ബഫര്‍ സോണില്‍ നാളെ ഹര്‍ജി നല്‍കില്ല; വിശദമായ ചര്‍ച്ചക്കുശേഷം തീരുമാനമെന്ന് സര്‍ക്കാര്‍

അഡ്വക്കേറ്റ് ജനറല്‍ കെ ഗോപാല കൃഷ്ണ കുറുപ്പ് സംസ്ഥാന സര്‍ക്കാരിന്റെ സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്തയുമായി ഞായറാഴ്ച ഡല്‍ഹിയില്‍ ചര്‍ച്ചനടത്തിയിരുന്നു. ഈ യോഗത്തിലാണ് വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം സുപ്രീംകോടതിയെ സമീപിച്ചാല്‍ മതിയെന്ന ധാരണ ഉണ്ടായത്.

Update: 2022-07-17 14:32 GMT

ന്യൂഡല്‍ഹി: സംരക്ഷിതവനത്തിനു ചുറ്റുമുള്ള ബഫര്‍ സോണില്‍നിന്ന് ജനവാസ കേന്ദ്രങ്ങളെയും കൃഷിസ്ഥലങ്ങളെയും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സമര്‍പ്പിക്കുന്നത് വൈകും. നാളെ ഹര്‍ജി സമര്‍പ്പിക്കുമെന്നായിരുന്നു നേരത്തെ വ്യക്തമാക്കിയിരുന്നത്. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമേ മാത്രമായിരിക്കും കേരളം സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്യുകയുള്ളൂ.

അഡ്വക്കേറ്റ് ജനറല്‍ കെ ഗോപാല കൃഷ്ണ കുറുപ്പ് സംസ്ഥാന സര്‍ക്കാരിന്റെ സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്തയുമായി ഞായറാഴ്ച ഡല്‍ഹിയില്‍ ചര്‍ച്ചനടത്തിയിരുന്നു. ഈ യോഗത്തിലാണ് വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം സുപ്രീംകോടതിയെ സമീപിച്ചാല്‍ മതിയെന്ന ധാരണ ഉണ്ടായത്.

ജൂണ്‍ മൂന്നിന്റെ സുപ്രിം കോടതി വിധിയില്‍ ഭേദഗതിയോ വ്യക്തതയോ വരുത്തണമെന്നാവശ്യപ്പെട്ട് മിസലേനിയസ് പെറ്റീഷന്‍ നല്‍കാനാണ് കേരളം നേരത്തെ ആലോചിച്ചിരുന്നത്. എന്നാല്‍ ഇത്തരം ഒരു നീക്കത്തിന് ചില പരിമിതികള്‍ ഉണ്ടെന്ന് സീനിയര്‍ അഭിഭാഷകരില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന് നിയമോപദേശം ലഭിച്ചു. പുനഃപരിശോധനാ ഹര്‍ജിയാണ് കൂടുതല്‍ അഭികാമ്യമെന്നും നിയമോപദേശത്തില്‍ വ്യക്തമാക്കിയിരുന്നു.

ഇതേത്തുടര്‍ന്നാണ് ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ച നടത്തിയശേഷം മാത്രം സുപ്രീം കോടതിയെ സമീപിച്ചാല്‍ മതിയെന്ന ധാരണ ഉണ്ടായത്. പുനഃപരിധോധനാ ഹര്‍ജിയാണെങ്കില്‍ തുറന്ന കോടതിയില്‍ ആദ്യ ഘട്ടത്തില്‍ വാദം ഉന്നയിക്കാന്‍ കഴിയില്ലെന്ന ആശങ്ക വനംവകുപ്പിലെ ചില ഉന്നതര്‍ക്കുണ്ട്. എന്നാല്‍ പുനഃപരിശോധനാ ഹര്‍ജി തുറന്ന കോടതിയില്‍ കേള്‍ക്കണമെന്ന ആവശ്യം പ്രത്യേക അപേക്ഷയിലൂടെ സുപ്രീം കോടതിയില്‍ ഉന്നയിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാരിന് ലഭിച്ചിരിക്കുന്ന നിയമോപദേശം.

കേരളത്തേപ്പോലെ സുപ്രീം കോടതി വിധി പ്രതിസന്ധി സൃഷ്ടിക്കുന്ന മറ്റ് സംസ്ഥാനങ്ങളും ഉണ്ട്. അവരുടെ നിലപാട് കൂടി അറിഞ്ഞ ശേഷം അന്തിമ തീരുമാനം എടുക്കുന്നതാകും ഉചിതമെന്നാണ് സര്‍ക്കാര്‍ തലത്തിലുള്ള വിലയിരുത്തല്‍. അതിനാലാണ് മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവരുമായി വിശദമായ ചര്‍ച്ച നടത്തിയ ശേഷം അന്തിമ തീരുമാനം എടുത്താല്‍ മതിയെന്ന് ധാരണയായത്.

ഡല്‍ഹിയിലുള്ള അഡ്വക്കേറ്റ് ജനറല്‍ നാളെ പുലര്‍ച്ചെ കൊച്ചിയിലെത്തും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ അദ്ദേഹം വിഷയത്തെ സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ചര്‍ച്ചനടത്തും. അല്‍പ്പം താമസിച്ചാലും സംസ്ഥാനത്തിന്റെ ഉത്തമ താത്പര്യം പരിഗണിച്ച് എല്ലാ വശങ്ങളും പരിഗണിച്ച് തീരുമാനം എടുത്താല്‍ മതിയെന്നാണ് സര്‍ക്കാര്‍ തലത്തില്‍ ഉണ്ടായിരിക്കുന്ന ധാരണ.