ക്കുക. മരടിലെ ഫഌറ്റ് പൊളിക്കലിന് നേതൃത്വം നല്‍കിയതും എഡിഫൈസ് എന്‍ജിനീയറിങ് കമ്പനിയാണ്.

നോയിഡ സെക്ടര്‍ 93 എയിലാണ് അപെക്‌സ്, സിയാന എന്നീ പേരുകളിലുള്ള രണ്ട് ടവറുകള്‍ സ്ഥിതിചെയ്യുന്നത്. 40 നിലകളില്‍ 915 ഫഌറ്റുകളും 21 കടമുറികളുമാണ് നോയ്ഡ ട്വിന്‍ ടവറിലുള്ളത്. കെട്ടിടത്തില്‍ 7,000 ദ്വാരങ്ങളുണ്ടാക്കിയാണ് സ്‌ഫോടക വസ്തു നിറച്ചത്. സ്‌ഫോടനം നടത്താനായി 20,000 സര്‍ക്യൂട്ടുകളും സജ്ജമാക്കിയിട്ടുണ്ട്. കേവലം ഒമ്പത് സെക്കന്‍ഡുകള്‍ കൊണ്ട് സ്‌ഫോടക വസ്തുക്കള്‍ പൊട്ടും. അടുത്ത അഞ്ച് സെക്കന്‍ഡുകൊണ്ട് കെട്ടിടം നിലംപൊത്തും. തകര്‍ക്കലിന് മുന്നോടിയായി ഞായറാഴ്ച രാവിലെ തന്നെ സമീപത്തെയടക്കം താമസക്കാരെ മാറ്റിത്തുടങ്ങിയിട്ടുണ്ട്. ഏകദേശം 7,000 താമസക്കാരാണ് ഈ ഭാഗത്തുള്ളത്. 2,500 വാഹനങ്ങളും ആ ഭാഗത്തിന് പുറത്തേക്ക് മാറ്റിയിട്ടുണ്ട്.

പൊളിച്ചുകഴിഞ്ഞാല്‍ 80,000 ടണ്‍ അവശിഷ്ടമുണ്ടാവും, 2,000 ട്രക്ക് ലോഡ് അവശിഷ്ടം ഇവിടെനിന്ന് മൂന്നുമാസമെടുത്ത് മാറ്റും. പൊടിപടലങ്ങള്‍ ഒഴിവാക്കാന്‍ വാട്ടര്‍ ടാങ്കറുകള്‍ ഉള്‍പ്പെടെ തയ്യാറാക്കി. സുരക്ഷയ്ക്ക് 500 പോലിസുകാര്‍. സമീപത്തെ ഫഌറ്റുകളില്‍നിന്ന് നാലായിരത്തിലേറെ പേരെ ഒഴിപ്പിച്ചു. പൊളിക്കല്‍ സമയത്ത് നോയിഡഗ്രേറ്റര്‍ നോയിഡ എക്‌സ്പ്രസ് വേയില്‍ അരമണിക്കൂര്‍ ഗതാഗതം നിര്‍ത്തിവയ്ക്കും. ഒരുനോട്ടിക്കല്‍ മൈല്‍ പറക്കല്‍ നിരോധന മേഖല.

കെട്ടിടം പൊളിച്ച് വൈകുന്നേരം നാലരയ്ക്ക് ശേഷം മാത്രമേ സമീപത്തെ വീടുകളിലെ ഗ്യാസ്, വൈദുതി ബന്ധം പുനസ്ഥാപിക്കുകയുള്ളൂ. ഇന്ത്യയില്‍ പൊളിച്ചുനീക്കുന്ന ഏറ്റവും ഉയരമുള്ള കെട്ടിടമാണ് ഖുതുബ് മിനാറിനേക്കാള്‍ ഉയരമുള്ള നോയിഡയിലെ ഇരട്ട ടവര്‍. കഴിഞ്ഞവര്‍ഷം ആഗസ്തിലാണ് സുപ്രിംകോടതി ഇരട്ടടവര്‍ പൊളിച്ചുനീക്കാന്‍ ഉത്തരവിട്ടത്. കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ ലംഘിച്ചെന്നും ടവറുകള്‍ തമ്മില്‍ ചുരുങ്ങിയ അകലം പാലിക്കാതെ നിര്‍മിച്ചെന്നുമുള്ള നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.

എമറാള്‍ഡ് കോര്‍ട്ട് റെസിഡന്റ് വെല്‍ഫയര്‍ അസോസിയേഷന്‍ 2012ലാണ് നിര്‍മാണം അനധികൃതമാണെന്ന് ചൂണ്ടിക്കാട്ടി അലഹബാദ് ഹൈക്കോടതിയില്‍ ആദ്യം ഹരജി നല്‍കുന്നത്. ആ ഹരജിയില്‍ പൊളിക്കാന്‍ ഉത്തരവായി. സൂപ്പര്‍ ടെക് കമ്പനി സുപ്രികോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി വിധി ശരിവച്ചു. ഫഌറ്റ് വാങ്ങിയവര്‍ക്ക് വാങ്ങിയ തുകയും 12 ശതമാനം പലിശയും കമ്പനി നല്‍കണമെന്നാണ് സുപ്രിംകോടതിയുടെ ഉത്തരവ്.

Tags: