മുസ്‌ലിം യുവാക്കളെ കസ്റ്റഡിയിൽ പീഡിപ്പിച്ചതിനെതിരേ പ്രതികരിക്കുന്നത് മതസ്പർദ്ധ വളർത്തലല്ലെന്ന് ഹൈക്കോടതി

ഹൈക്കോടതിയുടെ ഈ നിരീക്ഷണം എസ്ഡിപിഐ പാലക്കാട് ജില്ലാ പ്രസിഡന്റ് അമീര്‍ അലിയുടെ ജാമ്യത്തെ എതിർത്ത സർക്കാരിനും പോലിസിനും കനത്ത തിരിച്ചടിയാണ്.

Update: 2020-10-02 14:53 GMT

കൊച്ചി: മുസ്‌ലിം യുവാക്കളെ കസ്റ്റഡിയിൽ പീഡിപ്പിച്ചതിനെതിരേ പ്രതികരിക്കുന്നത് മതസ്പർദ്ധ വളർത്തലല്ലെന്ന് കേരള ഹൈക്കോടതി. പോലിസിന്റെ മൂന്നാം മുറയ്ക്കും അതിക്രമത്തിനുമെതിരേ ജനാധിപത്യപരമായ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിന്റെ പേരില്‍ കള്ളക്കേസ് ചുമത്തി ജയിലിലടച്ച എസ്ഡിപിഐ പാലക്കാട് ജില്ലാ പ്രസിഡന്റ് അമീര്‍ അലിയുടെ ജാമ്യാപേക്ഷയിൻമേലുള്ള വിധിയിലാണ് കോടതിയുടെ ശ്രദ്ധേയമായ നിരീക്ഷണം.

മുസ്‌ലിം യുവാക്കളെ കസ്റ്റഡി പീഡനത്തിനിരയാക്കിയ പോലിസ് സബ് ഇൻസ്‌പെക്ടർക്കെതിരേ പ്രതികരിക്കുന്നത് മതസ്പർദ്ധ വളർത്താലോ, മത വിശ്വാസികൾക്കിടയിൽ ശത്രുത വളർത്താലോ അല്ലെന്നാണ് കേരള ഹൈക്കോടതി നിരീക്ഷിച്ചത്. സബ് ഇൻസ്പെക്റ്ററുടെ ഓഫീസ് ദുരുപയോഗം ചെയ്ത് മുസ്‌ലിം യുവാക്കളെ കസ്റ്റഡിയിൽ പീഡിപ്പിച്ച പാലക്കാട് ടൗൺ നോർത്ത് പോലിസ് സ്റ്റേഷൻ എസ്ഐയുടെ പ്രവൃത്തിക്കെതിരേ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടതിനായിരുന്നു അമീർ അലിക്കെതിരേ കേസെടുത്തിരുന്നത്.

മുസ്‌ലിം യുവാക്കൾക്കെതിരെയുള്ള സബ് ഇൻസ്‌പെക്ടറുടെ പീഡനം ഉയർത്തിക്കാണിക്കുക മാത്രമാണ് പ്രതി ചെയ്തതെന്നും അത് മതസ്പർദ്ധയുടെ പരിധിയിൽ വരില്ലെന്നും, എസ്‌ഐ ഹിന്ദുവാണ് എന്നതിന്റെ പേരിൽ മതസപർദ്ധ നിലനിൽക്കില്ല. പ്രധാന ആരോപണം രണ്ട് മുസ്‌ലിം യുവാക്കളെ എസ്‌ഐ പീഡിപ്പിച്ചുവെന്നാണ്. പീഡനത്തിന് ഇരയായവരെ മുസ്‌ലിം യുവാക്കൾ എന്ന് സ്വയം വിശേഷിപ്പിച്ചിരിക്കാം. അപ്പോൾ ഇന്ത്യൻ ശിക്ഷാ നിയമം 505 (2) പ്രകാരം കേസെടുക്കാൻ കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

മറ്റൊരു സമുദായത്തെയോ ഗ്രൂപ്പിനെയോ പരാമർശിക്കാതെ ഒരു സമുദായത്തിന്റെയോ ഗ്രൂപ്പിന്റെയോ വികാരം ഉളവാക്കുന്നത് ഇന്ത്യൻ ശിക്ഷാ നിയമം 153 എ യുടെ രണ്ട് വ്യവസ്ഥകളിലൊന്നിലും ഉൾപ്പെടുത്താനാവില്ലെന്ന് സുപ്രിംകോടതി നേരത്തെ ബിലാൽ അഹമ്മദ് കലൂ/ സ്റ്റേറ്റ് ഓഫ് എപി (1997) കേസിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാണിച്ചു.

ഹൈക്കോടതിയുടെ ഈ നിരീക്ഷണം പോലിസിനും ജാമ്യത്തെ എതിർത്ത സർക്കാരിനും കനത്ത തിരിച്ചടിയാണ്. പതിനഞ്ചോളം കേസുകളാണ് അമീറലിക്കെതിരേ പോലിസ് ചുമത്തിയിരുന്നത്. ഹിന്ദു സമുദായത്തിൽപ്പെട്ട എസ്‌ഐയ്‌ക്കെതിരേ ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ടെന്നും അതിനാൽ രണ്ട് സമുദായങ്ങൾക്കിടയിൽ ശത്രുതയും വിദ്വേഷവും സൃഷ്ടിക്കാൻ അമീറലി ശ്രമിച്ചെന്നായിരുന്നു പബ്ലിക് പ്രോസിക്യൂട്ടർ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് കോടതിയിൽ വാദിച്ചത്.