തടവില്‍ കഴിയുന്ന മനുഷ്യാവകാശ പ്രവര്‍ത്തകനും രണ്ട് മനുഷ്യാവകാശ സംഘടനകള്‍ക്കും സമാധാന നൊബേല്‍

Update: 2022-10-07 10:17 GMT

ഓസ്‌ലോ: ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ബെലാറൂസിലെ മനുഷ്യാവകാശ പ്രവര്‍ത്തകനും അഭിഭാഷകനുമായ അലെയ്‌സ് ബിയാലിയറ്റ്‌സ്‌കിക്കും റഷ്യ, യുക്രെയ്ന്‍ രാജ്യങ്ങളിലെ രണ്ട് മനുഷ്യാവകാശ സംഘടനകള്‍ക്കുമാണ് പുരസ്‌കാരം ലഭിച്ചത്. റഷ്യന്‍ മനുഷ്യാവകാശ സംഘടന മെമ്മോറിയലും, യുക്രെയ്‌നിലെ സെന്റര്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് സംഘടനയും പുരസ്‌കാരം പങ്കിട്ടു. ഭരണകൂടത്തിന്റെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തിന്റെ പേരില്‍ രണ്ടുവര്‍ഷമായി ബെലാറൂസിലെ തടവില്‍ കഴിയുകയാണ് ബിയാലിയറ്റ്‌സ്‌കി.

റഷ്യ അടക്കമുള്ള രാജ്യങ്ങളുടെ യുദ്ധ അനുകൂല നയങ്ങള്‍ക്കെതിരേ നിലകൊള്ളുന്ന സംഘടനയാണ് മെമ്മോറിയല്‍. റഷ്യ യുക്രെയ്ന്‍ യുദ്ധം ആരംഭിച്ച ശേഷം രൂപം കൊണ്ട സെന്റര്‍ ഫോര്‍ ലിബര്‍ട്ടീസ് യുദ്ധത്തിനെതിരേ നിലകൊള്ളുന്ന പ്രസ്ഥാനമാണ്. അയല്‍രാജ്യങ്ങളായ ബെലാറൂസ്, റഷ്യ, യുക്രെയ്ന്‍ എന്നിവിടങ്ങളില്‍ മനുഷ്യാവകാശം, ജനാധിപത്യം, സമാധാനപരമായ സഹവര്‍ത്തിത്വം എന്നിവയിലൂടെ മികച്ച പ്രകടനം നടത്തിയ മൂന്ന് ചാംപ്യന്‍മാരെ ആദരിക്കാന്‍ നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റി ആഗ്രഹിക്കുന്നതായി ചെയര്‍ ബെറിറ്റ് റെയ്‌സ് ആന്‍ഡേഴ്‌സണ്‍ പറഞ്ഞു.

ബിയാലിയാറ്റ്‌സ്‌കിയെ ജയിലില്‍ നിന്ന് മോചിപ്പിക്കണമെന്ന് കമ്മിറ്റി ബെലാറൂസിനോട് ആവശ്യപ്പെട്ടു. നമ്മുടെ രോഗപ്രതിരോധ വ്യവസ്ഥയെക്കുറിച്ചുള്ള പ്രധാന ഉള്‍ക്കാഴ്ചകള്‍ നല്‍കിയ നിയാണ്ടര്‍ത്തല്‍ ഡിഎന്‍എയുടെ രഹസ്യങ്ങള്‍ പുറത്തുകൊണ്ടുവന്നതിന് സ്വീഡിഷ് ശാസ്ത്രജ്ഞന്‍ സ്വാന്റേ പാബോയ്ക്ക് വൈദ്യശാസ്ത്രത്തിനുള്ള അവാര്‍ഡ് ലഭിച്ചതോടെയാണ് ഒരാഴ്ചത്തെ നൊബേല്‍ സമ്മാന പ്രഖ്യാപനങ്ങള്‍ ആരംഭിച്ചത്. ചൊവ്വാഴ്ച ഭൗതികശാസ്ത്രത്തില്‍ മൂന്ന് ശാസ്ത്രജ്ഞര്‍ പുരസ്‌കാരം പങ്കിട്ടു. ഫ്രഞ്ചുകാരനായ അലൈന്‍ ആസ്‌പെക്റ്റ്, അമേരിക്കന്‍ ജോണ്‍ എഫ്. ക്ലോസര്‍, ഓസ്ട്രിയന്‍ ആന്റണ്‍ സെയ്‌ലിംഗര്‍ എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്.

Tags:    

Similar News