കേന്ദ്രം കണ്ണുരുട്ടി; ഉധം സിങ് പ്രതിമയുടെ കൈയില്‍ തോക്കിനു പകരം ചെളിമണ്ണ്...!
റിവോൾവർ ഇല്ലാതെ പ്രതിമ നിർമിച്ചത് ആരുടെ തീരുമാനമായിരുന്നു? ഉത്തരവാദിത്തം സർക്കാരിനാണെന്നും അഖിലേന്ത്യാ കംബോജ് മഹാസഭ അഭിപ്രായപ്പെട്ടു.
ജലന്ധർ: പുതുക്കിപ്പണിത ജാലിയൻ വാലാബാഗിലെ സ്മാരകവുമായി ബന്ധപ്പെട്ട് കൂടുതൽ ആരോപണമുയരുന്നു. രക്തസാക്ഷികളുടെ വിപ്ലവകാലത്തെ വളച്ചൊടിക്കാൻ മനപൂർവ്വമായ ശ്രമം നടന്നിട്ടുണ്ടെന്നാണ് ആരോപണം. ഷഹീദ് ഉധം സിങ്ങിന്റെ പ്രതിമയിൽ നിന്ന് തോക്ക് ഒഴിവാക്കിയതാണ് ഇപ്പോൾ വിവാദത്തിന് വഴിവച്ചിരിക്കുന്നത്.
ജാലിയൻ വാലാബാഗ് സ്മാരകത്തിൽ ശ്രദ്ധ ആകർഷിക്കുന്ന നിരവധി മാറ്റങ്ങളിൽ ഒന്ന് ഷഹീദ് ഉധം സിങ്ങിന്റെ പ്രതിമയാണ്. ഈ പ്രതിമ മൂന്ന് വർഷം മുമ്പ് സ്ഥാപിച്ചതാണെങ്കിലും നവീകരിച്ച പ്രതിമയിൽ ഉധം സിങ്ങിന്റെ കയ്യിൽ ഉണ്ടായിരുന്ന തോക്ക് നീക്കം ചെയ്തിട്ടുണ്ട്. സർക്കാരിന്റെ തീരുമാനമാണ് ഇതിലേക്ക് എത്തിച്ചെതെന്നാണ് ആരോപണം.
2018 ൽ ജാലിയൻവാലാബാഗ് സംഭവത്തിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി അഖിലേന്ത്യാ കംബോജ് മഹാ സഭയാണ് പ്രതിമ സ്ഥാപിച്ചത്. അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങാണ് ഈ പ്രതിമ ഉദ്ഘാടനം ചെയ്തത്. ഉധം സിങ് കാംബോജ് സമുദായത്തിൽ പെട്ടയാളായിരുന്നു.
വെങ്കല പ്രതിമയിൽ, ഉധം സിങ്ങിന്റെ കയ്യിൽ റിവോൾവറിന് പകരം ചെളിയാണ് പിടിച്ചിരിക്കുന്നത്. ഉധം സിങ്ങിന്റെ തലപ്പാവ് അഴിച്ചു കെട്ടിയിരിക്കുന്നതായും കാണാം. ഈ പ്രതിമയുടെ ഫോട്ടോകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ വ്യാപക പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്.
റിവോൾവർ ഇല്ലാതെ പ്രതിമ നിർമിച്ചത് ആരുടെ തീരുമാനമായിരുന്നു? ഉത്തരവാദിത്തം സർക്കാരിനാണെന്നും അഖിലേന്ത്യാ കംബോജ് മഹാസഭ അഭിപ്രായപ്പെട്ടു.
