ഇന്ത്യയില്‍ ഇസ്‌ലാമോഫോബിയ ഏറ്റവും മാരകമായ രൂപം കൈകൊള്ളുകയാണെന്ന് നോം ചോംസ്‌കി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണകാലത്തെ ഇന്ത്യന്‍ മുസ്‌ലിംങ്ങളോടുള്ള പെരുമാറ്റം 'മാരകവും' 'ഭീകരവും' ജനാധിപത്യ മൂല്യങ്ങള്‍ക്ക് ഭീഷണിയുമാണെന്ന് ലോക പ്രശസ്ത ബുദ്ധിജീവികളും ആക്ടിവിസ്റ്റുകളും അഭിപ്രായപ്പെട്ടു.

Update: 2022-02-11 15:51 GMT

വാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണകാലത്തെ ഇന്ത്യന്‍ മുസ്‌ലിംങ്ങളോടുള്ള പെരുമാറ്റം 'മാരകവും' 'ഭീകരവും' ജനാധിപത്യ മൂല്യങ്ങള്‍ക്ക് ഭീഷണിയുമാണെന്ന് ലോക പ്രശസ്ത ബുദ്ധിജീവികളും ആക്ടിവിസ്റ്റുകളും അഭിപ്രായപ്പെട്ടു.

ആംനസ്റ്റി ഇന്റര്‍നാഷണല്‍ യുഎസ്എ, ജെനോസൈഡ് വാച്ച്, ഇന്ത്യന്‍ അമേരിക്കന്‍ മുസ്‌ലിം കൗണ്‍സില്‍ ഉള്‍പ്പെടെ പതിനേഴോളം സംഘടനകള്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ഇന്ത്യയിലെ ബിജെപി ഭരണകൂടത്തിന്റെ മുസ്‌ലിം വേട്ടയ്‌ക്കെതിരേ കടുത്ത വിമര്‍ശനമുയര്‍ന്നത്.

'ഇന്ത്യയില്‍ ഇസ്‌ലാമോഫോബിയ അതിന്റെ ഏറ്റവും മാരകമായ രൂപം കൈ കൊള്ളുകയാണെന്നും അവിടെ മോദി സര്‍ക്കാര്‍ ആസൂത്രിതമായി ഇന്ത്യന്‍ മതേതര ജനാധിപത്യത്തെ തകര്‍ക്കുകയും രാജ്യത്തെ ഒരു ഹിന്ദു വംശീയതയാക്കി മാറ്റുകയും ചെയ്യുകയാണെന്ന് പ്രമുഖ ഭാഷാ പണ്ഡിതനും സാമൂഹിക പ്രവര്‍ത്തകനുമായ നോം ചോംസ്‌കി അഭിപ്രായപ്പെട്ടു. രാജ്യത്ത് 250 ദശലക്ഷം വരുന്ന മുസ്‌ലിംകള്‍ പീഡിത ന്യൂനപക്ഷമായി വരികയാണെന്നും മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ പ്രഫസര്‍ എമിററ്റസ് കൂടിയായ ചോംസ്‌കി പറഞ്ഞു.

'ഇന്ത്യയില്‍ മുസ്‌ലിംകളെ ലക്ഷ്യം വെച്ചുള്ള സ്വതന്ത്ര ചിന്തയ്ക്ക് നേരെയും വിദ്യാഭ്യാസ മേഖലയിലുമുണ്ടായിരുന്ന അതിക്രമങ്ങള്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുകയാണ്. കശ്മീരില്‍ ഇന്ത്യ നടത്തുന്ന അതിക്രമങ്ങള്‍ക്ക് പുറമേയാണിത്'- ചോംസ്‌കി പറഞ്ഞു.

ഇന്ത്യന്‍ ഭരണഘടന നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി രാജ്യത്തിന്റെ മതേതര അടിത്തറകളെ തകര്‍ക്കുന്ന രീതിയിലുള്ള മോദി ഭരണകൂടത്തിന്റെ ഭൂരിപക്ഷ സമുദായത്തിന്റെ പ്രചാരണമാണെന്ന് പരിപാടിയില്‍ സംസാരിച്ച മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ ഏഷ്യ അഡ്വക്കസി ഡയറക്ടര്‍ ജോണ്‍ സിഫ്റ്റണ്‍ പറഞ്ഞു.

Tags: