എന്‍ആര്‍സി: ഹിന്ദുക്കളാരും രാജ്യം വിടേണ്ടിവരില്ലെന്ന് മോഹന്‍ ഭഗവത്

പൗരത്വ രജിസ്റ്ററിന്റെ പേരില്‍ ഒരു ഹിന്ദുവും രാജ്യം വിടേണ്ടി വരില്ല. അസമില്‍ പൗരത്വ രജിസ്റ്ററില്‍ പേരില്ലാത്ത ഹിന്ദുക്കള്‍ ആശങ്കപ്പെടേണ്ടതില്ല.ആര്‍എസ്എസ് അവരോടൊപ്പമുണ്ട്. രാജ്യത്ത് ഒരിടത്തും ഹിന്ദുക്കള്‍ പൗരത്വ രജിസ്റ്ററിന്റെ പേരില്‍ വിഷമിക്കേണ്ടിവരില്ലെന്നും ഭഗവത് പറഞ്ഞു.

Update: 2019-09-23 08:18 GMT

കൊല്‍ക്കത്ത: ദേശീയ പൗരത്വ രജിസ്റ്ററിന്റെ (എന്‍ആര്‍സി) പേരില്‍ ഒരു ഹിന്ദുവിനും രാജ്യം വിട്ടുപോവേണ്ടി വരില്ലെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്. പൗരത്വ രജിസ്റ്ററില്‍ പേരുണ്ടോയെന്നത് ഹിന്ദുക്കളുടെ കാര്യത്തില്‍ വിഷയമല്ലെന്ന് മോഹന്‍ ഭഗവതിനെ ഉദ്ധരിച്ച് ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു. കൊല്‍ക്കത്തയില്‍ സംഘപരിവാര്‍ സംഘടനകളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൗരത്വ രജിസ്റ്ററിന്റെ പേരില്‍ ഒരു ഹിന്ദുവും രാജ്യം വിടേണ്ടി വരില്ല. അസമില്‍ പൗരത്വ രജിസ്റ്ററില്‍ പേരില്ലാത്ത ഹിന്ദുക്കള്‍ ആശങ്കപ്പെടേണ്ടതില്ല.ആര്‍എസ്എസ് അവരോടൊപ്പമുണ്ട്. രാജ്യത്ത് ഒരിടത്തും ഹിന്ദുക്കള്‍ പൗരത്വ രജിസ്റ്ററിന്റെ പേരില്‍ വിഷമിക്കേണ്ടിവരില്ലെന്നും ഭഗവത് പറഞ്ഞു.

പൗരത്വ രജിസ്റ്ററില്‍ പേരില്ലാത്ത ഹിന്ദുക്കളുടെ കാര്യം യോഗത്തില്‍ പങ്കെടുത്ത നേതാക്കള്‍ ഉന്നയിച്ചപ്പോഴാണ് മോഹന്‍ ഭഗവത് ഈ ഉറപ്പു നല്‍കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 37 സംഘടനകളാണ് യോഗത്തില്‍ പങ്കെടുത്തത്. ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ സമാനമായ ഉറപ്പു നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് യോഗത്തില്‍ പങ്കെടുത്ത ബിജെപി നേതാവിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്ത മാസം ആദ്യം അമിത് ഷാ കൊല്‍ക്കത്തയില്‍ എത്തുന്നുണ്ട്.

അസമിനു പിന്നാലെ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കണമെന്ന് വിവിധ സംസ്ഥാനങ്ങളില്‍നിന്ന് ആവശ്യം ഉയരുന്ന പശ്ചാത്തലത്തിലാണ് ആര്‍എസ്എസ് നേതാവിന്റെ പ്രസ്താവന. ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളും പൗരത്വ രജിസ്റ്റര്‍ നടപ്പാക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചിട്ടുണ്ട്.

Tags:    

Similar News