വൈദ്യശാസ്ത്രത്തിനുള്ള നോബേല്‍ പുരസ്‌കാരം പങ്കിട്ട് യുഎസ്, ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍
യുഎസ് ശാസ്ത്രജ്ഞരായ വില്യം കെയ്‌ലിന്‍ (മസാച്ചുസെറ്റ്‌സ് ഡാനാ ഫൈബര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ആന്റ് ഹാര്‍വാഡ് യൂനിവേഴ്‌സിറ്റി), ഗ്രെഗ് സെമേന്‍സ (മേരിലാന്‍ഡ് ബാള്‍ട്ടിമോര്‍ ജോണ്‍സ് ഹോപ്കിന്‍സ് യൂനിവേഴ്‌സിറ്റി) എന്നിവരും ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍ പീറ്റര്‍ റാറ്റ്ക്ലിഫെ (ഓക്‌സ്‌ഫോര്‍ഡ് യൂനിവേഴ്‌സിറ്റിയിലും ലണ്ടന്‍ ഫ്രാന്‍സിസ് ക്രിക്ക് ഇന്‍സ്റ്റിറ്റിയൂട്ട്) യുമാണ് പുരസ്‌കാരം പങ്കിട്ടത്.
സ്‌റ്റോക്‌ഹോം: വൈദ്യശാസ്ത്രത്തിനുള്ള ഈവര്‍ഷത്തെ നോബേല്‍ പുരസ്‌കാരം മൂന്ന് അമേരിക്കന്‍, ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍ പങ്കിട്ടു. യുഎസ് ശാസ്ത്രജ്ഞരായ വില്യം കെയ്‌ലിന്‍ (മസാച്ചുസെറ്റ്‌സ് ഡാനാ ഫൈബര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ആന്റ് ഹാര്‍വാഡ് യൂനിവേഴ്‌സിറ്റി), ഗ്രെഗ് സെമേന്‍സ (മേരിലാന്‍ഡ് ബാള്‍ട്ടിമോര്‍ ജോണ്‍സ് ഹോപ്കിന്‍സ് യൂനിവേഴ്‌സിറ്റി) എന്നിവരും ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍ പീറ്റര്‍ റാറ്റ്ക്ലിഫെ (ഓക്‌സ്‌ഫോര്‍ഡ് യൂനിവേഴ്‌സിറ്റിയിലും ലണ്ടന്‍ ഫ്രാന്‍സിസ് ക്രിക്ക് ഇന്‍സ്റ്റിറ്റിയൂട്ട്) യുമാണ് പുരസ്‌കാരം പങ്കിട്ടത്.
കാന്‍സര്‍ ചികില്‍സകള്‍ക്ക് പുതുവഴിയൊരുക്കുന്ന കണ്ടെത്തലിനാണ് മൂവര്‍ക്കും പുരസ്‌കാരം ലഭിച്ചത്. മനുഷ്യശരീരത്തിലെ ഓക്‌സിജന്റെ അളവ് മാറുന്നതിനനുസരിച്ച് കോശങ്ങളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്ന 'മോണിക്യുലാര്‍ സ്വിച്ചി'നെപ്പറ്റിയുള്ള ഗവേഷണമാണ് ഇവര്‍ നടത്തിയത്. ശരീരകോശങ്ങള്‍ എങ്ങനെയാണ് ഓക്‌സിജന്റെ ലഭ്യത തിരിച്ചറിയുന്നതെന്നും അതുമായി എങ്ങനെയാണ് പൊരുത്തപ്പെടുന്നതെന്നുമാണ് ഇവര്‍ പരിശോധിച്ചത്. ഇവരുടെ കണ്ടെത്തല്‍ കാന്‍സര്‍ അടക്കമുള്ള രോഗങ്ങളുടെ ചികില്‍സയ്ക്ക് ഫലപ്രദമായ പുതിയ വഴി കണ്ടെത്താന്‍ സഹായിക്കുമെന്ന് നോബേല്‍ പുരസ്‌കാര ജൂറി അറിയിച്ചു.
കോശങ്ങള്‍ ഓക്‌സിജന്‍ സ്വീകരിക്കുന്നത് പല രോഗങ്ങളെയും പ്രതിരോധിക്കുന്നതില്‍ശരീരശാസ്ത്രപരമായ പ്രക്രിയയെക്കുറിച്ചും ഇവര്‍ പഠനം നടത്തിയിട്ടുണ്ട്. വിളര്‍ച്ച, ക്യാന്‍സര്‍, ഹൃദ്രോഗം, മറ്റ് അവസ്ഥകള്‍ എന്നിവയ്ക്കുള്ള ചികില്‍സകള്‍ക്കും ഗവേഷകര്‍ പുതിയ വഴി തേടിയിട്ടുണ്ട്. 9.18 ലക്ഷം യുഎസ് ഡോളറാണ് സമ്മാനത്തുക. ഏതാണ്ട് 6.51 കോടി ഇന്ത്യന്‍ രൂപ വരുമിത്. മൂന്നുപേര്‍ക്കും സമ്മാനത്തുകയുടെ തുല്യവിഹിതം ലഭിക്കും.
