സ്വവര്‍ഗ വിവാഹത്തിന് നിയമസാധുതയില്ല; ഹരജികള്‍ സുപ്രിംകോടതി തള്ളി

Update: 2023-10-17 09:41 GMT

ന്യൂഡല്‍ഹി: സ്വവര്‍ഗ വിവാഹത്തിനു നിയമസാധുതയില്ലെന്ന് സുപ്രിംകോടതിയില്‍ നിന്ന് നിര്‍ണായക വിധി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ഭരണഘടനാ ബെഞ്ചില്‍ ചീഫ് ജസ്റ്റിസിനു പുറമെ ജസ്റ്റിസ് സഞ്ജയ് കൗള്‍ സ്വവര്‍ഗ വിവാഹത്തെ അനുകൂലിച്ചെങ്കിലും ജസ്റ്റിസുമാരായ രവീന്ദ്ര ഭട്ട്, ഹിമാ കോലി, പി എസ് നരസിംഹ എന്നിവര്‍ എതിര്‍ത്തു. ഇതോടെ വിവിധ സ്വവര്‍ഗ പ്രേമികളും സംഘടനകളുടെ നല്‍കിയ ഹരജി 3-2ന് തള്ളി. ജസ്റ്റിസ് ഹിമാ കോലി ഒഴികെയുള്ളവര്‍ പ്രത്യേക വിധിയാണ് പ്രസ്താവിച്ചത്. മെയ് 11നു വാദം പൂര്‍ത്തിയാക്കിയ ഹരജികളില്‍ അഞ്ചു മാസത്തിനുശേഷമാണ് കോടതി ഇന്ന് വിധി പറഞ്ഞത്. സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്നതിനെ കേന്ദ്രസര്‍ക്കാരും എതിര്‍ത്തിരുന്നു.

    നിര്‍ണായകമായ വിധി പ്രസ്താവത്തില്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ച് നാലു വിധികളാണ് പുറപ്പെടുവിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ആമുഖമായി വ്യക്തമാക്കിയിരുന്നു. ഇതോടെ തന്നെ ഭിന്നവിധികളാണ് വരാനിരിക്കുന്നതെന്ന് വ്യക്തമായിരുന്നു. നിയമനിര്‍മാണത്തിലേക്കു കടക്കാന്‍ കോടതിക്കു കഴിയില്ലെന്നും ഇക്കാര്യത്തില്‍ പാര്‍ലമെന്റാണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നല്‍കുന്നതിനെ അനുകൂലിച്ച ചീഫ് ജസ്റ്റിസ്, സ്‌പെഷ്യല്‍ മാരേജ് ആക്ട്, വിദേശ വിവാഹ നിയമം തുടങ്ങിയവയിലെ നിയമസാധുതകള്‍ പരിശോധിച്ച ശേഷമാണ് അന്തിമ വിധിപ്രസ്താവിച്ചത്.

    സ്വവര്‍ഗ ലൈംഗിക വിഡ്ഢിത്തമോ നഗര സങ്കല്‍പമോ വരേണ്യ വര്‍ഗ സങ്കല്‍പമോ അല്ലെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് ഇക്കാര്യത്തില്‍ കേന്ദ്ര നിലപാടിനെ തള്ളി. ഇത് തുല്യതയുടെ വിഷയമാണെന്നും വിവാഹം എന്നത് സ്ഥിരവും മാറ്റമില്ലാത്തതുമായ വ്യവസ്ഥയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്നത് ഒരാളുടെ ജീവിതരീതിയുടെ അടിസ്ഥാന ഭാഗമാണ്. ചിലര്‍ക്ക് അത് അവരുടെ ജീവതത്തിലെ ഏറ്റവും പ്രധാന തീരുമാനമാണ്. ഭരണഘടനയുടെ അനുഛേദം 21 പ്രകാരമുള്ള അവകാശം അവര്‍ക്കുണ്ടെന്നും എല്ലാവര്‍ക്കും അവരുടെ ജീവിതത്തിന്റെ ധാര്‍മിക നിലവാരം തീരുമാനിക്കാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനോട് യോജിക്കുന്നതായിരുന്നു ജസ്റ്റിസ് സഞ്ജയ് കൗളിന്റെ വിധി. പ്രത്യേക വിവാഹ നിയമം തുല്യതയ്ക്ക് എതിരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്വവര്‍ഗ ലൈംഗികത നഗര സങ്കല്‍പമോ വരേണ്യവര്‍ഗ സങ്കല്‍പമോ അല്ലെന്ന വാദം അംഗീകരിച്ച ജസ്റ്റിസുമാരായ രവീന്ദ്ര ഭട്ടും പി എസ് നരസിംഹയും ചീഫ് ജസ്റ്റിസ് പുറപ്പെടുവിച്ച നിര്‍ദേശങ്ങളോടു വിയോജിപ്പ് അറിയിച്ചു. വിവാഹം ഒരു സാമൂഹിക വിഷയമാണെന്നും അതില്‍ കോടതിക്ക് ഇടപെടാനാവില്ലെന്നും ജസ്റ്റിസ് ഭട്ട് ചൂണ്ടിക്കാട്ടി. ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് നിലവിലെ നിയമപ്രകാരം വിവാഹം കഴിക്കാന്‍ അവകാശമുണ്ട്. വിവാഹം എന്നത് ആചാരങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. ഇതുമായി ബന്ധപ്പെട്ട് വിവിധ വ്യക്തിനിയമങ്ങള്‍ ഉണ്ട്. പുനര്‍വിവാഹ നിയമവും വിവാഹ മോചനത്തിന് എതിരായ നിയമവുണ്ട്. അത്തരം മാറ്റങ്ങള്‍ എല്ലാവരും ഉള്‍ക്കൊള്ളുന്നില്ലെന്നും ജസ്റ്റിസ് ഭട്ട് ചൂണ്ടിക്കാട്ടി. പാര്‍ലമെന്റാണ് ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുക്കേണ്ടതെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വാദം. സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് 21 ഹരജികളാണ് സുപ്രിം കോടതിയിലുണ്ടായിരുന്നത്. ഹരജിക്കാര്‍ക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകരായ മുകുള്‍ റോത്തഗി, അഭിഷേക് മനു സിങ്‌വി, രാജു രാമചന്ദ്രന്‍, ആനന്ദ ഗ്രോവര്‍, മേനക ഗുരുസ്വാമി തുടങ്ങിയവര്‍ ഹാജരായി. 2023 ഏപ്രില്‍ 18 മുതല്‍ മേയ് 11 വരെ പത്തുദിവസങ്ങളിലായി 40 മണിക്കൂറോളമാണ് ഭരണഘടനാ ബെഞ്ച് ഹര്‍ജികളില്‍ വാദം കേട്ടത്.

Tags:    

Similar News