ഇസ്രായേലിനെതിരായ മിസൈല്‍ ആക്രമണം കടുപ്പിച്ച് ഇറാന്‍

Update: 2026-03-25 04:13 GMT

തെല്‍ അവീവ്: ബുധനാഴ്ച പുലര്‍ച്ചെ ആക്രമണങ്ങളുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടായിരുന്നുവെങ്കിലും വീണ്ടും ഇസ്രായേലിന് എതിരായ ആക്രമണം കടുപ്പിച്ച ഇറാന്‍. കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി ഇസ്രായേലിന്റെ ആകാശത്ത് ഇറാന്റെ മിസൈലുകളും ഇസ്രായേലിന്റെ മിസൈല്‍ പ്രതിരോധവും ദൃശ്യമായതായി അല്‍ ജസീറ റിപോര്‍ട്ട് ചെയ്തു.

ടെല്‍ അവീവ് ഉള്‍പ്പെടെ മധ്യ ഇസ്രായേലിലെ വിവിധ പ്രദേശങ്ങളെ ലക്ഷ്യമാക്കി ഇറാന്‍ മിസൈല്‍ അയച്ചു. ഇസ്രായേലിന്റെ പ്രതിരോധ സംവിധാനങ്ങളെ തകര്‍ത്ത് മിസൈലുകള്‍ ലക്ഷ്യത്തിലെത്തിയെന്ന് ഇറാന്‍ അവകാശപ്പെടുന്നു. ഇസ്രായേലില്‍ മിസൈല്‍ ആക്രമണത്തില്‍ നാശനഷ്ടമുണ്ടായതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. തെല്‍ അവീവിനെ ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങള്‍ തുടരുമെന്ന് ഇറാന്‍ അറിയിച്ചു.

വിവിധ പ്രദേശങ്ങളിലായുള്ള ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റു. തെല്‍ അവീവ്, ഏലിയാത്ത്, വടക്കന്‍ ഇസ്രായേല്‍ മേഖലകളിലാണ് ആക്രമണം. ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം തുടരുന്നതായി ഇസ്രായേല്‍ തന്നെ അറിയിക്കുന്നുണ്ട്. അതേസമയം രാജ്യത്ത് യുദ്ധം തുടങ്ങിയ ശേഷം പരിക്കേറ്റവരുടെ എണ്ണം 4800 കവിഞ്ഞു.

ചൊവ്വാഴ്ച വൈകുന്നേരം ഇസ്രായേലിന്റെ മധ്യമേഖലയിലുണ്ടായ ഇറാന്‍ ആക്രമണത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റതായി ഇസ്രായേലി അടിയന്തര വിഭാഗം അറിയിച്ചു. തെല്‍ അവീവിനടുത്തുള്ള ബെനി ബ്രാക് നഗരത്തില്‍ പരിക്കേറ്റ ഒമ്പത് പേര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കിയതായും അവരെ പ്രദേശത്തെ ആശുപത്രികളിലേക്ക് മാറ്റിയതായും മാഗന്‍ ഡേവിഡ് അഡോം എന്ന അടിയന്തര സേവന വിഭാഗം വ്യക്തമാക്കി.

ബെനി ബ്രാക്കിലെ കെട്ടിടങ്ങള്‍ക്ക് വന്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പിടിവിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. ഒരു കെട്ടിടത്തിന്റെ ബാല്‍ക്കണി തകര്‍ന്ന് കാറിന് മുകളില്‍ വീണതായും, മറ്റൊരു കെട്ടിടത്തിന്റെ മുകളിലത്തെ നില തകര്‍ന്ന് താഴത്തെ നിലയിലേക്ക് പതിച്ചതായും മാഗന്‍ ഡേവിഡ് അഡോം പുറത്തുവിട്ട ചിത്രങ്ങള്‍ കാണിക്കുന്നു. ചൊവ്വാഴ്ച അര്‍ദ്ധരാത്രി മുതല്‍ ഇറാനില്‍ നിന്നുള്ള മിസൈല്‍ ആക്രമണ സാധ്യതയെക്കുറിച്ച് ഇസ്രായേല്‍ സൈന്യം 12 തവണയാണ് മുന്നറിയിപ്പ് നല്‍കിയത്.

അതേസമയം ലെബനനില്‍ നിന്നുള്ള ഹിസ്ബുല്ല ആക്രമണങ്ങളെത്തുടര്‍ന്ന് വടക്കന്‍ ഇസ്രായേലില്‍ മണിക്കൂറുകളോളമാണ് ഡ്രോണ്‍, റോക്കറ്റ് മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങിയത്. ഇതിനിടെ ഇറാനിലും വ്യാപക വ്യോമാക്രമണമാണ് ഇസ്രായേലും നടത്തുന്നത്. ഭരണസിരാ കേന്ദ്രങ്ങളിലും സിവിലിയന്‍ കേന്ദ്രങ്ങളിലുമാണ് ഇസ്രായേലിന്റെ ആക്രമണം. തെഹ്‌റാനിലെ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. ഇറാനില്‍ മരണം 1500 കടന്നു. 18551 പേര്‍ക്ക് പരിക്കേറ്റു.

Tags: